
എഐ സാങ്കേതികവിദ്യയ്ക്ക് അപകടസാധ്യതകളുണ്ടെങ്കിലും അതിന്റെ ഗുണങ്ങൾക്കായി ചില ദോഷങ്ങൾ സംഭവിക്കുന്നത് അംഗീകരിക്കാൻ ലോകം തയ്യാറാകണമെന്ന് ഓപ്പൺഎഐ മേധാവി സാം ആൾട്ട്മാൻ. എഐ കൊണ്ടുവരുന്ന വലിയ നേട്ടങ്ങൾ കണക്കിലെടുക്കുമ്പോൾ, സാങ്കേതികവിദ്യയുടെ ദുരുപയോഗവും മറ്റ് അപകടങ്ങളും പൂർണമായി ഒഴിവാക്കാൻ ശ്രമിക്കുന്നതിനേക്കാൾ അതിന്റെ ഗുണങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് മുൻഗണന നൽകണമെന്നാണ് ആൾട്ട്മാന്റെ നിലപാട്.
എഐ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആന്ത്രോപിക് മേധാവി ഡാരിയോ അമോഡെയിയുമായി തനിക്കുള്ള അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ചും ആൾട്ട്മാൻ പ്രതികരിച്ചു. സമീപകാലത്ത് ഇരുവരും എഐ നിയന്ത്രണത്തിന്റെ ആവശ്യകതയെക്കുറിച്ച് പ്രതികരിച്ചിരുന്നെങ്കിലും നിയന്ത്രണം എങ്ങനെയായിരിക്കണം എന്ന കാര്യത്തിൽ ഇരുവർക്കും വ്യത്യസ്ത നിലപാടുകളാണുള്ളതെന്ന് ആൾട്ട്മാൻ പറഞ്ഞു.
“ഇക്കാര്യത്തിൽ ഞങ്ങൾക്കിടയിൽ വലിയ വ്യത്യാസമുണ്ട്,” എന്നാണ് പൊളിറ്റിക്കോയോട് ആൾട്ട്മാൻ പറഞ്ഞത്. എഐ സാങ്കേതികവിദ്യയുടെ ഗുണങ്ങൾ ലഭിക്കുന്നതിനായി ചില അപകടസാധ്യതകൾ ലോകം അംഗീകരിക്കേണ്ടിവരുമെന്നാണ് ഓപ്പൺഎഐയുടെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. ആളുകൾക്ക് സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കണമെന്നതിൽ സ്വാതന്ത്ര്യം നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എഐ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആന്ത്രോപിക് കൂടുതൽ കർശനമായ സമീപനം ആവശ്യപ്പെടുന്നതിനിടെയാണ് ആൾട്ട്മാന്റെ പ്രതികരണം. എഐയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒരു സ്ഥാപനത്തിന് സാങ്കേതികവിദ്യയുടെ പൂർണ നിയന്ത്രണം നൽകുന്നത് ഒരിക്കലും അംഗീകരിക്കാനാകാത്ത വിട്ടുവീഴ്ചയാണെന്നാണ് ആൾട്ട്മാന്റെ നിലപാട്.
ഓപ്പൺഎഐ പിന്തുണയ്ക്കുന്ന താരതമ്യേന ലഘുവായ നിയന്ത്രണ സമീപനത്തിന് വിരുദ്ധമായിരിക്കും അത്തരമൊരു നീക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എഐ ലാബുകൾ സുരക്ഷാ ഭീതിയുടെ പേരിൽ സാങ്കേതികവിദ്യയുടെ വികസനം നിർത്തിവയ്ക്കുന്നതിനേക്കാൾ കൂടുതൽ പുരോഗതിക്കായി പ്രവർത്തിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ആൾട്ട്മാൻ വ്യക്തമാക്കി.
