ടെലിഗ്രാം അപ്ഡേറ്റ്: അമ്പരപ്പിക്കുന്ന പുതിയ മാറ്റങ്ങൾ

Published : Aug 27, 2026, 09:18 AM IST
telegram

Synopsis

ടെലിഗ്രാമിന്റെ 13-ാം വാർഷികത്തോടനുബന്ധിച്ച് പുതിയ അപ്ഡേറ്റ് പുറത്തിറക്കി. പുതിയ അംഗങ്ങൾക്കുള്ള സ്വാഗത സന്ദേശങ്ങൾ, സന്ദേശങ്ങളിലെ ഇന്ററാക്ടീവ് ബട്ടണുകൾ, ടെക്സ്റ്റിനൊപ്പം ഫയലുകളും സംഗീതവും ചേർക്കാനുള്ള സൗകര്യം എന്നിവയാണ് പ്രധാന ഫീച്ചറുകൾ. ഈ മാറ്റങ്ങൾ ഗ്രൂപ്പുകളെയും ചാനലുകളെയും കൂടുതൽ ഇന്ററാക്ടീവാക്കാൻ ലക്ഷ്യമിടുന്നു.

ടെലിഗ്രാം 13-ാം വാർഷികത്തോടനുബന്ധിച്ച് പുതിയ അപ്ഡേറ്റ് പുറത്തിറക്കി. ഗ്രൂപ്പുകൾ, ചാനലുകൾ, സന്ദേശങ്ങൾ, സമ്മാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി പുതിയ ഫീച്ചറുകളാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ അംഗങ്ങൾക്ക് മാത്രമായി കാണാൻ കഴിയുന്ന സ്വാഗത സന്ദേശങ്ങൾ, സന്ദേശങ്ങളിൽ ചേർക്കാവുന്ന ഇന്ററാക്ടീവ് ബട്ടണുകൾ, ടെക്സ്റ്റിനൊപ്പം ഫയലുകളും സംഗീതവും ഉൾപ്പെടുത്താനുള്ള സൗകര്യം എന്നിവയാണ് പ്രധാന മാറ്റങ്ങൾ.

പുതിയ അംഗങ്ങൾക്ക് മാത്രമായി വെൽക്കം മെസേജ്

ഗ്രൂപ്പുകളിലും ചാനലുകളിലും പുതുതായി ചേരുന്ന അംഗങ്ങൾക്കായി പ്രത്യേക സ്വാഗത സന്ദേശങ്ങൾ തയ്യാറാക്കാൻ ഇനി ഉടമകൾക്ക് സാധിക്കും. ഗ്രൂപ്പിലോ ചാനലിലോ നേരത്തെ അംഗങ്ങളായിട്ടുള്ളവർക്ക് ഈ സന്ദേശങ്ങൾ കാണാൻ കഴിയില്ല. അതുകൊണ്ടുതന്നെ പ്രധാന ചാറ്റിനെ ബാധിക്കാതെ പുതിയ അംഗങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ നൽകാൻ ഈ സംവിധാനം സഹായിക്കും. ഒന്നിലധികം സന്ദേശങ്ങളും ചിത്രങ്ങളും മറ്റ് മീഡിയകളും ഉൾപ്പെടുത്തി ഒരു സ്വാഗത പാക്കേജ് തയ്യാറാക്കാനും സാധിക്കും. റിച്ച് ഫോർമാറ്റിങ്, ടേബിളുകൾ, ഇൻലൈൻ മീഡിയ തുടങ്ങിയ സൗകര്യങ്ങളും ഇതിൽ ഉപയോഗിക്കാം. പ്രത്യേക ബോട്ടുകളുടെ സഹായമില്ലാതെ തന്നെ ഗ്രൂപ്പിന്റെയോ ചാനലിന്റെയോ പ്രൊഫൈലിൽ നിന്ന് സ്വാഗത സന്ദേശം തയ്യാറാക്കാൻ സാധിക്കും.

