കോഡിംഗ് ഇല്ലാതെ ഡെസ്ക്ടോപ്പ് ആപ്പുകളോ? പുതിയ എഐ ഫീച്ചർ

Published : Nov 25, 2026, 04:56 PM IST
Anthropic

Synopsis

കോഡിങ് പരിജ്ഞാനമില്ലാതെ തന്നെ മാക്, വിൻഡോസ് കമ്പ്യൂട്ടറുകൾക്കായി ഡെസ്ക്ടോപ്പ് ആപ്പുകൾ നിർമിക്കാൻ സഹായിക്കുന്ന പുതിയ ഫീച്ചർ ആന്ത്രോപിക് അവതരിപ്പിച്ചു. 'ഇൻസ്റ്റാൾ ആസ് ആപ്പ്' എന്ന ബീറ്റ ഫീച്ചറിലൂടെ ക്ലോഡ് ആർട്ടിഫാക്ട്സ് ഉപയോഗിച്ച് നിർമിക്കുന്ന ടൂളുകളെ ആപ്പുകളാക്കി മാറ്റാം.

കോഡിങ്ങോ സാങ്കേതിക പരിജ്ഞാനമോ ഇല്ലാതെ തന്നെ ഡെസ്ക്ടോപ്പ് ആപ്പുകൾ നിർമിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ ഫീച്ചറുമായി എഐ കമ്പനിയായ ആന്ത്രോപിക്. ക്ലോഡിൽ നിർമിക്കുന്ന കസ്റ്റം ടൂളുകളെ മാക്, വിൻഡോസ് കമ്പ്യൂട്ടറുകളിൽ പ്രവർത്തിക്കുന്ന ഡെസ്ക്ടോപ്പ് ആപ്പുകളാക്കി മാറ്റാൻ സഹായിക്കുന്ന 'ഇൻസ്റ്റാൾ ആസ് ആപ്പ്' എന്ന ബീറ്റ ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചത്. നവംബർ 24, 2026നാണ് പ്രഖ്യാപനം. പുതിയ നീക്കം പരമ്പരാഗത സോഫ്റ്റ്‌വെയർ വികസന രീതികൾക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.

നിർദേശങ്ങൾ നൽകിയാൽ ആപ്പുകൾ റെഡി

ക്ലോഡ് ആർട്ടിഫാക്ട്സ് ഉപയോഗിച്ച് നിർമിക്കുന്ന ചാർട്ടുകൾ, കാൽക്കുലേറ്ററുകൾ, ചെറിയ ടൂളുകൾ തുടങ്ങിയവ ഇതുവരെ ചാറ്റ് വിൻഡോയ്ക്കുള്ളിൽ മാത്രമായിരുന്നു പ്രവർത്തിച്ചിരുന്നത്. പുതിയ ഫീച്ചറിലൂടെ ഇവയെ സാധാരണ ഡെസ്ക്ടോപ്പ് സോഫ്റ്റ്‌വെയറുകളെപ്പോലെ ഉപയോഗിക്കാം. ഉപയോക്താക്കൾക്ക് ആവശ്യമായ ടൂൾ എന്താണെന്ന് ക്ലോഡ് ചാറ്റിൽ വിശദീകരിച്ചാൽ മതി. ആർട്ടിഫാക്ടായി തയ്യാറാക്കുന്ന ടൂൾ പരിശോധിച്ചശേഷം ക്ലോഡ് ഡെസ്ക്ടോപ്പിലെ ഷെയർ, ടൈറ്റിൽ അല്ലെങ്കിൽ റൈറ്റ് ക്ലിക്ക് മെനുവിൽനിന്ന് 'ഇൻസ്റ്റാൾ ആസ് ആപ്പ്' തിരഞ്ഞെടുക്കാം. തുടർന്ന് ക്ലോഡ് തന്നെ ആപ്പ് ഇൻസ്റ്റാൾ ചെയ്യും. കോഡിങ്, കോഡ് സൈനിങ്, എപിഐ കീകൾ, പ്രത്യേക ഡെവലപ്പർ അക്കൗണ്ടുകൾ എന്നിവയുടെ ആവശ്യമില്ല.

