ഓൺലൈൻ റമ്മികളി ഇനി നിയമവിരുദ്ധം, വിജ്ഞാപനമിറക്കി സർക്കാർ

By Web TeamFirst Published Feb 27, 2021, 2:45 PM IST
Highlights

നിലവിലുള്ള നിയമത്തിൽ മാറ്റം വരുത്തിയ സർക്കാർ, പണം വെച്ചുള്ള ഓൺലൈൻ റമ്മി കളിയെ കൂടി ഉൾപ്പെടുത്തിയാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.

കൊച്ചി: ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറങ്ങി. 1960 ലെ കേരള ഗെയിംമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയത്. നിലവിലുള്ള നിയമത്തിൽ മാറ്റം വരുത്തിയ സർക്കാർ, പണം വെച്ചുള്ള ഓൺലൈൻ റമ്മി കളിയെ കൂടി ഉൾപ്പെടുത്തിയാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.

ഓൺലൈൻ റമ്മി കളിച്ച് പണവും ജീവിതവും നഷ്ടമായവർ സംസ്ഥാനത്ത് നിരവധിയാണ്. ലോക് ഡൗൺ കാലത്ത് ഇത്തരം കമ്പനികൾ കൂണുകൾ പോലെ പൊന്തിവന്നു. കളി കൈവിട്ടപ്പോൾ ചിലർക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നു. എന്നാൽ ഓൺലൈൻ റമ്മിയെ ചൂതാട്ട നിയമത്തിന്‍റെ പരിധിയിൽ വരാത്തതിനാൽ പൊലീസിന് കമ്പനികൾക്കെതിരെ നിയമ നടപടി സാധ്യമായിരുന്നില്ല. ഈ തടസമാണ് വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ നീങ്ങുന്നത്. 

സംസ്ഥാനത്ത് പണം വെച്ച് ചീട്ട് കളി ശ്രദ്ധയിൽ പെട്ടാൽ കളിക്കുന്നവരെ പൊലീസ് കൈയ്യോടെ പിടികൂടി കേസ് എടുക്കുകയായിരുന്നു പതിവ്. അപ്പോഴും ഓൺലൈൻ കളി നിയമത്തിന് പുറത്തായിരുന്നു. 

ഓൺലൈൻ റമ്മികളി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജിയും സമർപ്പിക്കപ്പെട്ടിരുന്നു.

ഓൺലൈൻ ചൂതാട്ടം നിയന്ത്രിക്കാൻ നിയമ വേണമെന്നാവശ്യപ്പെട്ട് തൃശ്സൂർ സ്വദേശി പോളി വടയ്ക്കൻ നൽകിയ പൊതു താൽപ്പര്യ ഹർജിയിൽ, നിയന്ത്രിക്കാൻ രണ്ടാഴ്ചയ്ക്കകം വി‍ജ്ഞാപനം ഇറക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിജിപിയുടെ ശുപാർശകൾ കൂടി സ്വീകരിച്ചാണ് നിയമ വകുപ്പ് പുതിയ വിജ്ഞാപനം ഇറക്കിയത്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ കേരളത്തിലുള്ളവർ  ഓൺലൈൻ റമ്മികളി സൈറ്റിൽ പ്രവേശിക്കുമ്പോൾ കമ്പനികൾക്ക് അനുമതി നിഷേധിക്കേണ്ടിവരും. 

click me!