അവസാനമായി നിങ്ങള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നാണെന്ന് വരെ ഫേസ്ബുക്കിനറിയാം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.!

By Web TeamFirst Published Sep 10, 2019, 9:34 PM IST
Highlights

ബ്രിട്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രൈവസി ഇന്‍റര്‍നാഷണല്‍ എന്ന സ്ഥാപനമാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. നാം തൊട്ട് അടുപ്പമുള്ളവരോട് പോലും പങ്കുവയ്ക്കാന്‍ മടിക്കുന്ന കാര്യങ്ങള്‍ ഫേസ്ബുക്കിനറിയാം. 

ലണ്ടന്‍: ആര്‍ത്തവ ചക്രത്തിന്‍റെയും മറ്റ് ആരോഗ്യ കാര്യങ്ങളും അറിയാന്‍ സ്ത്രീകള്‍ ഉപയോഗിക്കുന്ന ആപ്പുകളില്‍ നിന്നും വിവരങ്ങള്‍ ചോരുന്നു എന്ന് ആരോപണം.
മെന്‍സ്‌ട്രേഷന്‍ ട്രാക്കിംഗ് ആപ്ലിക്കേഷനുകള്‍ തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്കിനടക്കം കൈമാറുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.മായ (Maya), എംഐഎ ഫെം (MIA Fem) എന്നീ ആപ്പുകളാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറുന്നതെന്നാണ് വിവരം. 

ബ്രിട്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രൈവസി ഇന്‍റര്‍നാഷണല്‍ എന്ന സ്ഥാപനമാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. നാം തൊട്ട് അടുപ്പമുള്ളവരോട് പോലും പങ്കുവയ്ക്കാന്‍ മടിക്കുന്ന കാര്യങ്ങള്‍ ഫേസ്ബുക്കിനറിയാം. എന്നാണ് നിങ്ങള്‍ അവസാനമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് ഫേസ്ബുക്ക് മനസ്സിലാക്കിയിരിക്കുമെന്ന് സാരം. തങ്ങളുടെ പരസ്യങ്ങള്‍ ഫേസ്ബുക്കിന് കൃത്യമായി ലക്ഷ്യത്തിലെത്തിക്കാന്‍ ഈ വിവരങ്ങള്‍ സഹായകമാകുന്നുണ്ടെന്നാണ് വിവരം. 

തങ്ങള്‍ക്ക് വിവിധ ആപ്ലിക്കേഷനുകളില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഫേസ്ബുക്കും സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഈ വിവരങ്ങള്‍ പരസ്യദാതാക്കള്‍ക്ക് കൈമാറില്ലെന്നാണ് ഫേസ്ബുക്കിന്റെ വാദം. ഉപയോക്താക്കള്‍ മായ, എംഐഎ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന നിമിഷം മുതല്‍ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറ്റം ചെയ്യപ്പെടുന്നു. പ്രൈവസി പോളിസി ഉപയോക്താവ് അംഗീകരിക്കുന്നതിനു മുമ്പു തന്നെ ഈ ഷെയറിങ് നടക്കുന്നതായി പ്രൈവസി ഇന്‍റര്‍നാഷണല്‍ കണ്ടെത്തി. 

പിരീഡ്, ഗര്‍ഭകാല ട്രാക്കിങ് ആപ്പുകളാണ് ഇവയെന്നതിനാല്‍ തത്സംബന്ധിയായ എല്ലാ വിവരങ്ങള്‍ ഇവര്‍ക്ക് ലഭിക്കും. ലൈംഗികാരോഗ്യം ട്രാക്ക് ചെയ്യാനും ഈ ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇവരുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്കിന് ലഭിക്കും എന്നാണ് പ്രൈവസി ഇന്‍റര്‍നാഷണല്‍ പറയുന്നു.

click me!