സി-വിജില്‍ ഹിറ്റായി; പരാതികള്‍ 16,753; ഇതില്‍ 14,447 പരാതികള്‍ ചട്ടലംഘനം തന്നെ.!

By Web TeamFirst Published Apr 7, 2019, 12:03 PM IST
Highlights

പോസ്റ്ററുകളും ബാനറുകളും സംബന്ധിച്ചാണ് 11,838 പരാതികളും ലഭിച്ചത്. ഇതില്‍ 10,460 പരാതികള്‍ ശരിയാണെന്ന് ഇലക്ഷന്‍ കമ്മീഷന് ബോധ്യമായിട്ടുണ്ട്. മദ്യവിതരണം സംബന്ധിച്ച് 22 പരാതികളും

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം ഒരുക്കുന്ന സി-വിജില്‍ ആപ്പ് സംസ്ഥാനത്ത് വന്‍ വിജയമാകുന്നു. ഇതുവരെ സംസ്ഥാനത്ത് ഈ ആപ്പ് വഴി 16,753 പരാതികള്‍ ലഭിച്ചുവെന്നാണ് കണക്ക്. ഇതില്‍ 14,447 പരാതികളില്‍ കഴമ്പുണ്ടെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ പറയുന്നത്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ടിക്കറാം മീണ പറയുന്നു. ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം റിപ്പോര്‍ട്ട് ചെയ്തത് കണ്ണൂരിലാണ് ഇവിടെ 1905 പരാതികള്‍ ലഭിച്ചതില്‍ 1698 എണ്ണം തെരഞ്ഞെടുപ്പ് ചട്ടലംഘനം തന്നെയാണ് എന്നാണ് കണ്ടെത്തിയത്.

പോസ്റ്ററുകളും ബാനറുകളും സംബന്ധിച്ചാണ് 11,838 പരാതികളും ലഭിച്ചത്. ഇതില്‍ 10,460 പരാതികള്‍ ശരിയാണെന്ന് ഇലക്ഷന്‍ കമ്മീഷന് ബോധ്യമായിട്ടുണ്ട്. മദ്യവിതരണം സംബന്ധിച്ച് 22 പരാതികളും. പണം വിതരണം സംബന്ധിച്ച് 28 പരാതികളും, സമ്മാനങ്ങള്‍ വിതരണം ചെയ്തത് സംബന്ധിച്ച് 31 പരാതികളും ലഭിച്ചിട്ടുണ്ട്. മതപരമായ കാര്യങ്ങള്‍ സംബന്ധിച്ച തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതികള്‍ 147 എണ്ണമാണ്. ലൗഡ് സ്പീക്കര്‍ ഉപകരണങ്ങള്‍ സംബന്ധിച്ച പരാതികളുടെ എണ്ണം 40 എണ്ണമാണ്.

സ്ഥാനാർഥികൾ പെരുമാറ്റച്ചട്ട ലംഘനം നടത്തുന്നതു ശ്രദ്ധയിൽപെട്ടാൽ അക്കാര്യം ഉടൻ അധികൃതരുടെ ശ്രദ്ധയിൽപെടുത്താനുള്ള മൊബൈൽ ആപ്പാണ് സി-വിജില്‍.  ബെംഗളൂരു ഉപതിരഞ്ഞെടുപ്പിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ‘സി–വിജിൽ’ എന്ന സിറ്റിസൻ ആപ്പാണു ലോക്സഭാ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്. പരാതിക്കാരുടെ പേരും വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും.

സ്ഥാനാർഥി പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ തെളിവായി ചിത്രങ്ങളോ പരമാവധി 2 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയോ ആപ്പിൽ അപ്‌ലോഡ് ചെയ്യണം. ലൊക്കേഷൻ മാപ്പിങ് സംവിധാനം ഉപയോഗിച്ച് സംഭവസ്ഥലം ആപ് തനിയെ കണ്ടുപിടിച്ചുകൊള്ളും. ആപ് ഉപയോക്താക്കൾക്ക് പരാതിയിലുള്ള നടപടിയുടെ പുരോഗതി നിരീക്ഷിക്കാം. ഒന്നിലേറെ പരാതികൾ നൽകാനുമാകും

click me!