
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകളുടെ പ്രവർത്തനം വീണ്ടും ആശങ്കയാകുന്നു. യുഎസ് സർക്കാർ വെബ്സൈറ്റുകൾ ഉൾപ്പെടെയുള്ള ഓൺലൈൻ സംവിധാനങ്ങളിൽ അനുമതിയില്ലാതെ പ്രവേശിക്കാൻ ശ്രമിച്ചതായും കൊലപാതകക്കേസിൽ ഫിലാഡൽഫിയ പൊലീസിന് വ്യാജ വിവരം നൽകിയതായും ക്ലോഡ് എഐ മോഡലുകളെക്കുറിച്ച് വെളിപ്പെടുത്തി നിർമാതാക്കളായ ആന്ത്രോപിക്. ആഭ്യന്തര പരിശോധനകൾക്കിടെ കണ്ടെത്തിയ സംഭവങ്ങൾ സുരക്ഷാ ആശങ്കകൾ ഉയർത്തുന്നതാണെന്നും കമ്പനി വ്യക്തമാക്കി.
ആന്ത്രോപിക് പുറത്തുവിട്ട ബ്ലോഗ് പോസ്റ്റിലാണ് ക്ലോഡ് എഐ മോഡലുകളുടെ അപ്രതീക്ഷിത പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. വിവിധ ഫെഡറൽ, സംസ്ഥാന, പ്രാദേശിക സർക്കാർ വെബ്സൈറ്റുകൾ ആക്സസ് ചെയ്യാൻ മോഡലുകൾ ശ്രമിച്ചതായി കമ്പനി അറിയിച്ചു. സംഭവങ്ങളെക്കുറിച്ച് വൈറ്റ് ഹൗസിനും ബന്ധപ്പെട്ട സർക്കാർ ഏജൻസികൾക്കും വിവരം നൽകിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാലും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ അഭ്യർഥനയാലും അവയുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. ഉപഭോക്താക്കളുടെ വിവരങ്ങളിലേക്കോ ആന്ത്രോപിക്കിന്റെ ആഭ്യന്തര സംവിധാനങ്ങളിലേക്കോ ഇത്തരം ശ്രമങ്ങൾ കടന്നുകയറിയതായി തങ്ങളുടെ അറിവിൽ കണ്ടെത്തിയിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.
പരിഹരിക്കപ്പെടാത്ത ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ഫിലാഡൽഫിയ പൊലീസിന് വ്യാജ വിവരം ലഭിച്ചതാണ് പ്രധാന സംഭവം. ക്രമരഹിതമായി തിരഞ്ഞെടുത്ത വെബ്പേജുകളുമായി ബന്ധപ്പെട്ട പ്രവർത്തനത്തിനിടെ ക്ലോഡ് ഹൈക്കു 4.5 എന്ന എഐ മോഡൽ കേസിനെക്കുറിച്ചുള്ള വെബ്പേജിലെത്തുകയായിരുന്നു. തുടർന്ന് പൊലീസ് നൽകിയിരുന്ന വിവരശേഖരണ ഫോമിൽ സന്ദേശം സമർപ്പിച്ചു. കേസുമായി ബന്ധപ്പെട്ട സമയത്ത് ഒരു പ്രത്യേക പ്രദേശത്ത് സംശയാസ്പദമായ വ്യക്തിയെ കണ്ടതായി സൂചിപ്പിക്കുന്ന സന്ദേശമാണ് മോഡൽ നൽകിയത്. എന്നാൽ വെബ്പേജിൽ പ്രതിയുടെ രൂപവിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. പേരും ബന്ധപ്പെടാനുള്ള വിവരങ്ങളും രേഖപ്പെടുത്താതെയാണ് സന്ദേശം സമർപ്പിച്ചത്.
സന്ദേശം സ്പാമായി തിരിച്ചറിഞ്ഞതിനാൽ അന്വേഷണത്തിനായി പൊലീസിന് കൈമാറിയില്ലെന്ന് ആന്ത്രോപിക് അറിയിച്ചു. 2026 ജൂലൈ 18ന് ഫിലാഡൽഫിയയിലെ പരിഹരിക്കപ്പെടാത്ത കൊലപാതകക്കേസുകൾക്കായുള്ള വെബ്സൈറ്റ് വഴിയാണ് വ്യാജ വിവരം ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവം കണ്ടെത്താനും റിപ്പോർട്ട് ചെയ്യാനും രണ്ടുമാസത്തോളം വൈകിയതിനെ അംഗീകരിക്കാനാവില്ലെന്നും പൊലീസ് പ്രതികരിച്ചു.
