ബഹിരാകാശത്ത് യുഎസ് സൈനികക്കണ്ണുകൾ; അമേരിക്കൻ സൈന്യത്തിനായി 21 ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിലെത്തിച്ച് സ്പേസ് എക്സ്

Published : Jul 17, 2026, 09:11 AM IST
satelite

Synopsis

യുഎസ് സൈന്യത്തിന്റെ സ്പേസ് ഡെവലപ്‌മെന്റ് ഏജൻസിക്കായി (SDA) സ്പേസ് എക്സ് 21 പുതിയ ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചു. 'ട്രാഞ്ച് 1 ട്രാൻസ്‌പോർട്ട് ലെയർ' പദ്ധതിയുടെ ഭാഗമായ ഈ ഉപഗ്രഹങ്ങൾ, ലോകമെമ്പാടുമുള്ള അമേരിക്കൻ സൈനികർക്ക് സുരക്ഷിതമായ ആശയവിനിമയ സൗകര്യം ഒരുക്കും. ഇതോടെ പദ്ധതിയിലെ 126 ഉപഗ്രഹങ്ങളിൽ 63 എണ്ണം ഭ്രമണപഥത്തിലെത്തി.

യുഎസ് സൈന്യത്തിന്റെ സ്പേസ് ഡെവലപ്‌മെന്റ് ഏജൻസി (SDA) വികസിപ്പിക്കുന്ന പ്രതിരോധ ഉപഗ്രഹ ശൃംഖലയിലേക്ക് 21 പുതിയ ഉപഗ്രഹങ്ങൾ കൂടി വിജയകരമായി വിക്ഷേപിച്ച് അമേരിക്കൻ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് . കാലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് ഫോഴ്‌സ് ബേസിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം.

'ട്രാഞ്ച് 1 ട്രാൻസ്‌പോർട്ട് ലെയർ' (T1TL) പദ്ധതിയുടെ ഭാഗമായാണ് ഈ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിയത്. ലോകത്തിന്റെ ഏത് ഭാഗത്തും വിന്യസിക്കപ്പെട്ടിരിക്കുന്ന അമേരിക്കൻ സൈനിക വിഭാഗങ്ങൾക്ക് സുരക്ഷിതവും എൻക്രിപ്റ്റ് ചെയ്തതുമായ അതിവേഗ ആശയവിനിമയ സൗകര്യം ഒരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. താഴ്ന്ന ഭ്രമണപഥത്തിൽ പ്രവർത്തിക്കുന്ന ഈ ഉപഗ്രഹങ്ങൾ പരസ്പരം ബന്ധിപ്പിച്ചുള്ള ശൃംഖലയിലൂടെ വിവരങ്ങൾ അതിവേഗത്തിൽ കൈമാറാൻ സഹായിക്കും.

ആകെ 126 ഉപഗ്രഹങ്ങൾ ഉൾപ്പെടുന്നതാണ് ട്രാഞ്ച് 1 ട്രാൻസ്‌പോർട്ട് ലെയർ പദ്ധതി. പുതിയ 21 ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തോടെ ഇതുവരെ 63 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തി. കഴിഞ്ഞ വർഷം സെപ്റ്റംബറിലും ഒക്ടോബറിലുമായി നടന്ന രണ്ട് ഫാൽക്കൺ 9 ദൗത്യങ്ങളിലൂടെയാണ് ആദ്യഘട്ട ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. യോർക്ക് സ്പേസ് സിസ്റ്റംസ്, ലോക്ക്ഹീഡ് മാർട്ടിൻ, നോർത്രോപ്പ് ഗ്രൂമൻ എന്നീ കമ്പനികളാണ് ഉപഗ്രഹങ്ങൾ നിർമ്മിക്കുന്നത്.

ഇത് എസ്.ഡി.എയുടെ 'പ്രൊളിഫറേറ്റഡ് വാർഫൈറ്റർ സ്പേസ് ആർക്കിടെക്ചർ' (PWSA) പദ്ധതിയുടെ ഭാഗമാണ്. നൂറുകണക്കിന് ചെറിയ ഉപഗ്രഹങ്ങളെ ഒപ്റ്റിക്കൽ ലിങ്കുകളിലൂടെ ബന്ധിപ്പിച്ച് ആഗോളതലത്തിൽ സുരക്ഷിതമായ സൈനിക ആശയവിനിമയ ശൃംഖല സൃഷ്‍ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഓരോ രണ്ട് വർഷം കൂടുമ്പോഴും പുതിയ 'ട്രാഞ്ചുകൾ' അവതരിപ്പിച്ച് കൂടുതൽ സാങ്കേതിക ശേഷി ഉൾപ്പെടുത്താനാണ് എസ്‍ഡിഎയുടെ പദ്ധതി.

അതേസമയം, ഫാൽക്കൺ 9 ദൗത്യത്തിന്റെ മറ്റൊരു പ്രധാന നേട്ടം ആദ്യഘട്ട ബൂസ്റ്ററിന്റെ വിജയകരമായ തിരിച്ചിറക്കലായിരുന്നു. വിക്ഷേപണത്തിന് ഏകദേശം എട്ടര മിനിറ്റിനുശേഷം ബി1103 ബൂസ്റ്റർ പസഫിക് സമുദ്രത്തിലെ 'ഓഫ് കോഴ്‌സ് ഐ സ്റ്റിൽ ലവ് യൂ' എന്ന ഡ്രോൺ കപ്പലിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ഈ ബൂസ്റ്ററിന്റെ നാലാമത്തെ ദൗത്യമായിരുന്നു ഇത്. മുമ്പ് എൻആർഒഎൽ-179 ദൗത്യത്തിലും രണ്ട് സ്റ്റാർലിങ്ക് വിക്ഷേപണങ്ങളിലും ഇതേ ബൂസ്റ്റർ ഉപയോഗിച്ചിരുന്നു.

ഫാൽക്കൺ 9 വിക്ഷേപണത്തിന് പിന്നാലെ ഏതാനും മണിക്കൂറുകൾക്കകം സ്പേസ് എക്സിന്റെ ഭീമൻ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ 13-ാം പരീക്ഷണ വിക്ഷേപണവും നിശ്ചയിച്ചിരുന്നതോടെ, ഒരേ ദിവസം രണ്ട് സുപ്രധാന ബഹിരാകാശ ദൗത്യങ്ങൾ നടത്താനുള്ള ഒരുക്കത്തിലായിരുന്നു കമ്പനി. അതുകൊണ്ടുതന്നെ ആഗോള ബഹിരാകാശ രംഗത്തിന്റെ ശ്രദ്ധ മുഴുവൻ സ്പേസ് എക്സിലേക്കായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

എഐ കോടിക്കണക്കിന് തൊഴിലുകൾ ഇല്ലാതാക്കും? ലോക സമ്പദ്‌വ്യവസ്ഥയെ അടിമുടി മാറ്റുമെന്ന് മുന്നറിയിപ്പ്
ജിപിടി 5.6-ന്റെ സുരക്ഷാ സംവിധാനത്തെ മറികടന്നാൽ 47 ലക്ഷം സമ്മാനം; ഓപ്പൺഎഐയുടെ വമ്പൻ ഓഫർ