
മാക് കമ്പ്യൂട്ടറുകളിലെ സുരക്ഷയും സ്വകാര്യതയും കൂടുതൽ ശക്തമാക്കാൻ നിർണായക മാറ്റങ്ങളുമായി ആപ്പിൾ. പ്രത്യേകിച്ച് നിർമിതബുദ്ധി അധിഷ്ഠിത ഏജന്റുകൾക്ക് ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകളിൽ ലഭിക്കുന്ന നിയന്ത്രണമില്ലാത്ത പ്രവേശനം പരിമിതപ്പെടുത്താനാണ് കമ്പനിയുടെ നീക്കം. പുതിയ മാക്ഒഎസ് 27.3 ബീറ്റാ പതിപ്പിലാണ് ഇതിനായുള്ള അധിക സ്വകാര്യതാ നിയന്ത്രണങ്ങൾ അവതരിപ്പിക്കുന്നത്.
ആപ്പുകൾക്ക് മാക്കിലെ ഫയലുകൾ, വിവരങ്ങൾ, മറ്റ് ആപ്ലിക്കേഷനുകൾ എന്നിവയിലേക്ക് ലഭിക്കുന്ന പ്രവേശനം സംബന്ധിച്ച് ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തത നൽകുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. ഒരു ആപ്പിന് എന്തെല്ലാം കാര്യങ്ങൾ നിയന്ത്രിക്കാൻ അനുമതി നൽകുന്നുവെന്ന് ഉപയോക്താക്കൾക്ക് കൃത്യമായി മനസിലാക്കാൻ കഴിയുമെന്നും ആപ്പിൾ വ്യക്തമാക്കുന്നു.
ഉപകരണ നിയന്ത്രണം, വിവരങ്ങളിലേക്കുള്ള പ്രവേശനം എന്നിവയുമായി ബന്ധപ്പെട്ട നിലവിലുള്ള അനുമതി സംവിധാനത്തിലാണ് പ്രധാന മാറ്റങ്ങൾ വരുന്നത്. നിലവിലുള്ള ക്രമീകരണങ്ങളെ 'സിസ്റ്റം ആൻഡ് ആപ്പ് പ്രൊട്ടക്ഷൻ ഓവർറൈഡ്', 'ആക്സസിബിലിറ്റി' എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഓപ്ഷനുകളായി ആപ്പിൾ വിഭജിക്കുന്നു. ഇതോടെ ഒരു ആപ്പ് ആവശ്യപ്പെടുന്ന അനുമതിയുടെ സ്വഭാവം ഉപയോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ തിരിച്ചറിയാനാകും.
അനുമതി നൽകുന്ന രീതിയിലും മാറ്റമുണ്ടാകും. എല്ലാ ആപ്പുകൾക്കും പൊതുവായി നിയന്ത്രണം നൽകുന്നതിന് പകരം, അനുമതി ആവശ്യപ്പെടുന്ന പ്രത്യേക ആപ്പിനെ പട്ടികയിൽ നിന്ന് തിരഞ്ഞെടുത്ത് പ്രവേശനം അനുവദിക്കാനാകും. മുഴുവൻ ഡിസ്കിലേക്കുമുള്ള പ്രവേശനം ആവശ്യപ്പെടുന്ന ആപ്പുകളുടെ കാര്യത്തിലും കൂടുതൽ നിയന്ത്രണം കൊണ്ടുവരും. ഒരു പ്രത്യേക പ്രവർത്തനത്തിന് ആവശ്യമായ ഫോൾഡറുകളിലേക്ക് മാത്രം പ്രവേശനം അനുവദിക്കാനാണ് ആപ്പിൾ പ്രോത്സാഹിപ്പിക്കുന്നത്. ഇതിലൂടെ മാക്കിലെ മുഴുവൻ വിവരങ്ങളിലേക്കും അനാവശ്യമായി പ്രവേശനം നൽകുന്നത് ഒഴിവാക്കാം.
ആപ്പുകൾക്ക് സ്ഥിരമായി പ്രവേശനം അനുവദിക്കുന്നതിന് പകരം, ഓരോ തവണയും അനുമതി ചോദിക്കാനുള്ള ഓപ്ഷനും പുതിയ അപ്ഡേറ്റിലുണ്ടാകും. ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം ഉറപ്പാക്കുന്നതാണ് ഈ സംവിധാനം. മറ്റൊരു ആപ്പിനെ നിയന്ത്രിക്കാൻ 'സിസ്റ്റം ആൻഡ് ആപ്പ് പ്രൊട്ടക്ഷൻ ഓവർറൈഡ്' ഉപയോഗിക്കുന്ന ആപ്പുകൾ പ്രവർത്തിക്കുമ്പോൾ മെനു ബാറിൽ പ്രത്യേക സുതാര്യതാ സൂചകവും ദൃശ്യമാകും. ഇതുവഴി പശ്ചാത്തലത്തിൽ ഏതെങ്കിലും ആപ്പ് മറ്റ് ആപ്ലിക്കേഷനുകളെ നിയന്ത്രിക്കുന്നുണ്ടോ എന്ന് ഉപയോക്താക്കൾക്ക് തിരിച്ചറിയാൻ കഴിയും. പൂർണമായ അനുമതി നൽകുന്നതിന് മുമ്പ് ഒരു ആപ്പിന് ഏതെല്ലാം വിവരങ്ങൾ കാണാനോ നിയന്ത്രിക്കാനോ കഴിയുമെന്ന് കൂടുതൽ വ്യക്തമായി അറിയിക്കാനും ആപ്പിൾ പദ്ധതിയിടുന്നുണ്ട്.
