ഗൂഗിള്‍ ക്രോം എന്ന വന്‍മരം വീഴുമോ? കോമറ്റ് എഐ ബ്രൗസർ ലോകമെങ്ങും സൗജന്യമാക്കി പെർപ്ലെക്‌സിറ്റി

Published : Oct 03, 2025, 09:24 AM IST
comet ai

Synopsis

പെര്‍പ്ലെക്‌സിറ്റി എഐ, കോമറ്റ് ബ്രൗസര്‍ എല്ലാ ഉപഭോക്താക്കള്‍ക്കും സൗജന്യമാക്കി. ഗൂഗിള്‍ ക്രോം അടക്കമുള്ള സെര്‍ച്ച് ഭീമന്‍മാര്‍ക്കും ആന്ത്രോപിക് പോലുള്ള എഐ കമ്പനികള്‍ക്കും തിരിച്ചടി നല്‍കുന്ന പ്രഖ്യാപനമാണ് അരവിന്ദ് ശ്രീനിവാസ് നടത്തിയിരിക്കുന്നത്.

കാലിഫോര്‍ണിയ: ടെക് സ്റ്റാര്‍ട്ടപ്പായ പെർപ്ലെക്‌സിറ്റി എഐ അവരുടെ കോമറ്റ് എഐ ബ്രൗസർ എല്ലാ ഉപയോക്താക്കൾക്കും സൗജന്യമാക്കി. വെബിൽ സെർച്ച് ചെയ്യാനും, ഇമെയിലുകൾ ഡ്രാഫ്റ്റ് ചെയ്യാനും, ടാബുകള്‍ ക്രമീകരിക്കാനും, ഷോപ്പിംഗ് നടത്താനുമൊക്കെ കഴിയുന്ന ഒരു പേഴ്‌സണൽ അസിസ്റ്റന്‍റായാണ് കോമറ്റ് എഐ ബ്രൗസർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. പെർപ്ലെക്‌സിറ്റി മാക്‌സ് വരിക്കാർക്ക് പ്രതിമാസം 200 ഡോളർ എന്ന നിരക്കിൽ ജൂലൈയിൽ ആണ് കോമറ്റ് ആരംഭിച്ചത്. ഇപ്പോൾ കോമറ്റ് സൗജന്യമായി നൽകാനുള്ള പെർപ്ലെക്‌സിറ്റിയുടെ തീരുമാനം കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനും ഗൂഗിൾ ക്രോം ഉൾപ്പെടെയുള്ള ബ്രൗസര്‍ എതിരാളികള്‍ക്ക് കടുത്ത മത്സരം സമ്മാനിക്കാനും ഇടയാക്കുമെന്നാണ് വിലയിരുത്തലുകള്‍.

കോമറ്റ് ഇനി ഫ്രീ

ഉപയോക്താക്കൾക്ക് ചോദ്യങ്ങൾക്ക് ലളിതമായ ഉത്തരങ്ങളും വെബിലെ യഥാർഥ ഉറവിട മെറ്റീരിയലിലേക്കുള്ള ലിങ്കുകളും നൽകുന്ന എഐയിൽ പ്രവർത്തിക്കുന്ന സെർച്ച് എഞ്ചിനായാണ് പെർപ്ലെക്‌സിറ്റി അറിയപ്പെടുന്നത്. എഐ അധിഷ്‌ഠിത ബ്രൗസര്‍ എന്ന നിലയ്‌ക്ക് ജൂലൈ മാസത്തിലാണ് കോമറ്റ് പെര്‍പ്ലെക്‌സിറ്റി അവതരിപ്പിച്ചത്. ഓഗസ്റ്റിൽ പെര്‍പ്ലെക്‌സിറ്റി എഐ കോമറ്റ് പ്ലസും അവതരിപ്പിച്ചു. ഇത് വിശ്വസനീയ പ്രസാധകരിൽ നിന്നും പത്രപ്രവർത്തകരിൽ നിന്നുമുള്ള ഉള്ളടക്കത്തിലേക്ക് ഉപയോക്താക്കൾക്ക് ആക്‌സസ് നൽകുന്ന ഒരു സബ്‌സ്‌ക്രിപ്‌ഷൻ മോഡലാണെന്ന് കമ്പനി ബ്ലോഗ് പോസ്റ്റിൽ പറയുന്നു. സിഎൻഎൻ, കോണ്ടെ നാസ്റ്റ്, ദി വാഷിംഗ്‌ടൺ പോസ്റ്റ്, ലോസ് ഏഞ്ചൽസ് ടൈംസ്, ഫോർച്യൂൺ, ലെ മോണ്ടെ, ലെ ഫിഗാരോ എന്നിവയാണ് ആദ്യ പ്രസിദ്ധീകരണ പങ്കാളികളെന്ന് പെർപ്ലെക്‌സിറ്റി അധികൃതര്‍ വ്യക്തമാക്കി. കൂടുതൽ സവിശേഷതകളും വരാനിരിക്കുന്നുണ്ടെന്നും പെർപ്ലെക്‌സിറ്റി പറഞ്ഞു. കമ്പനി കോമറ്റിന്‍റെ മൊബൈൽ പതിപ്പും ബാക്ക്ഗ്രൗണ്ട് അസിസ്റ്റന്‍റ് എന്ന സവിശേഷതയും ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുകയാണ്, ഇതിന് ഒന്നിലധികം ജോലികൾ ഒരേസമയം ചെയ്യാൻ കഴിയും.

