ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ: 'യുവർ ആൽഗോരിതം'; എന്താണ് ഇത്, എങ്ങനെ പ്രവർത്തിക്കുന്നു?

Published : Dec 13, 2025, 02:47 PM IST
Instagram

Synopsis

ഉപയോക്താക്കൾക്ക് തങ്ങൾ കാണുന്ന ഉള്ളടക്കത്തിന്മേൽ കൂടുതൽ നിയന്ത്രണവും സുതാര്യതയും നൽകുന്നതിനായി ഇൻസ്റ്റാഗ്രാം 'യുവർ ആൽഗോരിതം' എന്ന പുതിയ എഐ ഫീച്ചർ അവതരിപ്പിച്ചു. റീൽസ് വിഭാഗത്തിലാണ് ഈ ഫീച്ചർ ആദ്യം ലഭ്യമാകുക. 

ഇൻസ്റ്റാഗ്രാം തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ഉപയോക്താക്കൾക്ക് കൂടുതൽ സുതാര്യതയും നിയന്ത്രണവും നൽകുന്നതിനായി 'യുവർ ആൽഗോരിതം' എന്ന പുതിയ എഐ അധിഷ്ഠിത ഫീച്ചർ അവതരിപ്പിച്ചു. പ്രധാനമായും 'റീൽസ്' ഫീഡിനെ ലക്ഷ്യമിട്ടാണ് ഈ മാറ്റം. താൽപ്പര്യങ്ങൾ കാലക്രമേണ മാറുന്നതിനനുസരിച്ച്, ഉപയോക്താക്കൾ കാണുന്ന ഉള്ളടക്കത്തിന്മേൽ കൂടുതൽ നിയന്ത്രണം നൽകുകയാണ് പുതിയ ഫീച്ചറിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഈ പുതിയ ഫീച്ചർ 2025 ഡിസംബർ 11-നാണ് ഇൻസ്റ്റാഗ്രാം പ്രഖ്യാപിച്ചത്. നിലവിൽ ഇത് അമേരിക്കയിലാണ് ലഭ്യമാക്കിയിട്ടുണ്ട്. താമസിയാതെ ഇത് ആഗോളതലത്തിൽ എല്ലാ ഉപയോക്താക്കളിലേക്കും വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

എന്താണ് 'യുവർ ആൽഗോരിതം' ?

സാധാരണയായി, സോഷ്യൽ മീഡിയ ആൽഗോരിതങ്ങൾ പ്രവർത്തിക്കുന്നത് രഹസ്യമായാണ്. എന്നാൽ, 'യുവർ ആൽഗോരിതം' എന്ന ഫീച്ചർ വഴി, ഒരു ഉപയോക്താവിന് തങ്ങളുടെ റീൽസ് ഫീഡിന് രൂപം നൽകുന്ന വിഷയങ്ങൾ കാണാനും, അതിൽ മാറ്റങ്ങൾ വരുത്താനും സാധിക്കും. ഉപയോക്താവിന്റെ മാറുന്ന താൽപ്പര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ഈ ഇൻസ്റ്റാഗ്രാം എഐ ഉപയോഗിക്കുന്നു.

ഫീച്ചർ എങ്ങനെ കണ്ടെത്താം?

ഇൻസ്റ്റാഗ്രാം ആപ്പിലെ വലത് ഭാഗത്ത് മുകളിലായിരിക്കും 'യൂവർ ആൽഗോരിതം' എന്ന ടാബ് കാണാൻ സാധിക്കുക. ഉപയോക്താവിന്റെ സമീപകാല പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കി എഐ ജനറേറ്റ് ചെയ്ത താൽപ്പര്യങ്ങളുടെ ഒരു സംഗ്രഹം ഇതിൽ ഉണ്ടാകും.

ഇത് പ്രവർത്തിക്കുന്നതെങ്ങനെ?

