'ആരോഗ്യസേതു' പേര് ഉപയോഗിച്ച് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ പാക് ശ്രമം

By Web TeamFirst Published Apr 28, 2020, 12:45 PM IST
Highlights

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി പൗരന്മാര്‍ക്ക് ബോധവത്കരണം നടത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന് വേണ്ട വിവരങ്ങള്‍ക്കും വേണ്ടിയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ആരോഗ്യസേതു ആപ്പ് പുറത്തിറക്കിയത്. 

ദില്ലി: ആരോഗ്യസേതു ആപ്പിന്‍റെ വ്യാജനെ നിര്‍മ്മിച്ച് പാകിസ്ഥാന്‍ ചാരന്മാര്‍ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മാധ്യമം ദ പ്രിന്‍റാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരോഗ്യസേതുവിനോട് സാമ്യമുള്ള പേരില്‍ വ്യാജ ആപ്പ് നിര്‍മ്മിച്ചാണ് ഈ നീക്കം എന്നാണ് വിവരം.

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി പൗരന്മാര്‍ക്ക് ബോധവത്കരണം നടത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന് വേണ്ട വിവരങ്ങള്‍ക്കും വേണ്ടിയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ആരോഗ്യസേതു ആപ്പ് പുറത്തിറക്കിയത്. ഇത് പൗരന്മാര്‍ തങ്ങളുടെ മൊബൈലുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിരന്തരം സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. ഒപ്പം പ്രധാനമന്ത്രി നേരിട്ട് തന്നെ ആരോഗ്യസേതു ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ഇപ്പോള്‍ പ്രതിരോധ സേന വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം. ആരോഗ്യസേതുവിന്‍റെ പേരിനോട്  സാമ്യമുള്ള എപികെ ഫയല്‍ പാക് സൈബര്‍ ചാരന്മാര്‍ നിര്‍മ്മിച്ചു (“ArogyaSetu.apk”) പിന്നീട് ബ്രിട്ടനില്‍ നിന്നുള്ള ചില വാട്ട്സ്ആപ്പ് നമ്പര്‍ വഴി ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കി എന്ന സന്ദേശത്തോടെ ഉന്നതരായ ചില സൈനിക ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. 

ഈ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഉടന്‍ തന്നെ ഫോണിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും ഫോണില്‍ നിന്നും എന്ത് വിവരവും ചോര്‍ത്താനും സാധിക്കും എന്നാണ് സൈന്യത്തിന്‍റെ സൈബര്‍ വിഭാഗം കണ്ടെത്തിയത്. പുതിയ സംഭവ വികാസത്തിന് ശേഷം സൈന്യം കൂടുതല്‍ ജാഗരൂഗരാണെന്നും. സന്ദേശമായി ലഭിക്കുന്ന ലിങ്കുകളില്‍ നിന്ന് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്നും MyGov.in സൈറ്റില്‍ നിന്നോ വിവിധ ആപ്പ് സ്റ്റോറുകളില്‍ നിന്നോ ഡൗണ്ലോഡ് ചെയ്യാന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും അറിയിച്ചു.

നേരത്തെ തന്നെ ആരോഗ്യസേതു ആപ്പ് ഉപയോഗിക്കുന്ന സൈനികര്‍ തങ്ങളുടെ ഐഡന്‍റിറ്റി, സൈന്യത്തിലെ സ്ഥാനം തുടങ്ങിയ കാര്യങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സൈന്യം നിര്‍ദേശിച്ചിരുന്നു. ഒപ്പം സൈനിക കേന്ദ്രത്തിന് ഉള്ളിലായിരിക്കുമ്പോള്‍ ലോക്കേഷന്‍ സര്‍വീസ് ഓഫാക്കാനും നിര്‍ദേശമുണ്ടായിരുന്നു.

click me!