ഗൂഗിളിന്‍റെ എഐ വിസ്‍മയം: ഇനി വീഡിയോ നിർമിക്കാൻ നിങ്ങൾ വേണ്ട!

Published : Jul 20, 2026, 08:22 AM IST
google vids

Synopsis

ഗൂഗിൾ അതിന്റെ എഐ വീഡിയോ നിർമാണ പ്ലാറ്റ്‌ഫോമായ ഗൂഗിൾ വിഡ്‍സിൽ രണ്ട് പുതിയ സവിശേഷതകൾ അവതരിപ്പിച്ചു. വാക്കുകളിൽ നിർദേശം നൽകി വീഡിയോ നിർമിക്കാനും തിരുത്താനും കഴിയുന്ന ജെമിനി ഓംനി, ഉപയോക്താവിന്റെ ഡിജിറ്റൽ രൂപം സൃഷ്ടിക്കുന്ന എഐ അവതാർ എന്നിവയാണ് പുതിയ ഫീച്ചറുകൾ. ഈ മാറ്റത്തോടെ, എഐ വീഡിയോ നിർമാണ രംഗത്ത് ഗൂഗിൾ വിഡ്സ് ഒരു പ്രധാന മത്സരാർത്ഥിയായി മാറുന്നു.

ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വീഡിയോ നിർമാണ രംഗത്ത് വലിയ മാറ്റവുമായി ഗൂഗിൾ. എഐ അധിഷ്‍ഠിത വീഡിയോ നിർമാണ പ്ലാറ്റ്‌ഫോമായ ഗൂഗിൾ വിഡ്‍സിൽ രണ്ട് പുതിയ പ്രധാന സവിശേഷതകളാണ് കമ്പനി അവതരിപ്പിച്ചത്. ജെമിനി ഓംനി എന്ന പുതിയ എഐ വീഡിയോ നിർമാണ സംവിധാനം, ഉപയോക്താവിന്റെ ഡിജിറ്റൽ രൂപം സൃഷ്‍ടിക്കുന്ന വ്യക്തിഗത എഐ അവതാർ സംവിധാനം എന്നിവയാണ് പുതുതായി എത്തിയിരിക്കുന്നത്.

ലളിതമായ വാക്കുകളിൽ നിർദേശം നൽകിയാൽ വീഡിയോ തയ്യാറാക്കാനും തിരുത്താനും കഴിയുന്ന രീതിയിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതോടെ ഗൂഗിൾ വിഡ്‍സ് ഒരു ജോലി അവതരണ ഉപകരണം എന്ന നിലയിൽ നിന്ന് പൂർണമായ എഐ വീഡിയോ നിർമാണ പ്ലാറ്റ്‌ഫോമിലേക്കാണ് മാറുന്നത്. നിലവിൽ ഗൂഗിൾ എഐ പ്രോ, ഗൂഗിൾ എഐ അൾട്ര സബ്‌സ്‌ക്രൈബർമാർക്കും യോഗ്യതയുള്ള ഗൂഗിൾ വർക്ക്‌സ്‌പേസ് ബിസിനസ് ഉപഭോക്താക്കൾക്കുമാണ് ഈ ഫീച്ചറുകൾ ലഭ്യമാകുന്നത്.

വാക്കുകൾ നൽകിയാൽ വീഡിയോ തയ്യാറാക്കും

പുതിയ സംവിധാനത്തിന്റെ പ്രധാന ആകർഷണമാണ് ജെമിനി ഓംനി. ഗൂഗിളിന്റെ ബഹുമാധ്യമ എഐ മോഡലായ ഇത് വീഡിയോ നിർമാണത്തിനും തിരുത്തലുകൾക്കുമായി ഉപയോഗിക്കാം. ഉപയോക്താക്കൾക്ക് തങ്ങൾക്ക് ആവശ്യമുള്ള വീഡിയോ എങ്ങനെയായിരിക്കണമെന്ന് സാധാരണ ഭാഷയിൽ ടൈപ്പ് ചെയ്താൽ മതി. ചിത്രങ്ങളോ രൂപരേഖകളോ ഉദാഹരണങ്ങളായി നൽകാനും സാധിക്കും.