അതേസമയം, സെര്‍ച്ച് രംഗം എഐ അധിഷ്‌ഠിതമാക്കാനുള്ള ശ്രമത്തിൽ പെർപ്ലെക്‌സിറ്റി ഒറ്റയ്ക്കല്ല. സെപ്റ്റംബറിൽ ഗൂഗിൾ അതിന്റെ ക്രോം ബ്രൗസറിൽ ജെമിനി സംയോജിപ്പിച്ചിരുന്നു. ഓഗസ്റ്റിൽ ആന്ത്രോപിക് ഒരു ബ്രൗസർ അധിഷ്‌ഠിത എഐ ഏജന്‍റിനെ പ്രഖ്യാപിച്ചു. ജനുവരിയിൽ ഓപ്പൺഎഐ ഒരു ബ്രൗസർ ഉപയോഗിച്ച് ടാസ്‌ക്കുകൾ പൂർത്തിയാക്കുന്ന എഐ ഏജന്‍റായ ഓപ്പറേറ്റര്‍ പുറത്തിറക്കി.

എന്താണ് കോമെറ്റ് എഐ ബ്രൗസര്‍?

ഒരു എഐ ഏജന്‍റായിട്ടാണ് കോമെറ്റ് ബ്രൗസർ രൂപകല്‍പന ചെയ്‌തിരിക്കുന്നത്. എല്ലാ ടാബുകളും കൈകാര്യം ചെയ്യാനും ഇമെയിലുകളും കലണ്ടർ ഇവന്‍റുകളും സംഗ്രഹിക്കാനും വെബ് പേജുകളിലൂടെ നാവിഗേറ്റ് ചെയ്യാനും ഇതിന് സാധിക്കും. ആവശ്യമായ എല്ലാ വിവരങ്ങളും എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയുന്ന ഒരു വർക്ക്‌സ്‌പെയ്‌സ്, വെബ്‌പേജ് ഒരു ഇമെയിലാക്കി അയക്കാൻ സാധിക്കുക മുതലായ സവിശേഷതകളാണ് ഗൂഗിൾ ക്രോം, മൈക്രോസോഫ്റ്റ് എഡ്‌ജ് തുടങ്ങിയ മറ്റ് വെബ് ബ്രൗസറുകളിൽ നിന്ന് പെർപ്ലെക്‌സിറ്റിയുടെ കോമറ്റിനെ വ്യത്യസ്‌തമാക്കുന്നത്. കോമറ്റിലേക്ക് പെര്‍പ്ലെക്സിറ്റി എഐയെ നേരിട്ട് സംയോജിപ്പിച്ചിരിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് വിവര്‍ത്തനം ചെയ്യാനും സംഗ്രഹിക്കാനുമൊക്കെ ബ്രൗസറിനുള്ളില്‍ വച്ച് തന്നെ അനായാസം കഴിയും. ഇന്ത്യക്കാരനായ അരവിന്ദ് ശ്രീനിവാസാണ് പെര്‍പ്ലെക്‌സിറ്റി എഐയുടെ സിഇഒ. കോമറ്റ് സൗജന്യമാക്കിയതായുള്ള പ്രഖ്യാപനം നടത്തിയതും അരവിന്ദാണ്. 

PREV
Read more Articles on
click me!

Recommended Stories

മസ്‌കിന്‍റെ കോടികൾ വേണ്ടെന്ന് ചൈനക്കാരായ 2 ജെൻ സി വിദ്യാർത്ഥികൾ; ഓപ്പൺഎഐ- യെ കടത്തിവെട്ടി 'ചിന്തിക്കുന്ന' എഐ മോഡൽ
'പണം പോയി പ്രതാപം വരട്ടെ', ഇന്ത്യൻ ജെൻ സിയുടെ സ്വപ്നം 'ഐഫോൺ'