സന്ദേശങ്ങളിൽ ഇന്ററാക്ടീവ് ബട്ടണുകൾ

ഡെവലപ്പർമാർക്ക് ഇനി ടെലിഗ്രാം സന്ദേശങ്ങളിൽ നേരിട്ട് ഇന്ററാക്ടീവ് ബട്ടണുകൾ ഉൾപ്പെടുത്താം. ഗ്രൂപ്പുകളിലും ചാനലുകളിലും ഒന്നിലധികം ബട്ടണുകൾ ചേർക്കാനും താൽക്കാലിക സന്ദേശങ്ങളുമായി ഇവ ബന്ധിപ്പിക്കാനും സാധിക്കും. സർവേകൾ, ഗെയിമുകൾ, ക്വിസുകൾ, ജാതകം, ഉൽപ്പന്നങ്ങൾ പരിശോധിക്കൽ, ഓർഡർ ചെയ്യൽ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് ഈ സംവിധാനം ഉപയോഗിക്കാം. ഒരേ ഗ്രൂപ്പിലെ വ്യത്യസ്‍ത ഉപയോക്താക്കൾക്കായി വ്യത്യസ്‍ത ഗെയിം അനുഭവങ്ങളും ഒരുക്കാനാകും. ഇത്തരം ഇന്ററാക്ടീവ് സംവിധാനങ്ങൾ സൃഷ്‍ടിക്കാൻ കോഡിങ് ആവശ്യമാണ്.

ടെക്സ്റ്റിനൊപ്പം ഫയലുകളും സംഗീതവും

ടെലിഗ്രാമിന്റെ റിച്ച് ടെക്സ്റ്റ് എഡിറ്ററിലും പുതിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇനി ഒരു സന്ദേശത്തിലെ ടെക്സ്റ്റിനൊപ്പം തന്നെ ഡോക്യുമെന്റുകൾ, ഫയലുകൾ, സംഗീതം എന്നിവ ഉൾപ്പെടുത്താം. മൂന്നുവരിയിൽ കൂടുതൽ ടൈപ്പ് ചെയ്തതിന് ശേഷം വിപുലീകരിച്ച എഡിറ്റർ ഉപയോഗിക്കാനാകും. ഇതോടെ ടെക്സ്റ്റിനൊപ്പം ആവശ്യമായ ഫയലുകൾ പ്രത്യേകം സന്ദേശങ്ങളായി അയയ്ക്കേണ്ട സാഹചര്യം ഒഴിവാക്കാം.

പഴയ പതിപ്പുകൾക്ക് അപ്ഡേറ്റ് നിർദേശം

പുതിയ ഫീച്ചറുകൾ പ്രദർശിപ്പിക്കാൻ കഴിയാത്ത പഴയ ആപ്പ് പതിപ്പുകൾക്കായി പ്രത്യേക പ്ലേസ്ഹോൾഡറും ടെലിഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ഫീച്ചറുകൾ ഉപയോഗിക്കാൻ ഏറ്റവും പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്യണമെന്ന് ഈ അറിയിപ്പ് ഉപയോക്താക്കളെ ഓർമിപ്പിക്കും. ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിൽ ഓട്ടോമാറ്റിക് അപ്ഡേറ്റുകൾ പ്രവർത്തനക്ഷമമാക്കാനും ടെലിഗ്രാം നിർദേശിക്കുന്നു. ഇതുവഴി പുതിയ ഫീച്ചറുകൾ ലഭ്യമാകുന്ന മുറയ്ക്ക് ആപ്പ് ഓട്ടോമാറ്റിക്കായി പുതുക്കാൻ സാധിക്കും.

സമ്മാനങ്ങൾക്കും പുതിയ ഫീച്ചർ

ടെലിഗ്രാം മാർക്കറ്റ്പ്ലേസിൽ നിന്ന് വാങ്ങുന്ന കളക്ടബിൾ സമ്മാനങ്ങൾ അയയ്ക്കുമ്പോൾ ഇനി ഒപ്പും കമന്റും ചേർക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. ടെലിഗ്രാം സ്റ്റാർസ് ഉപയോഗിച്ച് ഇത്തരം സമ്മാനങ്ങൾ വാങ്ങാം. അപൂർവവും അപ്ഗ്രേഡ് ചെയ്തതുമായ കളക്ടബിൾ സമ്മാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഗ്രൂപ്പുകളും ചാനലുകളും കൂടുതൽ ഇന്ററാക്ടീവാക്കുന്നതിനൊപ്പം സന്ദേശങ്ങൾ കൂടുതൽ സമ്പന്നമാക്കുകയാണ് പുതിയ അപ്ഡേറ്റിലൂടെ ടെലിഗ്രാം ലക്ഷ്യമിടുന്നത്.

PREV
Read more Articles on
click me!

Recommended Stories

ബാങ്കിന്‍റെ പേരിൽ വ്യാജ ആപ്പ്! ഒറ്റ ക്ലിക്കിൽ പണം പോകും; ഫയർബേസിനെ ദുരുപയോഗം ചെയ്ത് വൻ തട്ടിപ്പ്
ചിപ്പുകൾ മാത്രം പോരാ! ഭൂമിയും വൈദ്യുതിയും ഡാറ്റാ സെന്‍ററും വാടകയ്ക്ക് നൽകാൻ എൻവിഡിയ