നിർദേശങ്ങൾ അനുസരിച്ച് എഐ വീഡിയോ സൃഷ്‍ടിക്കും. നിലവിലുള്ള വീഡിയോകളിൽ പശ്ചാത്തലം മാറ്റുക, വെളിച്ചം മെച്ചപ്പെടുത്തുക, ദൃശ്യപ്രഭാവങ്ങൾ ചേർക്കുക തുടങ്ങിയ തിരുത്തലുകളും വാക്കുകളിലൂടെ ചെയ്യാം. മറ്റു പല എഐ വീഡിയോ ഉപകരണങ്ങളിൽ നിന്ന് വ്യത്യസ്‍തമായി, ഓരോ മാറ്റത്തിനും പുതിയ വീഡിയോ ആദ്യം മുതൽ സൃഷ്‍ടിക്കേണ്ടതില്ല. ഘട്ടംഘട്ടമായി തിരുത്തലുകൾ വരുത്തി വീഡിയോ മെച്ചപ്പെടുത്താനുള്ള സൗകര്യവും ജെമിനി ഓംനിയിലുണ്ട്.

ക്യാമറയ്ക്ക് മുന്നിൽ നിൽക്കാതെ സ്വന്തം അവതാർ

ഗൂഗിൾ വിഡ്‍സിലെ മറ്റൊരു പ്രധാന സവിശേഷതയാണ് വ്യക്തിഗത എഐ അവതാർ. ഒരു സെൽഫിയും ചെറിയ ശബ്‍ദ റെക്കോർഡിങ്ങും നൽകിയാൽ ഉപയോക്താവിനെ പോലെ കാണുകയും സംസാരിക്കുകയും ചെയ്യുന്ന ഡിജിറ്റൽ രൂപം എഐ സൃഷ്‍ടിക്കും. തുടർന്ന് തയ്യാറാക്കിയ സ്ക്രിപ്റ്റ് നൽകിയാൽ ഈ എഐ അവതാർ തന്നെ വീഡിയോയിൽ സന്ദേശം അവതരിപ്പിക്കും. നേരിട്ട് ക്യാമറയ്ക്ക് മുന്നിൽ എത്താതെ തന്നെ പരിശീലന വീഡിയോകൾ, അവതരണങ്ങൾ, വിശദീകരണ വീഡിയോകൾ എന്നിവ തയ്യാറാക്കാൻ ഇത് സഹായിക്കും.

എഐ ഉപയോഗിച്ച് നിർമിക്കുന്ന വീഡിയോകളുടെ തിരിച്ചറിയലിനായി എല്ലാ വീഡിയോകളിലും കാണാനാകാത്ത സിന്ത്ഐഡി ഡിജിറ്റൽ വാട്ടർമാർക്ക് ഉൾപ്പെടുത്തുമെന്നും ഗൂഗിൾ അറിയിച്ചു. എഐ വീഡിയോ നിർമാണ രംഗത്ത് ഗൂഗിളിന്റെ പുതിയ നീക്കം വലിയ മത്സരത്തിന് വഴിയൊരുക്കും. എഐ വീഡിയോ നിർമാണവും എഡിറ്റിങ്ങും ഡിജിറ്റൽ അവതാറുകളും ഒരുമിച്ച് നൽകുന്നതിലൂടെ ഗൂഗിൾ വിഡ്‍സ് ഇനി ഹെയ്‌ജൻ, സിന്തീസിയ, ക്യാപ്‌ഷൻസ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളോട് നേരിട്ട് മത്സരിക്കാനൊരുങ്ങുകയാണ്.

PREV
Read more Articles on
click me!

Recommended Stories

എഐ കാരണം കോളടിച്ച് ഇലക്ട്രീഷ്യന്മാർ! വൈറ്റ് കോളർ ജോലികൾ ഇല്ലാതാകുമ്പോൾ ഈ തൊഴിലാളികൾക്ക് കോടികൾ ശമ്പളം!
ബഹിരാകാശത്ത് യുഎസ് സൈനികക്കണ്ണുകൾ; അമേരിക്കൻ സൈന്യത്തിനായി 21 ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിലെത്തിച്ച് സ്പേസ് എക്സ്