കേന്ദ്രസർക്കാരിന്റെ നിർദേശത്തിന് പിന്നാലെ ഇന്ത്യയിൽ ഇൻസ്റ്റഗ്രാമിന്റെ ഉള്ളടക്ക ശുപാർശ സംവിധാനത്തിൽ മെറ്റ മാറ്റം വരുത്തി. ലൈംഗിക ചുവയുള്ളതും അക്രമസ്വഭാവമുള്ളതുമായ പോസ്റ്റുകൾ ഫീഡിൽ കുറയ്ക്കാൻ പുതിയ നിർമിതബുദ്ധി സംവിധാനങ്ങൾ കമ്പനി ഏർപ്പെടുത്തി.
ഇന്ത്യയിൽ ഇൻസ്റ്റഗ്രാമിന്റെ ഉള്ളടക്ക ശുപാർശ സംവിധാനത്തിൽ മാറ്റം വരുത്തി മാതൃകമ്പനിയായ മെറ്റ. ലൈംഗിക ചുവയുള്ളതും അക്രമസ്വഭാവമുള്ളതുമായ ഉള്ളടക്കങ്ങൾ ഉപയോക്താക്കൾക്ക് കുറച്ചുമാത്രം ശുപാർശ ചെയ്യുന്ന രീതിയിലാണ് പുതിയ മാറ്റം. കേന്ദ്രസർക്കാർ ഇടപെട്ട് മെറ്റയുടെ സാമൂഹ്യമാധ്യമങ്ങളിലെ ഉള്ളടക്ക ശുപാർശ സംവിധാനങ്ങൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഏകദേശം ഒരു മാസത്തിന് ശേഷമാണ് നടപടി.
പൊതുപരിപാടികളുമായും ക്രമസമാധാന സാഹചര്യങ്ങളുമായും ബന്ധപ്പെട്ട പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ എങ്ങനെ പ്രചരിപ്പിക്കപ്പെടുന്നു എന്നതിലായിരുന്നു സർക്കാരിന്റെ പ്രധാന ആശങ്ക. കൊക്രോച്ച് ജനത പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളും ഇൻസ്റ്റഗ്രാം റീലുകളിലൂടെയും മറ്റ് പോസ്റ്റുകളിലൂടെയും വ്യാപകമായി പ്രചരിച്ചിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യയിലെ ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കായി ഡിഫോൾട്ട് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയതായി തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ബ്ലോഗ് പോസ്റ്റിൽ മെറ്റ വ്യക്തമാക്കി. ഉപയോക്താക്കളുടെ പ്രതികരണങ്ങൾ പരിഗണിച്ചാണ് മാറ്റങ്ങളെന്നും കാണാൻ താൽപര്യമില്ലാത്ത ഉള്ളടക്കങ്ങൾ തിരിച്ചറിയാനുള്ള സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
കേന്ദ്രസർക്കാർ ആശങ്ക പ്രകടിപ്പിച്ചത് എന്തുകൊണ്ട്?
ഒക്ടോബർ 2നാണ് കൊക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ ആരംഭിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈയിൽ അനുയായികൾ തെരുവിലിറങ്ങി. വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധന (എസ്ഐആർ) വഴി തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടവകാശത്തെ ദുർബലപ്പെടുത്തുകയാണെന്നായിരുന്നു സംഘടനയുടെ ആരോപണം.
പിന്നീട് മറ്റ് നഗരങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചു. തെരുവിലെ സമരങ്ങൾക്കപ്പുറം സമൂഹമാധ്യമങ്ങളിലും വലിയ രീതിയിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകളും പ്രചാരണങ്ങളും നടന്നു. മീമുകൾ, വീഡിയോകൾ, റീലുകൾ എന്നിവയിലൂടെയും പ്രതിഷേധവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ പ്രചരിച്ചു. ഇതിനു പിന്നാലെ ഒക്ടോബർ 10ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് വിവരസാങ്കേതിക മന്ത്രാലയം (മെയിറ്റി) മെറ്റയ്ക്ക് നിർദേശം നൽകി. സിജെപിയുടെയോ പ്രത്യേക സംഭവങ്ങളുടെയോ പേര് പരാമർശിക്കാതെയായിരുന്നു ഉള്ളടക്കങ്ങളുടെ റാങ്കിങ്, ശുപാർശ സംവിധാനങ്ങൾ പുനഃപരിശോധിക്കാനുള്ള നിർദേശം.
