അമേരിക്കയിലെ ജീവിതം മടുത്തു; എച്ച്-1ബി വി ഇന്ത്യൻ എൻജിനീയർ യുകെയിലേക്ക്, ജോലി ലഭിക്കാതെയും രാജ്യം വിടാൻ തീരുമാനം

Published : Nov 25, 2026, 04:47 PM IST
bengaluru techie hit rs 1 crore net worth at 26 rs 5 crore at 29 and rs 7 crore at 31

Synopsis

ഗൂഗിളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ സോഫ്റ്റ്‌വെയർ എൻജിനീയർ യഷ് ശർമ, അമേരിക്കയിലെ കുടിയേറ്റ നിയമങ്ങളിലെ അനിശ്ചിതത്വം കാരണം യുകെയിലേക്ക് മാറുന്നു. ഗ്രീൻ കാർഡ് ലഭിക്കാനുള്ള കാലതാമസവും എച്ച്-1ബി വിസയിലെ ആശങ്കകളും അദ്ദേഹത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചു. ട്രംപ് ഭരണകൂടത്തിന്റെ വിസ നയങ്ങൾ ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്ക് വലിയ വെല്ലുവിളിയാകുന്നു.

ഗൂഗിളിലെ ജോലി, സാൻഫ്രാൻസിസ്കോയിലെ ജീവിതം, ലോകത്തെ പ്രമുഖ സാങ്കേതിക മേഖലയിലെ കരിയർ. അമേരിക്കയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന നിരവധി ഇന്ത്യൻ ഐടി പ്രൊഫഷണലുകളുടെ സ്വപ്നജീവിതം തന്നെയായിരുന്നു 36കാരനായ യഷ് ശർമയുടേത്. എന്നാൽ ആറ് വർഷമായി എച്ച്-1ബി വിസയിൽ അമേരിക്കയിൽ കഴിയുന്ന ഇന്ത്യൻ സോഫ്റ്റ്‌വെയർ എൻജിനീയർ ഇപ്പോൾ രാജ്യം വിടാനൊരുങ്ങുകയാണ്. കുടിയേറ്റ നിയമങ്ങളിലെ അനിശ്ചിതത്വമാണ് തീരുമാനത്തിന് പിന്നിൽ. അടുത്ത മാസം യുകെയിലേക്ക് മാറാനാണ് യഷിന്റെ തീരുമാനം. ട്രംപ് ഭരണകൂടം വിദേശ തൊഴിലാളികൾക്കുള്ള വിസാ നിയമങ്ങളിൽ തുടർച്ചയായി മാറ്റങ്ങൾ വരുത്തുന്നതും സ്ഥിരതാമസത്തിനുള്ള സാധ്യതകൾ കുറയുന്നതുമാണ് ആശങ്കയ്ക്ക് കാരണം. ബ്ലൂംബെർഗാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

'സുവർണ തടവറ'യായി അമേരിക്കൻ ജീവിതം

അമേരിക്കയിൽ ജോലി ലഭിക്കുന്നതോ ജീവിതച്ചെലവുകൾ കൈകാര്യം ചെയ്യുന്നതോ അല്ല യഷിന്റെ പ്രധാന പ്രശ്നം. രാജ്യത്ത് തുടരാനുള്ള അനുമതി എപ്പോൾ വേണമെങ്കിലും അനിശ്ചിതത്വത്തിലാകാമെന്നതാണ് ആശങ്ക. ഇന്ത്യക്കാർക്ക് ഗ്രീൻ കാർഡ് ലഭിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടിവരുന്നതും തിരിച്ചടിയാണ്. വിസാ സംബന്ധമായ ആശങ്കകൾ ജോലിയിലെ ശ്രദ്ധയെപ്പോലും ബാധിക്കുന്നുണ്ടെന്ന് യഷ് പറയുന്നു. അസാധാരണ കഴിവുള്ളവർക്കുള്ള പ്രത്യേക വിസയ്ക്കും ശ്രമിച്ചെങ്കിലും മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അപേക്ഷ നിരസിക്കപ്പെട്ടു. കഴിഞ്ഞ 18 മാസമായി അന്താരാഷ്ട്ര യാത്രകളും ഒഴിവാക്കി. അമേരിക്ക വിട്ടുപോയാൽ തിരിച്ചെത്തുന്നതിൽ പ്രശ്നങ്ങളുണ്ടാകുമെന്ന ഭയമാണ് കാരണം. അമേരിക്കൻ ജീവിതത്തെ 'സുവർണ തടവറ' എന്നാണ് യഷ് വിശേഷിപ്പിച്ചത്.

