26.7 കോടിപ്പേരുടെ വിവരങ്ങള്‍ ഫേസ്ബുക്കിന്‍റെ കൈയ്യില്‍ നിന്നും ചോര്‍ന്നു

By Web TeamFirst Published Dec 21, 2019, 4:25 PM IST
Highlights

ഫേസ്ബുക്ക് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  ഈ വിഷയം ഞങ്ങള്‍ നിരീക്ഷിക്കുകയാണ്. കഴിഞ്ഞ ചില വര്‍ഷങ്ങളായി ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ മെച്ചപ്പെട്ട രീതിയാണ് ഞങ്ങള്‍ എടുക്കുന്നത്. 

ന്യൂയോര്‍ക്ക്: 26.7 കോടിപ്പേരുടെ വിവരങ്ങള്‍ ഫേസ്ബുക്കിന്‍റെ കൈയ്യില്‍ നിന്നും ചോര്‍ന്നതായി ആരോപണം. ഇത്രയും പേരുടെ ഫേസ്ബുക്കില്‍ നല്‍കിയ വിവരങ്ങള്‍ അടങ്ങുന്ന ഡാറ്റബേസ് കണ്ടെത്തിയാണ് സൈബര്‍ സെക്യൂരിറ്റി സ്ഥാപനം കംപെയര്‍ടെക്കും, സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍ ബോബ് ഡിന്‍ചെന്‍കോയും പറയുന്നത്. ഫേസ്ബുക്ക് യുസര്‍ ഐഡി, ഫോണ്‍ നമ്പറുകള്‍ എന്നിങ്ങനെയുള്ള വിവരങ്ങളാണ് ഡാറ്റബേസില്‍ ഉള്ളതെന്നും. വിയറ്റ്നാം സൈബര്‍ ക്രിമിനലുകള്‍ നടത്തിയ സ്ക്രാപിംഗ് വഴിയാണ് ഇത് ചോരാന്‍ കാരണമെന്നുമാണ് റിപ്പോര്‍ട്ട്.

സ്ക്രാപിംഗ് എന്നത് ഒരു ഹാക്കിംഗ് രീതിയാണ്. ഓട്ടോമാറ്റിക്ക് ബോട്ട്സ് വഴി അതിവേഗത്തില്‍ വലിയ അളവില്‍ വെബ് പേജുകളിലെ വിവരങ്ങള്‍ ചോര്‍ത്തുന്ന രീതിയാണ് ഇത്. ഇപ്പോള്‍ ഫേസ്ബുക്കില്‍ നിന്ന് ചോര്‍ന്ന വിവരങ്ങള്‍ ഇപ്പോള്‍ തന്നെ എസ്എംഎസ് ക്യാംപെയിന്‍, സ്പാം ഇ-മെയില്‍ പരസ്യ ക്യാംപെയിന്‍ എന്നിവയ്ക്കെല്ലാം ഉപയോഗപ്പെടുത്തുന്നു എന്നാണ് വ്യാഴാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ട് പറയുന്നത്. ചോര്‍ന്ന വിവരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ അമേരിക്കയില്‍ നിന്നാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

Read Also: ഇന്ത്യയില്‍ 'പോണ്‍ഹബ്ബിന്' വന്‍ തിരിച്ചടി; അത്ഭുതപ്പെടുത്തുന്ന കണക്കുകളുമായി വാര്‍ഷിക റിപ്പോര്‍ട്ട്....

ഫേസ്ബുക്ക് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  ഈ വിഷയം ഞങ്ങള്‍ നിരീക്ഷിക്കുകയാണ്. കഴിഞ്ഞ ചില വര്‍ഷങ്ങളായി ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ മെച്ചപ്പെട്ട രീതിയാണ് ഞങ്ങള്‍ എടുക്കുന്നത്. ഇത് ചിലപ്പോള്‍ അതിന് മുന്‍പ് ചോര്‍ന്ന വിവരങ്ങള്‍ ആകാമെന്ന് ഫേസ്ബുക്ക് വക്താവ് അമേരിക്കന്‍ ടെക് മാധ്യമത്തോട് പ്രതികരിച്ചു. 

കോംബ്രിഡ്ജ് അനലിറ്റിക്ക വിഷയത്തില്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് സമീപകാലത്ത് വലിയ പ്രതിസന്ധിയില്‍ ഫേസ്ബുക്ക് അകപ്പെട്ടിരുന്നു. ഇതിന്‍റെ ഭാഗമായി ബ്രിട്ടനിലും മറ്റും ഫേസ്ബുക്ക്  പിഴയടക്കേണ്ട സ്ഥിതിയും ഉണ്ടായി. ഇതിന് ശേഷമാണ് ഫേസ്ബുക്ക് വിവര ചോര്‍ച്ചയുടെ പുതിയ വാര്‍ത്ത എത്തുന്നത്. 

Read Also: ജിപിഎസ് താറുമാറാകും; ഭൂമിയുടെ കാന്തികമേഖലയില്‍ വലിയ മാറ്റം, പ്രതിവര്‍ഷം വടക്കോട്ട് നീങ്ങുന്നു

ഹാക്കര്‍മാര്‍ ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തി അത് ഹാക്കര്‍ ഫോറങ്ങളില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയില്‍ വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. 2018 ന് മുന്‍പ് ഫേസ്ബുക്ക് എപിഐയില്‍ സംഭവിച്ച പിഴവ് മുതലെടുത്താണ് ഈ വിവരചോര്‍ച്ച നടന്നിരിക്കാന്‍ സാധ്യത എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഫേസ്ബുക്കിന്‍റെ ആദ്യ പ്രതികരണവും മുന്നോട്ട് വയ്ക്കുന്ന സൂചന അത് തന്നെയാണ്. 

ഇത്തരത്തില്‍ ഫേസ്ബുക്ക് എപിഐയിലെ പിഴവ് പ്രകാരം ഫേസ്ബുക്കിലെ 419 ദശലക്ഷം അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സെപ്തംബര്‍ 2019 ലായിരുന്നു ഈ സംഭവം. എന്നാല്‍ ഇത് ഗുരുതരമായ പ്രശ്നമല്ലെന്നാണ് അന്ന് ഫേസ്ബുക്ക് പ്രതികരണം.

click me!