രണ്ട് മണിക്കൂർ വീഡിയോ ട്വീറ്ററിൽ അപ്പ് ചെയ്യാവുന്ന അപ്ഡേറ്റെത്തി, വൈകിയില്ല പുത്തൻ സിനിമയുടെ വ്യാജ പതിപ്പെത്തി

By Prabeesh bhaskarFirst Published May 26, 2023, 12:09 PM IST
Highlights

ജോൺ വിക്കിന്റെ വ്യാജ പതിപ്പ് ട്വിറ്ററിൽ. ഈ വർഷം പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ  കീനു റീവ്‌സിന്റെ ജോൺ വിക്ക് ചാപ്റ്റർ 4ന്റെ വ്യാജൻ ട്വിറ്ററിൽ വൈറലാണിപ്പോൾ

ജോൺ വിക്കിന്റെ വ്യാജ പതിപ്പ് ട്വിറ്ററിൽ. ഈ വർഷം പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ  കീനു റീവ്‌സിന്റെ ജോൺ വിക്ക് ചാപ്റ്റർ 4 -ന്റെ വ്യാജൻ ട്വിറ്ററിൽ വൈറലാണിപ്പോൾ. എച്ച്ഡി ക്വാളിറ്റിയുള്ള സിനിമ ആർക്ക് വേണമെങ്കിലും ഡൗൺലോഡ് ചെയ്യുകയോ ഓൺലൈനായി കാണുകയോ ചെയ്യാനാകും. ട്വിറ്ററിൽ രണ്ട് മണിക്കൂറോളം ദൈർഘ്യമുള്ള വീഡിയോകൾ അപ് ലോഡ് ചെയ്യാനുള്ള സൗകര്യം കഴിഞ്ഞ ദിവസമാണ് ട്വിറ്റർ ബ്ലൂ വരിക്കാർക്ക് ലഭ്യമാക്കി തുടങ്ങിയത്. 

ഈ സൗകര്യമാണ് ഇപ്പോൾ ദുരുപയോഗം ചെയ്യുന്നത്.പുതിയ അപ്ഡേറ്റ് വന്നതോടെ  ആളുകൾ ഒരു സിനിമ മുഴുവൻ ട്വിറ്ററിൽ അപ് ലോഡ് ചെയ്യാൻ തുടങ്ങിയിരിക്കുകയാണ്. ഷ്രെക്ക്, ഈവിൾ ഡെഡ് പോലുള്ള നിരവധി സിനിമകൾ  അപ് ലോഡ് ചെയ്ത കൂട്ടത്തിലുണ്ട്. മാർച്ച് 24നാണ് ജോൺ വിക്ക് തിയറ്ററിലെത്തിയത്.  സിനിമ പുറത്തിറങ്ങി രണ്ടാമത്തെ മാസമാണ് സിനിമ ട്വിറ്ററിൽ അപ് ലോഡ് ചെയ്തിരിക്കുന്നത്. സിനിമയ്ക്ക് രണ്ട് മണിക്കൂറിൽ കൂടുതൽ ദൈർഘ്യമുള്ളതിനാൽ രണ്ട് ഭാഗങ്ങളായാണ് സിനിമ അപ് ലോഡ് ചെയ്തിരിക്കുന്നത്. 

സിനിമ ഷെയർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ 40 ലക്ഷത്തിലേറെ പേർ സിനിമ കണ്ടുകഴിഞ്ഞു. 12000 ൽ ഏറെ റീട്വീറ്റുകളും 76000 ലധികം ലൈക്കുകളും ട്വീറ്റിന് ലഭിച്ചിട്ടുണ്ട്. ജൂൺ 23 നാണ് ജോൺ വിക്ക് ചാപ്റ്റർ 4 ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ലയൺഗേറ്റ് പ്ലേ വഴിയാണ് സിനിമ പുറത്തിറങ്ങുന്നത്. 2014 ലാണ് ജോൺ വിക്ക് ഫ്രാഞ്ചൈസിലെ ആദ്യ സിനിമ പുറത്തിറങ്ങിയത്. ചാഡ് സ്റ്റഹേൽസ്‌കിയാണ്  സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.  സിനിമ പുറത്തിറങ്ങി 24 മണിക്കൂർ പിന്നിട്ടിട്ടും ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് പ്രതികരണങ്ങളൊന്നുമുണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Read more: 'മനുഷ്യാകാരമുള്ള റോബോട്ടുകൾ എത്തും, മനുഷ്യനേക്കാൾ ചെലവും കുറയും'; ഇനിയുമുണ്ട് ബിൽഗേറ്റ്സിന്റെ പ്രവചനങ്ങൾ!

ട്വിറ്ററിന്റെ പുതിയ സിഇഒയായി ലിൻഡ യാക്കാരിനോ ചുമതലയേൽക്കുമെന്ന്  നേരത്തെ ട്വിറ്റർ സിഇഒ എലോൺ മസ്ക് അറിയിച്ചിരുന്നു. എൻബിസി യുണിവേഴ്‌സലിന്റെ പീക്കോക്ക് എന്ന സ്ട്രീമിങ് സേവനത്തിലേക്ക് വരുമാനം കണ്ടെത്തുന്നത് ലിൻഡയാണ്. ആപ്പിൾ, സ്‌നാപ്ചാറ്റ്, ബസ്ഫീഡ്, ട്വിറ്റർ, യൂട്യൂബ് എന്നിവരുമായുള്ള പാർട്ണർഷിപ്പിൽ കമ്പനിയ്ക്ക് വേണ്ടി 10000 കോടി ഡോളർ ഇവർ സമാഹരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവരുടെ വരവോടെ ട്വിറ്ററിന്റെ പ്രവർത്തനത്തിൽ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

click me!