
അശ്ലീല ഉള്ളടക്കങ്ങൾ ഉപയോഗിച്ച് ഉപയോക്താക്കളെ ആകർഷിച്ച് ബാങ്കിങ് വിവരങ്ങൾ ചോർത്തുന്ന മാൽവെയർ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ പ്രേരിപ്പിച്ച ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പരസ്യങ്ങൾ നീക്കം ചെയ്ത് മെറ്റ. കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് മെറ്റ നിരവധി പരസ്യങ്ങൾ നീക്കം ചെയ്തത്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ‘നൈറ്റ് പ്ലേ’, ‘കൈസ്’ തുടങ്ങിയ പേരുകളിൽ പ്രവർത്തിച്ചിരുന്ന പരസ്യങ്ങളാണ് സൈബർ തട്ടിപ്പിന് ഉപയോഗിച്ചതെന്നാണ് സർക്കാർ കണ്ടെത്തിയത്. ഇത്തരം പരസ്യങ്ങളിലൂടെ ഉപയോക്താക്കളെ ഫിഷിങ് വെബ്സൈറ്റുകളിലേക്ക് എത്തിച്ചിരുന്നതായും സർക്കാർ അറിയിച്ചു.
അശ്ലീല ആപ്പുകളെന്ന് തെറ്റിദ്ധരിപ്പിച്ച് ഉപയോക്താക്കളെ കൊണ്ട് ആൻഡ്രോയിഡ് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യിക്കുന്ന രീതിയിലാണ് തട്ടിപ്പ് നടന്നത്. ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന മാൽവെയർ വഴി ബാങ്കിങ് വിവരങ്ങൾ ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ ചോർത്താൻ തട്ടിപ്പുകാർക്ക് സാധിക്കുമെന്നാണ് മുന്നറിയിപ്പ്. വൺ ടൈം പാസ്‌വേഡുകൾ, ബാങ്ക് പിൻ തുടങ്ങിയ നിർണായക വിവരങ്ങൾ രഹസ്യമായി ശേഖരിക്കാനും ഉടമയുടെ അറിവില്ലാതെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം കൈമാറ്റം ചെയ്യാനും ഇത്തരം ആപ്ലിക്കേഷനുകൾക്ക് സാധിക്കാമെന്നാണ് സർക്കാർ വ്യക്തമാക്കിയത്.
സർക്കാർ മുന്നറിയിപ്പ് നൽകിയതിന് ശേഷവും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സമാനമായ കുറഞ്ഞത് 39 പരസ്യങ്ങൾ സജീവമായി ഉണ്ടായിരുന്നതായി റോയിട്ടേഴ്സ് കണ്ടെത്തി. ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി ലൈംഗിക ഉള്ളടക്കമുള്ള വീഡിയോ ചിത്രങ്ങളാണ് പല പരസ്യങ്ങളിലും ഉപയോഗിച്ചിരുന്നത്. റോയിട്ടേഴ്സ് ഇക്കാര്യം മെറ്റയുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് പിന്നാലെ ഈ പരസ്യങ്ങളെല്ലാം നീക്കം ചെയ്തതായാണ് റിപ്പോർട്ട്. എന്നാൽ വിഷയത്തിൽ റോയിട്ടേഴ്സ് ഉന്നയിച്ച ചോദ്യങ്ങളോട് മെറ്റ പ്രതികരിച്ചിട്ടില്ല.
ഡിജിറ്റൽ പേയ്മെന്റുകളുടെ ഉപയോഗം രാജ്യത്ത് അതിവേഗം വർധിക്കുന്നതിനൊപ്പം സൈബർ തട്ടിപ്പുകളും വർധിക്കുകയാണ്. സർക്കാർ കണക്കുകൾ പ്രകാരം 2025ൽ ഇന്ത്യയിൽ സൈബർ തട്ടിപ്പുകളിലൂടെ ഉണ്ടായ നഷ്ടം ഏകദേശം 2.4 ബില്യൺ ഡോളറാണ്. ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളുടെ വ്യാപകമായ ഉപയോഗം ലക്ഷ്യമിട്ട് തട്ടിപ്പുകാർ പുതിയ രീതികൾ പരീക്ഷിക്കുന്നതായാണ് അധികൃതരുടെ വിലയിരുത്തൽ.
വലിയ സാങ്കേതിക കമ്പനികളുടെ പ്ലാറ്റ്ഫോമുകളിലെ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് ഇന്ത്യ അടുത്തിടെ ഉന്നയിക്കുന്ന രണ്ടാമത്തെ പ്രധാന ആശങ്കയാണിത്. ഗൂഗിളിന്റെ ഫയർബേസ് സേവനം ഉപയോഗിച്ച് പ്രമുഖ ബാങ്കുകളെ അനുകരിച്ച് തട്ടിപ്പ് നടത്തിയിരുന്ന നൂറുകണക്കിന് അക്കൗണ്ടുകൾ അടച്ചുപൂട്ടാൻ സർക്കാർ നിർദേശം നൽകിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. മെറ്റയുടെ പരസ്യ നയങ്ങൾ പ്രകാരം മുതിർന്നവരുടെ നഗ്നതയും ലൈംഗിക പ്രവർത്തനങ്ങളും ഉൾപ്പെടുന്ന ഉള്ളടക്കമുള്ള പരസ്യങ്ങൾ അനുവദനീയമല്ല. ഉപയോക്താക്കളിൽ നിന്ന് പണം തട്ടാൻ ലക്ഷ്യമിട്ടുള്ള വഞ്ചനാപരമായ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, പദ്ധതികൾ എന്നിവയുടെ പരസ്യങ്ങൾക്കും വിലക്കുണ്ട്.
റോയിട്ടേഴ്സ് കണ്ടെത്തിയ ഒരു പരസ്യം അശ്ലീല വീഡിയോകൾ ലഭ്യമാക്കുമെന്ന് അവകാശപ്പെട്ട ഒരു വീഡിയോ ആപ്പിന്റെ വെബ്സൈറ്റിലേക്കാണ് ഉപയോക്താക്കളെ നയിച്ചത്. നൂറുകണക്കിന് വീഡിയോകളും മുഴുവൻ സമയ ഉള്ളടക്കവും വാഗ്ദാനം ചെയ്തിരുന്ന ഈ സേവനം ഉപയോഗിക്കാൻ ‘മൊവെക്സാ.എപികെ’ എന്ന ഫയൽ ഔദ്യോഗിക ആപ്പ് സ്റ്റോറിന് പുറത്ത് നിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു.
ഇത്തരത്തിൽ ഔദ്യോഗിക ആപ്പ് സ്റ്റോറുകൾ ഒഴിവാക്കി അപരിചിതമായ വെബ്സൈറ്റുകളിൽ നിന്ന് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് വലിയ സുരക്ഷാ ഭീഷണിയാണെന്നാണ് സൈബർ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. ബാങ്കിങ് വിവരങ്ങൾ, ഒടിപി, പിൻ തുടങ്ങിയവ ആവശ്യപ്പെടുന്ന ആപ്പുകളോട് പ്രത്യേക ജാഗ്രത പുലർത്തണമെന്നും ഉപയോക്താക്കൾക്ക് നിർദേശം.