പ്രധാനമന്ത്രിയുടെ സൈറ്റിന്‍റെ ട്വിറ്റര്‍ ഹാന്‍റില്‍ ഹാക്ക് ചെയ്തത് 'ജോണ്‍ വിക്ക്'; കാരണം പറയുന്നത് ഇങ്ങനെ

By Web TeamFirst Published Sep 3, 2020, 2:43 PM IST
Highlights

അതേ സമയം പ്രധാനമന്ത്രിയുടെ ഓഫീസ് ഹാക്കിംഗുമായി ബന്ധപ്പെട്ട് പ്രതികരിച്ചത് പ്രധാനമന്ത്രിയുടെ അക്കൌണ്ടുകള്‍ സുരക്ഷിതമാണെന്നും, ഇപ്പോള്‍ ഹാക്ക് ചെയ്യപ്പെട്ടത് മറ്റൊരു സൈറ്റിന്‍റെ അക്കൌണ്ടാണെന്നുമാണ്. 

ദില്ലി: പ്രധാനമന്ത്രിയുടെ സ്വന്തം വെബ് സൈറ്റിന്‍റെ ട്വിറ്റര്‍ ഹാന്‍റില്‍ ഹാക്ക് ചെയ്ത ഹാക്കറെ തിരിച്ചറിഞ്ഞു. 'ജോണ്‍ വിക്ക്' എന്ന പേരിലുള്ളയാളില്‍ നിന്നാണ് ഹാക്കിംഗിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തുള്ള മെയില്‍ ദേശീയ മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. 'ജോണ്‍ വിക്ക്' എന്നത് ഒരാളാണോ, ഒരു സംഘം ആളുകളാണോ എന്നത് വ്യക്തമല്ല. 

അതേ സമയം പ്രധാനമന്ത്രിയുടെ സ്വന്തം സൈറ്റായ narendramodi.in ന്‍റെ കീഴിലുള്ള ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന കാര്യം ട്വിറ്റര്‍ ഇന്ത്യ സ്ഥിരീകരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം അരങ്ങേറിയത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്റ്റോ കറന്‍സി വഴി സംഭവാന നല്‍കാനുള്ള സന്ദേശങ്ങളാണ് പോസ്റ്റ് ചെയ്തത്. സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണത്തിലാണെന്ന് ട്വിറ്റര്‍ ഇന്ത്യ വ്യക്തമാക്കി.

അതേ സമയം പ്രധാനമന്ത്രിയുടെ ഓഫീസ് ഹാക്കിംഗുമായി ബന്ധപ്പെട്ട് പ്രതികരിച്ചത് പ്രധാനമന്ത്രിയുടെ അക്കൌണ്ടുകള്‍ സുരക്ഷിതമാണെന്നും, ഇപ്പോള്‍ ഹാക്ക് ചെയ്യപ്പെട്ടത് മറ്റൊരു സൈറ്റിന്‍റെ അക്കൌണ്ടാണെന്നുമാണ്.  narendramodi.in എന്ന മോദിയുടെ സ്വന്തം വെബ് സൈറ്റ് ബിജെപിയാണ് കൈകാര്യം ചെയ്യുന്നത് എന്നാണ് അറിയുന്നത്. 

അതേ സമയം ദേശീയ മാധ്യമങ്ങള്‍ക്ക് അയച്ച മെയിലില്‍ ഹാക്കര്‍  'ജോണ്‍ വിക്ക്' പറയുന്നത് ഇങ്ങനെ - " ഇപ്പോള്‍ നടത്തിയ ഹാക്കിംഗിന് പിറകില്‍ മറ്റ് ഉദ്ദേശങ്ങള്‍ ഇല്ല, അടുത്തിടെ പേടിഎം മാള്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു അതിന് പിന്നില്‍ ഞങ്ങളാണെന്ന് (ജോണ്‍ വിക്ക്) വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. ഞങ്ങളല്ല അതെന്ന് പറഞ്ഞ് അന്ന് വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ക്ക് മെയില്‍ അയച്ചിരുന്നു. ആരും ശ്രദ്ധിച്ചില്ല. അത് കൊണ്ടാണ് ഇത്തരം ഒരു തീരുമാനം എടുത്തത്" , എന്നാല്‍ ഏത് രീതിയിലാണ് ഹാക്കിംഗ് നടത്തിയത് എന്ന് സംബന്ധിച്ച് ഇവര്‍ ഒന്നും പരാമര്‍ശിക്കുന്നില്ലെങ്കിലും ചില സൂചനകള്‍ നല്‍കുന്നു.

ഞങ്ങള്‍ ട്വിറ്ററല്ല ഹാക്ക് ചെയ്തതെന്നും,  narendramodi.in എന്ന സൈറ്റാണെന്നും. അത് 100 ശതമാനം സുരക്ഷിതമല്ലെന്നുമാണ് ഇവര്‍ പറയുന്നത്. സൈറ്റിന്‍റെ എപിഐ ഉപയോഗപ്പെടുത്തി ട്വിറ്ററിലൂടെ അല്ലാതെ സൈറ്റിന്‍റെ ട്വിറ്റര്‍ അക്കൌണ്ട് ഇവര്‍ ഉപയോഗപ്പെടുത്തിയിരിക്കാം എന്നാണ് സൂചനകള്‍ വരുന്നത്.

ഓഗസ്റ്റ് 30ന് സൈബര്‍സെക്യൂരിറ്റി സ്ഥാപനം സൈബിളിന്‍റെ റിപ്പോര്‍ട്ട് പ്രകാരമാണ്  'ജോണ്‍ വിക്ക്' ആണ് പേടിഎം മാള്‍ ഹാക്കിംഗിന് പിന്നില്‍ എന്ന് വാര്‍ത്ത വന്നത്. അത് നിഷേധിക്കാന്‍ വേണ്ടിയാണ് പുതിയ ഹാക്കിംഗ് എന്നാണ് വ്യക്തമാകുന്നത്.

"

click me!