ജോലിയില്ലെങ്കിലും യുകെയിലേക്ക്

യുകെയുടെ ഗ്ലോബൽ ടാലന്റ് വിസയാണ് യഷിന് പുതിയ പ്രതീക്ഷ നൽകുന്നത്. ജോലി വാഗ്ദാനം ലഭിക്കാതെ തന്നെ യുകെയിലേക്ക് താമസം മാറാൻ ഈ വിസ അനുവദിക്കും. അടുത്ത മാസം യുകെയിലേക്ക് പോകാനാണ് തീരുമാനം. എന്നാൽ അവിടെ ഇതുവരെ ജോലി കണ്ടെത്തിയിട്ടില്ല. അമേരിക്കയിലെ പഴയ കുടിയേറ്റ നിയമങ്ങൾ തിരിച്ചുവന്നാലും മടങ്ങിവരാൻ താൽപ്പര്യമില്ലെന്നാണ് യഷിന്റെ നിലപാട്.

ട്രംപിന്റെ വിസ നയങ്ങൾ ഇന്ത്യൻ ഐടി മേഖലയ്ക്കും തിരിച്ചടി

വിദേശ തൊഴിലാളികൾക്കുള്ള നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി മൈക്രോസോഫ്റ്റ്, അഡോബി, ഇൻഫോസിസ്, ടി.സി.എസ്, കോഗ്നിസന്റ്, വിപ്രോ, എച്ച്.സി.എൽ, ക്യാപ്ജെമിനി തുടങ്ങിയ കമ്പനികളെയും അമേരിക്കൻ സർക്കാർ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പദ്ധതിയിൽനിന്ന് സസ്‌പെൻഡ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ തൊഴിലാളികൾക്ക് പകരം വിദേശികളെ നിയമിക്കാൻ മൈക്രോസോഫ്റ്റ് ഈ സംവിധാനം ഉപയോഗിക്കുന്നുവെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ആരോപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷം സമർപ്പിച്ച ഏകദേശം 6,000 എച്ച്-1ബി അപേക്ഷകളിൽ 80 ശതമാനവും നിലവിലുള്ള ജീവനക്കാരുടെ വിസ പുതുക്കുന്നതിനോ മാറ്റുന്നതിനോ വേണ്ടിയുള്ളതാണെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. അതേസമയം, ഐബിഎം തങ്ങളുടെ കൺസൾട്ടിങ് വിഭാഗത്തിലെ ഭൂരിഭാഗം തസ്തികകൾക്കും അമേരിക്കൻ വിസ, ഗ്രീൻ കാർഡ് സ്പോൺസർഷിപ്പ് നിർത്തുമെന്ന് പ്രഖ്യാപിച്ചതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഏറ്റവും കൂടുതൽ തിരിച്ചടി ഇന്ത്യക്കാർക്ക്

അമേരിക്ക അനുവദിക്കുന്ന എച്ച്-1ബി വിസകളിൽ ഏകദേശം നാലിൽ മൂന്ന് ഭാഗവും ഇന്ത്യക്കാർക്കാണ് ലഭിക്കുന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ രാജ്യാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ കാരണം തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡ് ലഭിക്കാൻ ഇന്ത്യൻ അപേക്ഷകർക്ക് ദീർഘകാലം കാത്തിരിക്കേണ്ടിവരുന്നു. അമേരിക്കയിലെ മികച്ച തൊഴിൽസാധ്യതകൾക്കിടയിലും കുടിയേറ്റ നിയമങ്ങളിലെ അനിശ്ചിതത്വം ഇന്ത്യൻ പ്രൊഫഷണലുകളെ മറ്റുരാജ്യങ്ങളിലേക്ക് മാറാൻ പ്രേരിപ്പിക്കുന്നതിന്റെ ഉദാഹരണമാണ് യഷ് ശർമയുടെ തീരുമാനം.

PREV
Read more Articles on
click me!

Recommended Stories

നത്തിങ്ങിന്‍റെ പുതിയ എഐ ഇയർബഡുകൾ: ഒളിപ്പിച്ചിരിക്കുന്നതെന്ത്?
'ഒരുകോടി രൂപ ആസ്‍തിയുണ്ടായിട്ടും ജീവിതം ബുദ്ധിമുട്ടിൽ'; ബെംഗളൂരുവിലെ ജീവിതച്ചെലവിനെക്കുറിച്ച് ഷെയർചാറ്റ് ജീവനക്കാരന്റെ തുറന്നുപറച്ചിൽ