
ഫോൺ നമ്പർ പങ്കുവെക്കാതെ തന്നെ മറ്റുള്ളവരുമായി ബന്ധപ്പെടാൻ സഹായിക്കുന്ന വാട്‍സാപ്പിന്റെ പുതിയ 'യൂസർനെയിം' ഫീച്ചർ കേന്ദ്ര സർക്കാർ പരിശോധിക്കും. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും സൈബർ കുറ്റകൃത്യങ്ങളും വർധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ സംവിധാനത്തിന്റെ സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച് സർക്കാർ വിശദമായ വിലയിരുത്തൽ നടത്താൻ ഒരുങ്ങുന്നതെന്ന് ഇന്ത്യ ടുഡേ ഉൾപ്പെടയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഫീച്ചർ നടപ്പിലാക്കുന്നതിന് മുമ്പോ അല്ലെങ്കിൽ ഘട്ടംഘട്ടമായി പുറത്തിറക്കുന്ന സമയത്തോ സർക്കാർ പരിശോധന നടത്തും എന്നാണ് റിപ്പോർട്ടുകൾ. പുതിയ സംവിധാനം തട്ടിപ്പുകാർക്ക് വ്യാജ തിരിച്ചറിയലിൽ ആളുകളെ സമീപിക്കാൻ അവസരമൊരുക്കുമോയെന്നും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ സംവിധാനങ്ങൾ മതിയായതാണോയെന്നും ഉദ്യോഗസ്ഥർ പരിശോധിക്കും എന്നും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പരിശോധനയിൽ എന്തെങ്കിലും അപാകതകൾ കണ്ടെത്തിയാൽ, വാട്‍സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് വിശദീകരണം തേടി നോട്ടീസ് നൽകാനും സാധ്യതയുണ്ട്.
നിലവിൽ വാട്‍സാപ്പിൽ പുതിയ ആളുകളുമായി ആശയവിനിമയം നടത്താൻ ഫോൺ നമ്പർ പങ്കിടേണ്ടതുണ്ട്. എന്നാൽ വരാനിരിക്കുന്ന അപ്ഡേറ്റോടെ ഉപയോക്താക്കൾക്ക് സ്വന്തം ഫോൺ നമ്പറിന് പകരം ഒരു യൂണിക് യൂസർനെയിം ഉപയോഗിച്ച് ചാറ്റ് ആരംഭിക്കാൻ സാധിക്കും. വ്യക്തിഗത ഫോൺ നമ്പർ പരസ്യമാക്കാതെ ആശയവിനിമയം നടത്താൻ കഴിയും എന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കുന്നു.
യൂസർനെയിം പരമാവധി 35 അക്ഷരങ്ങൾ വരെ ഉൾക്കൊള്ളാനാകും. അക്കൗണ്ട് സെറ്റിങ്സിലൂടെ യൂസർനെയിം സൃഷ്‍ടിക്കാനും പിന്നീട് മാറ്റാനോ ഒഴിവാക്കാനോ ഉപയോക്താക്കൾക്ക് സാധിക്കും. പ്രശസ്‍ത വ്യക്തികളുടെയും സെലിബ്രിറ്റികളുടെയും പേരുകൾ ദുരുപയോഗം ചെയ്യാതിരിക്കാൻ പ്രത്യേക സംരക്ഷണ സംവിധാനവും ഏർപ്പെടുത്തുമെന്ന് വാട്‍സാപ്പ് അറിയിച്ചിട്ടുണ്ട്. കണ്ടന്‍റ് ക്രിയേറ്റർമാർക്കും സ്ഥാപനങ്ങൾക്കും ബിസിനസ് അക്കൗണ്ടുകൾക്കും ഇൻസ്റ്റഗ്രാം അല്ലെങ്കിൽ ഫേസ്ബുക്ക് അക്കൗണ്ടുകളിലെ അതേ യൂസർനെയിം ഉപയോഗിക്കാനുള്ള സൗകര്യവും കമ്പനി ഒരുക്കും. ഇതിനായി മെറ്റയുടെ അക്കൌണ്ട്സ് സെന്‍റർ വഴി അക്കൗണ്ടുകൾ ബന്ധിപ്പിക്കേണ്ടതുണ്ട്.
അതേസമയം, യൂസർനെയിം സംവിധാനം വ്യാജ അക്കൗണ്ടുകൾ സൃഷ്‍ടിച്ച് ആളുകളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ ഉപയോഗിച്ചേക്കാമെന്ന ആശങ്കയും സൈബർ സുരക്ഷാ വിദഗ്ധർ ഉയർത്തുന്നുണ്ട്. ഇതിന് മറുപടിയായി, ദുരുപയോഗം കണ്ടെത്താൻ ഒന്നിലധികം സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും, ആവശ്യമെങ്കിൽ യൂസർനെയിമിനൊപ്പം പ്രത്യേക ന്യൂമറിക് കീ പങ്കിടാനുള്ള സംവിധാനവും അവതരിപ്പിക്കുമെന്നും വാട്‍സാപ്പ് അറിയിച്ചു.
ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ഒരേസമയം ലഭ്യമാകില്ല. ഘട്ടംഘട്ടമായാണ് ഇത് ആഗോളതലത്തിൽ അവതരിപ്പിക്കുക. ഏറ്റവും പുതിയ പതിപ്പിലേക്ക് ആപ്പ് അപ്ഡേറ്റ് ചെയ്താൽ ഫീച്ചർ ലഭ്യമാകുമ്പോൾ ഉപയോഗിക്കാനാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.