ഈ ഫീച്ചർ ഉപയോക്താക്കൾക്ക് നൽകുന്ന പ്രധാന പ്രയോജനം ഉള്ളടക്കത്തിന്റെ സുതാര്യതയാണ്. എന്തുകൊണ്ടാണ് ഒരു പ്രത്യേക റീൽ നിങ്ങളുടെ ഫീഡിൽ വന്നതെന്ന് 'യുവർ ആൽഗോരിതം' വ്യക്തമാക്കും. അതുപോലെ തന്നെ, ഇഷ്ടമില്ലാത്ത ഉള്ളടക്കം കാണുമ്പോൾ അത് ഒഴിവാക്കാനുള്ള സംവിധാനവും ഇത് നൽകുന്നു. തങ്ങളുടെ താൽപ്പര്യങ്ങളുടെ ലിസ്റ്റ് ഫോളോവേഴ്‌സുമായി പങ്കുവെക്കാനും ഉപയോക്താക്കൾക്ക് അവസരമുണ്ട്.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഈ താൽപ്പര്യങ്ങളുടെ സംഗ്രഹം സ്ഥിരമല്ല എന്നതാണ്. നിങ്ങൾ പുതിയ കാര്യങ്ങൾ കാണുകയും അതിനോട് പ്രതികരിക്കുകയും ചെയ്യുമ്പോൾ ഈ ലിസ്റ്റ് മാറിക്കൊണ്ടിരിക്കും. അതായത്, ആൽഗോരിതം നിങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് ചലനാത്മകമായി അപ്‌ഡേറ്റ് ചെയ്യപ്പെടും.

കണ്ടൻ്റ് ക്രിയേറ്റർമാരെ ഇത് ബാധിക്കുമോ?

ഈ മാറ്റം കണ്ടൻ്റ് ക്രിയേറ്റർമാരെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും, പരോക്ഷമായി സ്വാധീനിച്ചേക്കാം. ഉപയോക്താക്കൾക്ക് ഇപ്പോൾ തങ്ങൾക്ക് കൂടുതൽ വേണ്ടതും കുറവ് വേണ്ടതുമായ വിഷയങ്ങൾ കൃത്യമായി തെരഞ്ഞെടുക്കാൻ സാധിക്കുന്നതുകൊണ്ട്, തങ്ങളുടെ വീഡിയോകൾ കൂടുതൽ ആളുകളിലേക്ക് എത്താനായി, ഉപയോക്താക്കളുടെ താൽപ്പര്യങ്ങളും ട്രെൻഡുകളും ക്രിയേറ്റർമാർ കൂടുതൽ ശ്രദ്ധിക്കാൻ നിർബന്ധിതരാകും.

ഇൻസ്റ്റാഗ്രാമിന്റെ പ്രധാന എഐ-യുടെ പ്രവർത്തനത്തിൽ ഇത് വലിയ മാറ്റങ്ങളൊന്നും വരുത്തുന്നില്ല. വാച്ച് ടൈം, ലൈക്കുകൾ, ഷെയറുകൾ തുടങ്ങിയ പ്രവർത്തന രീതികളെ വിശകലനം ചെയ്യുന്ന രീതി അതേപടി തുടരും. എന്നാൽ, ഈ പുതിയ ഫീച്ചർ വഴി ഉപയോക്താക്കൾക്ക് തങ്ങളുടെ താൽപ്പര്യങ്ങൾ മാനുവലായി വർദ്ധിപ്പിക്കാനോ കുറയ്ക്കാനോ സാധിക്കും എന്നൊരു സൗകര്യമാണ് അധികമായി ലഭിക്കുന്നത്.

നിലവിൽ റീൽസ് ഫീച്ചറിൽ മാത്രമാണ് ഇതിന്റെ സേവനം എങ്കിലും, ഭാവിയിൽ എക്സ്പ്ലോർ വിഭാഗത്തിലും സമാനമായ സുതാര്യതാ ടൂളുകൾ അവതരിപ്പിക്കാൻ ഇൻസ്റ്റാഗ്രാം പദ്ധതിയിടുന്നുണ്ട്. സോഷ്യൽ മീഡിയ ആൽഗോരിതങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കാനും സ്വാധീനിക്കാനും പൊതുസമൂഹത്തിന് വർധിച്ചുവരുന്ന താൽപര്യത്തിന് മറുപടിയായാണ് ഈ സുപ്രധാന ഫീച്ചറിനെ ഇൻസ്റ്റാഗ്രാം അവതരിപ്പിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ആപ്പിൾ മുതൽ മെറ്റ വരെ; ബെംഗളൂരുവിലെ ഈ ജെൻസി ടെക്കിയുടെ "ഒരു വർഷത്തെ എഐ യാത്ര" വൈറലാകുന്നു
മസ്‌കിന്‍റെ കോടികൾ വേണ്ടെന്ന് ചൈനക്കാരായ 2 ജെൻ സി വിദ്യാർത്ഥികൾ; ഓപ്പൺഎഐ- യെ കടത്തിവെട്ടി 'ചിന്തിക്കുന്ന' എഐ മോഡൽ