ഫേസ്‍ബുക്കിന് തിരിച്ചടി: ശിശുപീഡനവും തലവെട്ടും ഒക്കെ കാണേണ്ടിവന്ന മോഡറേറ്റർമാർക്ക് കൊടുക്കേണ്ടത് കോടികൾ

By Web TeamFirst Published May 14, 2020, 10:56 AM IST
Highlights

 ശിശുപീഡനത്തിന്റെയും തലവെട്ടിന്റെയും മറ്റും ഭയാനക ദൃശ്യങ്ങൾ ദിവസേന ഇരുന്നു കാണുന്നതിലൂടെ ഉണ്ടായ മാനസികമായ കരാറുകളിൽ നിന്ന് ഫേസ്‌ബുക്ക് തങ്ങളെ സംരക്ഷിച്ചില്ല എന്നാണ് പരാതി.

 

ഫേസ്‌ബുക്കിൽ ഒരു തസ്തികയുണ്ട്. കണ്ടെന്റ് മോഡറേറ്റർ. ഫേസ്‌ബുക്കിൽ ജനം പോസ്റ്റ് ചെയ്യുന്ന ഫോട്ടോ, വീഡിയോ തുടങ്ങിയ കണ്ടെന്റുകളിൽ എന്തെങ്കിലും 'ഗ്രാഫിക് വയലൻസ്, കുട്ടികൾക്കെതിരായ പീഡനങ്ങൾ, അവരെ ഉപയോഗിച്ചുള്ള പോർണോഗ്രാഫി, മൃഗങ്ങളോടുള്ള അക്രമം തുടങ്ങിയവ ഉണ്ടെങ്കിൽ അവ തിരിച്ചറിഞ്ഞ യഥാസമയം നീക്കം ചെയ്യുക എന്നതാണ് അവരുടെ പണി. നമ്മൾ സ്വന്തം മൊബൈലിലും കംപ്യൂട്ടറിലും ഒക്കെ ഇരുന്ന് ഫേസ്‌ബുക്ക് ഉപയോഗിക്കുന്ന സമയത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ പലതും. ആ കണ്ടെന്റ് ഒക്കെ റിവ്യൂ ചെയ്ത് പ്രസ്തുത കണ്ടെന്റ് ഫേസ്‌ബുക്കിന്റെ പോളിസികൾക്ക് വിരുദ്ധമാണോ എന്ന് കണ്ടെത്തുന്നത് ഇവരാണ്. സ്വന്തം സ്ഥാപനത്തിലെ ശമ്പളം പറ്റുന്ന ചില ജീവനക്കാർ ഒത്തുചേർന്ന് നൽകിയ ഒരു കേസിൽ ഇപ്പോൾ കോടികൾ നഷ്ടപരിഹാരമായി നൽകാൻ ഫേസ്‌ബുക്ക് നിർബന്ധിതമായിരിക്കുന്നു എന്ന് ഫോർബ്‌സ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.

ചില്ലറക്കാശൊന്നുമല്ല ഫേസ്‍ബുക്കിന് ഇറക്കേണ്ടി വരിക. 52 മില്യൺ ഡോളർ. അതായത് നമ്മുടെ ഏകദേശം 400 കോടിയോളം രൂപയാണ് പലർക്കായി ഫേസ്‍ബുക്കിന് നഷ്ടപരിഹാരമായി കൊടുക്കേണ്ട ബാധ്യത വന്നുപെട്ടിരിക്കുന്നത്. 2018 -ലാണ് ഫേസ്ബുക്കിനെതിരെ അവരുടെ തന്നെ കണ്ടെന്റ് മോഡറേറ്റർമാർ ചേർന്ന് കേസ് കൊടുക്കുന്നത്. ഫേസ്‌ബുക്കിലെ നേരിട്ടുള്ള ശമ്പളക്കാർ അല്ലായിരുന്നു ഇവർ. തേർഡ് പാർട്ടി കോൺട്രാക്ടർമാർ ആയിരുന്നു. ഇങ്ങനെ ഫേസ്ബുക്കിനുവേണ്ടി, ജോലിയുടെ ഭാഗമായി അക്രമത്തിന്റെയും, ശിശുപീഡനത്തിന്റെയും മറ്റും ഭയാനക ദൃശ്യങ്ങൾ ദിവസേന ഇരുന്നു കാണുന്നതുവഴി തങ്ങൾക്ക് ഉണ്ടായേക്കാവുന്ന മാനസികമായ തകരാറുകളെപ്പറ്റിയും, മറ്റു പ്രശ്നങ്ങളെപ്പറ്റിയും തങ്ങളെ ബോധവാന്മാരാക്കുകയോ, അങ്ങനെ തകരാറുണ്ടാകുന്നതിൽ നിന്ന് സംരക്ഷിച്ചു നിർത്തുകയോ ഫേസ്‌ബുക്ക് ചെയ്തില്ല എന്നതാണ് ഇവരുടെ ആക്ഷേപം.

ഈ കേസ് ഒത്തുതീർക്കാൻ തയ്യാറായ ഫേസ്‌ബുക്ക് ഈ ക്‌ളാസ് ആക്ഷൻ ലോ സ്യൂട്ടിന്റെ ഭാഗമായ ഓരോരുത്തർക്കും 1000$ (ഏകദേശം 70,000 വീതം) നൽകിയാണ് ഒത്തുതീർപ്പാക്കുന്നത്. ഇവരിൽ തന്നെ ഗുരുതരമായ മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നു സ്ഥിരീകരിച്ചവരുടെ ചികിത്സയ്ക്കും നഷ്ടപരിഹാരത്തിനുമായി 50,000 ഡോളർ വേറെയും മാറ്റിവെക്കുന്നുണ്ട് ഫേസ്‌ബുക്ക്. സാൻ മാറ്റിയോ കൗണ്ടിക്കുവേണ്ടി സുപ്പീരിയർ കോർട്ട് ഓഫ് കാലിഫോർണിയയിൽ സമർപ്പിച്ച പ്രാഥമിക ഒത്തുതീർപ്പ് ഹർജിയിലാണ് ഫേസ്‌ബുക്ക് ഈ നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

"ഫേസ്ബുക്കിനെ എല്ലാവർക്കും സുരക്ഷിതമായ ഒരു അന്തരീക്ഷമായി നിലനിർത്തുന്നതിൽ ഞങ്ങളുടെ കണ്ടെന്റ് റിവ്യൂവർമാർ വഹിച്ചിട്ടുള്ള നിർണായകമായ പങ്ക് ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു. ഈ നഷ്ടപരിഹാരത്തിലൂടെ താത്കാലികമായും, ഭാവിയിൽ ഇനിയും ആവശ്യമെങ്കിൽ കൂടുതലായും അവരുടെ ക്ഷേമത്തിനായി വേണ്ടത് ചെയ്യാൻ ഫേസ്‌ബുക്ക് പ്രതിജ്ഞാബദ്ധമാണ്. " എന്ന് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവനയിൽ ഫേസ്‌ബുക്ക് പ്രതിനിധികൾ പറഞ്ഞു.
 

click me!