
പെഷവാര്‍: തങ്ങളുടെ ഭരണരീതികള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സാമൂഹ്യ മാധ്യമങ്ങളുടെ സഹായം തേടാറുണ്ട് ലോകം എങ്ങുമുള്ള ഭരണകൂടങ്ങള്‍. എന്നാല്‍ തങ്ങള്‍ വളരെ സുത്യര്യമായി ഭരണം നടത്തുന്നു എന്ന് അറിയിക്കാന്‍ എഫ്ബി ലൈവ് നടത്തിയ പാകിസ്ഥാനിലെ പ്രദേശിക ഭരണകൂടം ഇപ്പോള്‍ പുലിവാല്‍ പിടിച്ചു.
പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീഖ് ഇ ഇന്‍സാഫിന്‍റെ നിയന്ത്രണത്തിലുള്ള പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യ ഭരണകൂടത്തിന്റെ ഒരു ഔദ്യോഗിക സമ്മേളനമാണ് പാർട്ടി ഫെയ്‌സ്ബുക്ക് പേജിൽ ലൈവിട്ടത്. ഇതിനിടെ ഫെയ്സ് ബുക്ക് ലൈവിലെ പൂച്ചയുടെ ഫില്‍റ്റര്‍ അബദ്ധത്തില്‍ ആക്റ്റിവേറ്റായി.
ഇതോടെ യോഗത്തിലെ മുഖ്യ വ്യക്തിത്വങ്ങളുടെ തലയില്‍ പിങ്ക് നിറത്തിലുള്ള പൂച്ചച്ചെവിയും മുഖത്ത് മൂക്കും മീശയും വരെ വന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് ജനം ഏറ്റെടുത്തു. ഇത് വീഡിയോ ആയും സ്ക്രീന്‍ ഷോട്ടായും സോഷ്യല്‍ മീഡിയയില്‍ ലൈവായി.
എന്തായാലും ചിരി അടക്കാന്‍ കഴിയാതെ ലൈവ് കാഴ്ചക്കാര്‍ കമന്‍റ് ഇട്ടതോടെയാണ് ലൈവ് സ്ട്രീമിംഗ് കൈകാര്യം ചെയ്തയാള്‍ക്ക് സംഗതി പിടികിട്ടിയത്. ഉടന്‍ തന്നെ ഫില്‍റ്റര്‍ ഓഫ് ചെയ്തു. എന്നാല്‍ അപ്പോഴേക്കും സ്‌ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററില്‍ വൈറലായി മാറിയിരുന്നു.