കമ്പ്യൂട്ടറുകളിലെ വിവിധ ജോലികൾ സ്വയം നിർവഹിക്കാൻ ശേഷിയുള്ള നിർമിതബുദ്ധി ഏജന്റുകളുടെ വളർച്ചയാണ് ആപ്പിളിന്റെ പുതിയ നീക്കത്തിന് പിന്നിലെ പ്രധാന കാരണം. ആപ്പുകൾ തുറക്കുക, ഫയലുകൾ പരിശോധിക്കുക, വിവരങ്ങൾ ശേഖരിക്കുക, വിവിധ ജോലികൾ സ്വയം പ്രവർത്തിക്കുന്ന രീതിയിലാക്കുക തുടങ്ങിയ കാര്യങ്ങൾ ഇപ്പോൾ ഇത്തരം ഏജന്റുകൾക്ക് സാധ്യമാണ്.
എന്നാൽ ഇത്തരം ഉപകരണങ്ങൾക്ക് വിശാലമായ അനുമതികൾ നൽകുന്നത് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നുപോകാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. മാക്കിലെ വ്യക്തിഗത ഫയലുകൾ, ഇമെയിലുകൾ, സന്ദേശങ്ങൾ, ബ്രൗസിങ് ചരിത്രം തുടങ്ങിയ സുപ്രധാന വിവരങ്ങൾ മുഴുവൻ ഡിസ്കിലേക്കുമുള്ള പ്രവേശനം ലഭിക്കുന്ന ആപ്പുകൾക്ക് പരിശോധിക്കാൻ കഴിഞ്ഞേക്കാം. കഴിഞ്ഞ മാസവും ആപ്പുകൾക്ക് മുഴുവൻ ഡിസ്കിലേക്കുമുള്ള പ്രവേശനം അനുവദിക്കുന്നതിലെ അപകടസാധ്യതകളെക്കുറിച്ച് ആപ്പിൾ മുന്നറിയിപ്പ് നൽകിയിരുന്നു. നിർമിതബുദ്ധി ഏജന്റുകൾ കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാനുള്ള നടപടികൾ അനിവാര്യമാണെന്നാണ് കമ്പനിയുടെ നിലപാട്.
പുതിയ സുരക്ഷാ ക്രമീകരണങ്ങൾ ആപ്പ് വികസിപ്പിക്കുന്നവർക്കും ചില മാറ്റങ്ങൾ ആവശ്യപ്പെടും. ഉപയോക്താക്കൾക്ക് മുഴുവൻ പ്രവേശനം നൽകാതെ തിരഞ്ഞെടുത്ത ഫോൾഡറുകളിലേക്കോ ആപ്ലിക്കേഷനുകളിലേക്കോ മാത്രം അനുമതി നൽകുമ്പോഴും ആപ്പുകൾ കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് വികസിപ്പിക്കുന്നവർ ഉറപ്പാക്കണം.
അതേസമയം, മാക്ഒഎസ് 27.3ന് മുമ്പ് ഉപയോക്താക്കൾ അനുവദിച്ചിട്ടുള്ള അനുമതികളിൽ നിലവിൽ മാറ്റമുണ്ടാകില്ല. നേരത്തെ അംഗീകരിച്ചിട്ടുള്ള ആപ്പുകളും തൽക്കാലം പഴയ രീതിയിൽ തന്നെ പ്രവർത്തിക്കും. പുതിയ അനുമതി അഭ്യർഥനകൾ അംഗീകരിക്കുന്ന സമയത്തായിരിക്കും ഉപയോക്താക്കൾക്ക് പ്രധാനമായും പുതിയ നിയന്ത്രണങ്ങൾ അനുഭവപ്പെടുക. ആപ്പ് വികസിപ്പിക്കുന്നവർക്ക് ആവശ്യമായി വരുന്ന പുതിയ സാങ്കേതിക അനുമതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് ആപ്പിൾ അറിയിച്ചിട്ടുണ്ട്.