മധുര പലഹാര പേരുകള്‍ ഉപേക്ഷിച്ച് ആന്‍ഡ്രോയ്ഡ്; ഇനി ആന്‍ഡ്രോയ്ഡ് 10

By Web TeamFirst Published Aug 22, 2019, 9:55 PM IST
Highlights

ആന്‍‍ഡ്രോയ്ഡ് പതിപ്പുകള്‍ക്ക് പേരിടുന്ന കഴിഞ്ഞ ഒമ്പത് തവണയും പാലിച്ചുപോന്ന നടപ്പ് രീതിയാണ് ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് 10 ന്‍റെ പ്രഖ്യാപനത്തിലൂടെ മറികടന്നത്. 

ന്യൂയോര്‍ക്ക്: ഗൂഗിളിന്‍റെ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ‍്രോയ്ഡിന്‍റെ ഏറ്റവും പുതിയ പതിപ്പ് ആന്‍ഡ്രോയ്ഡ് 10 എന്ന് അറിയപ്പെടും. ഔദ്യോഗികമായി ഗൂഗിള്‍ തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്ഫോണുകളില്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആന്‍ഡ്രോയ്ഡ്. അതിനാല്‍ ഒരോ ആന്‍ഡ്രോയ്ഡിന്‍റെ പ്രഖ്യാപനവും താല്‍പ്പര്യപൂര്‍വ്വമാണ് ടെക് ലോകം കാതോര്‍ക്കാറുള്ളത്.

ആന്‍‍ഡ്രോയ്ഡ് പതിപ്പുകള്‍ക്ക് പേരിടുന്ന കഴിഞ്ഞ ഒമ്പത് തവണയും പാലിച്ചുപോന്ന നടപ്പ് രീതിയാണ് ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് 10 ന്‍റെ പ്രഖ്യാപനത്തിലൂടെ മറികടന്നത്. അക്ഷരമാല ക്രമത്തിലാണ് ഇതുവരെ ആന്‍ഡ്രോയ്ഡിന് പേരിട്ടിരുന്നത്. ഒപ്പം ഏത് ആക്ഷരത്തിലാണ് അത് തുടങ്ങുന്നത് ആ പേരിലുള്ള മധുരപലഹരത്തിന്‍റെ പേര് കൊടുക്കും. അവസാനം ഇറങ്ങിയ ആന്‍ഡ്രോയ്ഡ് പതിപ്പ് ആന്‍‍ഡ്രോയ്ഡ് പൈ എന്നാണ് അറിയപ്പെട്ടത്. 

എന്നാല്‍ ഈ രീതി ഗൂഗിള്‍ ഉപേക്ഷിക്കുകയാണ്. അടുത്ത ആന്‍ഡ്രോയ്ഡ് പതിപ്പ് ആന്‍‍ഡ്രോയ്ഡ് 11 എന്നും തുടര്‍ന്നുള്ളത് ആന്‍ഡ്രോയ്ഡ് 12 എന്നും ഒക്കെയാവും അറിയപ്പെടുക. ലോകത്തിലെ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം എന്നതിനാല്‍ തന്നെ ഇതിന്‍റെ പേരും എല്ലാവര്‍ക്കും മനസിലാകുന്നതാകണമെന്നാണ് പേര് മാറ്റം സംബന്ധിച്ച് ആന്‍ഡ്രോയ്ഡ് ഔദ്യോഗികമായി ട്വീറ്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ ആന്‍ഡ്രോയ്ഡിന്‍റെ 10 പതിപ്പ് പരമ്പരഗത രീതിയിലാണെങ്കില്‍ ക്യൂ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പലഹാരത്തിന്‍റെ പേരിലാണ് വേണ്ടത്. എന്നാല്‍ ലോകത്തെമ്പാടും പരിചിതമായ ഒരു പേര് ലഭിക്കാത്തതാണ് ഇത്തരത്തില്‍ പേരിടല്‍ രീതി പുനപരിശോധിക്കാന്‍ ഗൂഗിളിനെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ തന്നെ ലോലിപോപ്പ്, മാര്‍ഷ്മെലോ എന്നീ പേരുകള്‍ ലോകത്തിലെ പല ഇടങ്ങളിലും പരിചിതമായിരുന്നില്ല എന്ന പരാതി ഉയര്‍ന്നിരുന്നു. 

click me!