വലിയ ഹാക്കിങ് സംഭവങ്ങളോ എഐയുടെ ദുരുപയോഗമോ തട്ടിപ്പുകളോ മറ്റ് ദോഷങ്ങളോ പൂർണമായി ഇല്ലാതാക്കുമെന്ന് ഉറപ്പുനൽകുന്ന സമീപനം താൻ സ്വീകരിക്കില്ലെന്നും ആൾട്ട്മാൻ പറഞ്ഞു. എഐയുടെ ഉപയോഗത്തിലൂടെ ഉണ്ടാകുന്ന ദോഷങ്ങളേക്കാൾ വളരെ വലിയ തോതിൽ ഗുണകരമായ കാര്യങ്ങൾ ആളുകൾക്ക് ചെയ്യാൻ സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.
ആൾട്ട്മാന്റെ പ്രതികരണം ആന്ത്രോപിക് മേധാവി ഡാരിയോ അമോഡെഇ അടുത്തിടെ നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയാണ്. എഐ സാങ്കേതികവിദ്യയുടെ അപകടസാധ്യതകളെക്കുറിച്ച് വ്യവസായം ഏറെക്കാലമായി ജനങ്ങളോട് സത്യസന്ധമായി സംസാരിച്ചിട്ടില്ലെന്നായിരുന്നു അമോഡെയുടെ ആരോപണം. എഐയ്ക്ക് യഥാർഥ അപകടസാധ്യതകളുണ്ടെന്നും അതിൽ ഏറ്റവും ഗുരുതരമായ അപകടം മനുഷ്യരാശിയുടെ തന്നെ അന്ത്യമായിരിക്കാമെന്നും അമോഡെഇ മുന്നറിയിപ്പ് നൽകിയിരുന്നു.
എഐ നിയന്ത്രണമില്ലാതെ വികസിപ്പിച്ചാൽ അടുത്ത ദശകത്തിനുള്ളിൽ മനുഷ്യരാശിയെ മുഴുവൻ ഇല്ലാതാക്കാൻ പോലും സാധ്യതയുണ്ടെന്ന് ചില എഐ ഗവേഷകർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ജേക്കബ് കോക്സണും ഇവാൻ ഹ്യൂബിംഗറും ഉൾപ്പെടെയുള്ള ഗവേഷകരാണ് ഇത്തരത്തിലുള്ള ആശങ്കകൾ ഉന്നയിച്ചത്. എന്നാൽ എൻവിഡിയ മേധാവി ജെൻസൻ ഹുവാങ് ഇത്തരം പ്രവചനങ്ങളെ തള്ളിക്കളഞ്ഞിട്ടുണ്ട്. എഐ കാരണം കുട്ടികൾക്ക് അടിസ്ഥാന ഗണിതശേഷി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെങ്കിലും പുതിയ തരത്തിലുള്ള കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള വാതിൽ സാങ്കേതികവിദ്യ തുറക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
എഐ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വിഷയത്തിൽ ഇടപെട്ടിരുന്നു. വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഡാരിയോ അമോഡെഇ, ജെൻസൻ ഹുവാങ് ഉൾപ്പെടെയുള്ള സാങ്കേതിക മേഖലയിലെ പ്രമുഖർക്കൊപ്പം ട്രംപ് എഐ കരാറിൽ ഒപ്പുവച്ചു. സുരക്ഷിതമായ എഐ വികസനം ലക്ഷ്യമിടുന്ന സ്വമേധയാ പാലിക്കാവുന്ന കരാറാണിത്. ഇതിന് പിന്നാലെ എഐയെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ ദിശ നൽകുന്ന മറ്റൊരു നടപടിയും ട്രംപ് സ്വീകരിച്ചു. കൃത്രിമ ബുദ്ധിക്ക് പകരം ‘സൂപ്പർ ഇന്റലിജൻസ്’ എന്ന പദം ഉപയോഗിക്കാൻ ഫെഡറൽ ഏജൻസികൾക്ക് നിർദേശം നൽകുന്ന ഉത്തരവിലും അദ്ദേഹം ഒപ്പുവച്ചു.