'ഫ്ലീറ്റ്' ഫീച്ചറുമായി ട്വിറ്റര്‍; അവതരിപ്പിക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ

By Web TeamFirst Published Jun 10, 2020, 8:19 PM IST
Highlights

വിവിധതലത്തില്‍ നടത്തിയ ടെസ്റ്റിങ്ങിലൂടെ ഇന്ത്യന്‍ ട്വിറ്റര്‍ ഉപയോക്താക്കളുടെ അഭിരുചികള്‍ മനസിലാക്കിയാണ് ഇത്തരത്തില്‍ ഒരു ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചതെന്നും, ട്വിറ്റര്‍ എംഡി അറിയിച്ചു. 

ദില്ലി: ഫേസ്ബുക്ക് സ്റ്റോറീസ്, ഇന്‍സ്റ്റഗ്രാം സ്റ്റോറീസ്, വാട്ട്സ്ആപ്പ് സ്റ്റാറ്റസ് മോഡലില്‍ ഫ്ലീറ്റ്സ് അവതരിപ്പിച്ച് ട്വിറ്റര്‍. ഇന്ത്യയിലാണ് ഇത് രണ്ടാംഘട്ടത്തില്‍ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ അവതരിപ്പിക്കുന്നത്. നേരത്തെ ആദ്യഘട്ടത്തില്‍ ബ്രസീലില്‍ ഈ സേവനം ട്വിറ്റര്‍ ലഭ്യമാക്കിയിരുന്നു. വന്‍ ഡിജിറ്റല്‍ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റായി മാറുന്ന ഇന്ത്യ, ബ്രസീല്‍ പോലുള്ള രാജ്യങ്ങളില്‍ ഭാവിയിലേക്കുള്ള സാധ്യതകള്‍ കൂടി മുന്നില്‍ കണ്ടാണ് ട്വിറ്റര്‍ ഇത്തരം ഒരു സേവനം ആദ്യം അവതരിപ്പിക്കുന്നത്.

നേരത്തെ ചില ടെക് സര്‍വേകള്‍ പ്രകാരം ഫേസ്ബുക്കിന്‍റെയും ഇന്‍സ്റ്റഗ്രാമിന്‍റെയും സ്റ്റോറീസും, വാട്ട്സ്ആപ്പ് സ്റ്റാറ്റസും കൂടുതല്‍ ഉപയോഗിക്കുന്നത് ഇന്ത്യ പോലുള്ള വളരുന്ന ടെക് മാര്‍ക്കറ്റുള്ള രാജ്യങ്ങളിലാണെന്ന് വെളിപ്പെട്ടിരുന്നു. ഇതിന്‍റെ ഭാഗമായി കൂടിയാണ് ട്വിറ്റര്‍ ബ്രസീലിനെയും ഇന്ത്യയെയും ഈ സേവനം ആദ്യം നടപ്പിലാക്കാന്‍ തിരഞ്ഞെടുത്തത് എന്ന് അനുമാനിക്കാം. 

ആഗോള മാര്‍ക്കറ്റില്‍ അതിവേഗം വളരുന്ന ട്വിറ്ററിന്‍റെ ഏറ്റവും വലിയ മാര്‍ക്കറ്റില്‍ ഒന്നാണ് ഇന്ത്യ. അതിനാല്‍ തന്നെ വളരെ അഭിമാനത്തോടെയാണ് ആദ്യം തന്നെ ഫ്ലീറ്റ് ഫീച്ചര്‍ അവതരിപ്പിച്ച മൂന്ന് രാജ്യങ്ങളില്‍ ഇന്ത്യയെയും തിരഞ്ഞെടുത്തത് - ട്വിറ്റര്‍ ഇന്ത്യ എംഡി മനീഷ് മഹേശ്വരി പ്രതികരിച്ചു.

വിവിധതലത്തില്‍ നടത്തിയ ടെസ്റ്റിങ്ങിലൂടെ ഇന്ത്യന്‍ ട്വിറ്റര്‍ ഉപയോക്താക്കളുടെ അഭിരുചികള്‍ മനസിലാക്കിയാണ് ഇത്തരത്തില്‍ ഒരു ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചതെന്നും, ട്വിറ്റര്‍ എംഡി അറിയിച്ചു. 

അതേ സമയം ആഗോളതലത്തില്‍ ഫ്ലീറ്റ് എപ്പോള്‍ ട്വിറ്റര്‍ അവതരിപ്പിക്കും എന്നത് ഇന്നും വ്യക്തമല്ല. എന്നാല്‍ സ്റ്റോറീസ് എന്ന ഈ പ്രത്യേകത ആദ്യം സ്നാപ്ചാറ്റിലാണ് അവതരിപ്പിക്കപ്പെട്ടത്. പിന്നീട് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇപ്പോള്‍ സുപരിചിതമാണ്.

click me!