മാക്, വിൻഡോസ് ഉപയോക്താക്കൾക്ക് പ്രത്യേക സൗകര്യങ്ങൾ

ഇൻസ്റ്റാൾ ചെയ്യുന്ന ഓരോ ആപ്പിനും പ്രത്യേക ഐക്കണും വിൻഡോയും ഉണ്ടായിരിക്കും. മാക് കമ്പ്യൂട്ടറുകളിൽ ഹോം ആപ്ലിക്കേഷൻസ് ഫോൾഡറിലെ 'ക്ലോഡ് ആപ്പ്സ്' ഫോൾഡറിലാണ് ഇവ സൂക്ഷിക്കുക. ഡോക്കിൽ പിൻ ചെയ്യാനും സ്പോട്ട്ലൈറ്റ് വഴി കണ്ടെത്താനും സാധിക്കും. വിൻഡോസിൽ സ്റ്റാർട്ട് മെനുവിലോ ഡെസ്ക്ടോപ്പ് ഷോർട്ട്കട്ടായോ ആപ്പുകൾ ലഭിക്കും. നോട്ടിഫിക്കേഷനുകൾ അയയ്ക്കുക, കീബോർഡ് ഷോർട്ട്കട്ടുകൾ ഉപയോഗിക്കുക, മറ്റ് വിൻഡോകൾക്ക് മുകളിൽ നിലനിർത്തുക തുടങ്ങിയ സൗകര്യങ്ങളും പുതിയ ആപ്പുകൾക്കുണ്ടാകും.

അഞ്ച് ഡെമോ ആപ്പുകളുമായി ആന്ത്രോപിക്

പുതിയ ഫീച്ചറിന്റെ സാധ്യതകൾ വ്യക്തമാക്കാൻ അഞ്ച് ഡെമോ ആപ്പുകളും ആന്ത്രോപിക് അവതരിപ്പിച്ചിട്ടുണ്ട്. ലിന്നറ്റ് എന്ന ലെയേർഡ് ഇമേജ് എഡിറ്റർ, ഫോസ്ഫർ എന്ന ഫയൽ മാനേജർ, സിഫ്റ്റ് എന്ന ഫോൾഡർ ഓർഗനൈസർ, ക്ലോഡ് ഉൾപ്പെടുത്തിയ ടെർമിനലായ ടെൺ, കമ്പ്യൂട്ടറിന്റെ പ്രവർത്തനം നിരീക്ഷിക്കുന്ന വൈറ്റൽസ് എന്നിവയാണ് അവ.

എല്ലാ പ്ലാനുകളിലും ലഭ്യമാകും

ക്ലോഡിന്റെ ഫ്രീ, പ്രോ, മാക്സ്, അൾട്രാ, ടീം, എന്റർപ്രൈസ് പ്ലാനുകളിലേക്ക് ഘട്ടംഘട്ടമായി ഫീച്ചർ എത്തിക്കുമെന്നാണ് അറിയിപ്പ്. ക്ലോഡ് ഡെസ്ക്ടോപ്പ് പതിപ്പ് 6.28899.0 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പാണ് ആവശ്യം. നിലവിൽ ലിനക്സ്, മൊബൈൽ, വെബ് പതിപ്പുകളിൽ ഫീച്ചർ ലഭ്യമല്ല. ഡോക്സ്, സ്ലൈഡ്സ്, ഷീറ്റ്സ് തുടങ്ങിയ ടെംപ്ലേറ്റ് ആർട്ടിഫാക്ടുകൾക്കും പിന്തുണയില്ല.

ഇന്റർനെറ്റ് കണക്ഷൻ നിർബന്ധം; സുരക്ഷാ നിയന്ത്രണങ്ങളും

പുതിയ സംവിധാനത്തിന് ചില പരിമിതികളുമുണ്ട്. ഓരോ ആപ്പും അതിന്റെ യഥാർഥ ആർട്ടിഫാക്ടുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ മാറ്റങ്ങൾ വരുത്തുമ്പോൾ സ്വയം അപ്ഡേറ്റ് ചെയ്യും. എന്നാൽ ആപ്പുകൾ പ്രവർത്തിപ്പിക്കാൻ ഇന്റർനെറ്റ് കണക്ഷനും ക്ലോഡ് ഡെസ്ക്ടോപ്പിൽ സൈൻ ഇൻ ചെയ്തിരിക്കലും നിർബന്ധമാണ്. ആപ്പുകൾ നടത്തുന്ന എഐ അഭ്യർഥനകൾ ക്ലോഡ് പ്ലാനിലെ ഉപയോഗ പരിധിയിലും ഉൾപ്പെടും.

ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് ആന്ത്രോപിക് അവ പരിശോധിക്കുന്നില്ല. അതിനാൽ മൂന്ന് തലത്തിലുള്ള അനുമതി സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. അടിസ്ഥാന ബ്രൗസർ സൗകര്യങ്ങൾ മാത്രമുള്ള ഡിഫോൾട്ട് മോഡ്, നോട്ടിഫിക്കേഷൻ ഉൾപ്പെടെയുള്ള ഡെസ്ക്ടോപ്പ് സൗകര്യങ്ങൾ അനുവദിക്കുന്ന ആപ്പ് പെർമിഷൻസ്, ഫയലുകൾ എഡിറ്റ് ചെയ്യാനും നീക്കം ചെയ്യാനും പ്രോഗ്രാമുകൾ പ്രവർത്തിപ്പിക്കാനും കഴിയുന്ന ഫുൾ കമ്പ്യൂട്ടർ ആക്സസ് എന്നിവയാണവ. ഓരോ അപ്ഡേറ്റിനുശേഷവും അനുമതികൾ വീണ്ടും നൽകേണ്ടിവരും. എന്റർപ്രൈസ് പ്ലാനുകളിൽ അഡ്മിൻ അനുമതി നൽകിയാൽ മാത്രമേ ഈ ഫീച്ചർ പ്രവർത്തിക്കൂ.

സോഷ്യൽ മീഡിയയിൽ വൻ ചർച്ച

പുതിയ പ്രഖ്യാപനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയാണ് നടക്കുന്നത്. എക്സിൽ ആപ്പിളിന്റെ ആപ്പ് പരിശോധനാ വിഭാഗത്തിന് ഈ മാറ്റം അത്ര സന്തോഷകരമാകില്ലെന്ന് ഒരാൾ പരിഹസിച്ചു. ലോകത്തെ മുഴുവൻ ആധിപത്യത്തിലാക്കുന്നതിന് ആന്ത്രോപിക് ഒരു ചുവടുമാത്രം അകലെയാണെന്നായിരുന്നു മറ്റൊരു പ്രതികരണം.

റെഡിറ്റിലെ ക്ലോഡ് ഉപയോക്താക്കളും പുതിയ ഫീച്ചറിനെ സ്വാഗതം ചെയ്തു. എക്സ്കോഡ്, ഡെവലപ്പർ അക്കൗണ്ട്, കോഡിങ് പരിജ്ഞാനം എന്നിവയില്ലാതെ ആപ്പുകൾ നിർമിക്കാമെന്നതാണ് പലരും എടുത്തുപറഞ്ഞത്. എന്നാൽ പ്രവർത്തിക്കുന്ന ആപ്പ് നിർമിക്കുന്നതും പിഴവുകളില്ലാത്ത സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നതും രണ്ടാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇന്റർനെറ്റ് കണക്ഷൻ നിർബന്ധമായതിനാൽ പരമ്പരാഗത ഓഫ്‌ലൈൻ സോഫ്റ്റ്‌വെയറുകൾക്ക് പൂർണമായ പകരക്കാരനാകാൻ ക്ലോഡിന്റെ പുതിയ സംവിധാനത്തിന് നിലവിൽ കഴിയില്ലെന്നും വിലയിരുത്തലുകളുണ്ട്.

PREV
Read more Articles on
click me!

Recommended Stories

നത്തിങ്ങിന്‍റെ പുതിയ എഐ ഇയർബഡുകൾ: ഒളിപ്പിച്ചിരിക്കുന്നതെന്ത്?
'ഒരുകോടി രൂപ ആസ്‍തിയുണ്ടായിട്ടും ജീവിതം ബുദ്ധിമുട്ടിൽ'; ബെംഗളൂരുവിലെ ജീവിതച്ചെലവിനെക്കുറിച്ച് ഷെയർചാറ്റ് ജീവനക്കാരന്റെ തുറന്നുപറച്ചിൽ