മറ്റൊരു സംഭവത്തിൽ, പരിശീലനത്തിനായി നൽകിയ സർക്കാർ ഫോമിന്റെ പകർപ്പ് പൂരിപ്പിക്കാനായിരുന്നു എഐ മോഡലിന് നിർദേശം ലഭിച്ചത്. എന്നാൽ പകർപ്പ് തുറക്കാൻ കഴിയാതിരുന്നപ്പോൾ മോഡൽ യഥാർഥ സർക്കാർ വെബ്സൈറ്റിലെത്തി ഫോം സമർപ്പിക്കുകയായിരുന്നു. സർവകലാശാലയുടെ വെബ്സൈറ്റിൽ പ്രവർത്തിക്കുന്ന ഒരു ഉപകരണം ഉപയോഗിച്ച് വിവരങ്ങൾ വിശകലനം ചെയ്യാൻ ശ്രമിക്കുന്നതിനിടെയും മറ്റൊരു സംഭവം ഉണ്ടായി. ഉപകരണം ലഭ്യമാകാതിരുന്നപ്പോൾ വെബ്സൈറ്റ് പരിശോധിച്ച മോഡൽ, ആവശ്യപ്പെടുന്ന ഏത് ഫയലും ലഭ്യമാക്കാൻ കഴിയുന്ന ഒരു സ്ക്രിപ്റ്റ് സർവറിലുണ്ടെന്ന് കണ്ടെത്തി. സംസ്ഥാന ഏജൻസിയിൽ പണം നൽകാതെ പൊതുവായി ലഭ്യമായ വിവരങ്ങൾ ശേഖരിക്കാനും ചില മോഡലുകൾ ശ്രമിച്ചു. ഇതിനായി പ്രവേശന ടോക്കണുകൾ കണ്ടെത്തുകയും വിവരങ്ങൾ ലഭ്യമാക്കാൻ ശ്രമിക്കുകയും ചെയ്തതായി കമ്പനി വെളിപ്പെടുത്തി.
ജൂലൈയിൽ ആരംഭിച്ച ആഭ്യന്തര പരിശോധനയിലാണ് ഇത്തരം സംഭവങ്ങൾ കണ്ടെത്തിയത്. പിന്നീട് യഥാർഥ വെബ്സൈറ്റുകളുമായോ സംവിധാനങ്ങളുമായോ മോഡലുകൾ ഉദ്ദേശിക്കാത്ത രീതിയിൽ ഇടപെടുന്ന സംഭവങ്ങളും പരിശോധനയുടെ പരിധിയിൽ ഉൾപ്പെടുത്തി. സുരക്ഷാ സംവിധാനങ്ങൾ ഇത്തരം പെരുമാറ്റങ്ങൾ വിശ്വസനീയമായി കണ്ടെത്തുമെന്ന് ഉറപ്പാകുന്നതുവരെ ആഭ്യന്തര പരിശോധനകളിൽ ലൈവ് ഇന്റർനെറ്റ് പ്രവേശനം നിർത്തിവച്ചതായി ആന്ത്രോപിക് അറിയിച്ചു. നേരത്തേ റിപ്പോർട്ട് ചെയ്ത സൈബർ സംഭവങ്ങളേക്കാൾ കുറഞ്ഞ ഗൗരവമുള്ളവയാണ് ഇവയെന്നും കമ്പനി വിലയിരുത്തി.
ഇതിനിടെ, ആന്ത്രോപിക്കിന്റെ വെളിപ്പെടുത്തലിന് ദിവസങ്ങൾക്കുമുമ്പ് ഓപ്പൺഎഐയുടെ എഐ ഏജന്റുകളും യുഎസ്, ഓസ്ട്രേലിയൻ സർക്കാർ വെബ്സൈറ്റുകളിലും ഐക്യരാഷ്ട്രസഭയുടെ വെബ്സൈറ്റിലും പ്രവേശിക്കാൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സമൂഹത്തിൽ എഐ മോഡലുകളുടെ സ്വാധീനം വർധിക്കുന്ന സാഹചര്യത്തിൽ അവയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് കൂടുതൽ വിവരങ്ങൾ അറിയാനുള്ള അവകാശമുണ്ടെന്നും ആന്ത്രോപിക് വ്യക്തമാക്കി.