പൊതുസംഭവങ്ങളുമായി ബന്ധപ്പെട്ട ചില ഉള്ളടക്കങ്ങൾ മെറ്റയുടെ പ്ലാറ്റ്ഫോമുകളിലെ ഫീഡുകളിലൂടെയും ശുപാർശ സംവിധാനങ്ങളിലൂടെയും ഉപയോക്താക്കൾക്ക് വലിയ പ്രാധാന്യത്തോടെ കാണിച്ചുകൊടുക്കുന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. മതിയായ പശ്ചാത്തല വിവരങ്ങളില്ലാതെ ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുകയോ അമിതമായി പ്രചരിപ്പിക്കപ്പെടുകയോ ചെയ്യുന്നത് പൊതുജനങ്ങളിൽ ആശയക്കുഴപ്പവും ആശങ്കയും സൃഷ്ടിക്കാമെന്നും പൊതുസമാധാനത്തെ ബാധിക്കാമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.
ഇൻസ്റ്റഗ്രാമിൽ എന്തൊക്കെയാണ് മാറിയത്?
ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുകയോ മറച്ചുവെക്കുകയോ ചെയ്യുന്നതുവരെ കാത്തിരിക്കാതെ, ശുപാർശാ മാർഗനിർദേശങ്ങൾ ലംഘിക്കുന്ന ഉള്ളടക്കങ്ങൾ മുൻകൂട്ടി കണ്ടെത്താൻ കൂടുതൽ ശേഷിയുള്ള നിർമിതബുദ്ധി മാതൃകകൾ ഉപയോഗിക്കുമെന്ന് മെറ്റ വ്യക്തമാക്കി. ഇന്ത്യയിലെ സാഹചര്യങ്ങൾക്കനുസരിച്ച് സംവിധാനങ്ങൾ പ്രത്യേകം ക്രമീകരിച്ചിട്ടുമുണ്ട്. ഇതിലൂടെ ലൈംഗിക ചുവയുള്ളതും അക്രമസ്വഭാവമുള്ളതുമായ ഉള്ളടക്കങ്ങൾ ശുപാർശകളിൽ ഉൾപ്പെടുന്നത് പരമാവധി കുറയ്ക്കാനാണ് ലക്ഷ്യം.
ഉപയോക്താക്കൾ പിന്തുടരാത്ത അക്കൗണ്ടുകളിൽ നിന്നുള്ള പോസ്റ്റുകൾക്കാണ് പ്രധാനമായും ഈ മാറ്റങ്ങൾ ബാധകമാകുക. എക്സ്പ്ലോർ, റീൽസ്, ഫീഡ് എന്നിവയിലൂടെ നിർദേശിക്കപ്പെടുന്ന ഉള്ളടക്കങ്ങളും ഇതിൽ ഉൾപ്പെടും. എന്നാൽ, ഇത്തരം ഉള്ളടക്കങ്ങൾ പൂർണമായും നിരോധിക്കുകയല്ല പുതിയ നടപടിയുടെ ലക്ഷ്യം. ഇൻസ്റ്റഗ്രാമിന്റെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ലംഘിക്കുന്ന പോസ്റ്റുകൾ നേരത്തേപോലെ നീക്കംചെയ്യും. പുതിയ മാറ്റം പ്രധാനമായും ഉപയോക്താക്കൾക്ക് ഏത് ഉള്ളടക്കം ശുപാർശ ചെയ്യണമെന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പരാതികൾ പകുതിയായി കുറഞ്ഞെന്ന് മെറ്റ
ഒരു വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച് ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ശുപാർശ ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങളെക്കുറിച്ചുള്ള പരാതികൾ ഏകദേശം പകുതിയായി കുറഞ്ഞെന്നാണ് മെറ്റയുടെ അവകാശവാദം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകൾ കമ്പനി പുറത്തുവിട്ടിട്ടില്ല. അതേസമയം, കേന്ദ്രസർക്കാരിന്റെ ഒക്ടോബർ 10ലെ നിർദേശമാണ് പുതിയ മാറ്റങ്ങൾക്ക് നേരിട്ടുള്ള കാരണമെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ഒരു വർഷമായി ഉപയോക്താക്കളുടെ പ്രതികരണങ്ങൾ പരിഗണിച്ച് നടപ്പാക്കിവരുന്ന സുരക്ഷാ നടപടികളുടെ ഭാഗമായാണ് മാറ്റങ്ങളെ കമ്പനി ബ്ലോഗ് പോസ്റ്റിൽ വിശദീകരിച്ചിരിക്കുന്നത്.














