'കുത്തിട്ടിട്ട്' കാര്യമുണ്ടോ? ഫേസ്ബുക്ക് അല്‍ഗോരിതത്തിന് പിന്നിലെ കാര്യമെന്ത്

By Arun Raj K MFirst Published Jan 10, 2023, 9:25 PM IST
Highlights

സർവ്വത്ര കുത്തുമയമാണ്. ഈ കുത്തിടൽ കൊണ്ടെന്തെങ്കിലും ഗുണമുണ്ടോ? എങ്ങനെയാണ് ഫേസ്ബുക്ക് നമ്മുക്കിഷ്ടപ്പെടുന്ന പോസ്റ്റുകൾ കാണിച്ച് തരുന്നത്?

രിടവേളയ്ക്ക് ശേഷം ഫേസ്ബുക്കിൽ വീണ്ടും കുത്തിടൽ ട്രെൻഡ് തുടങ്ങിയിരിക്കുകയാണ്. സർവ്വത്ര കുത്തുമയമാണ്. ഈ കുത്തിടൽ കൊണ്ടെന്തെങ്കിലും ഗുണമുണ്ടോ? എങ്ങനെയാണ് ഫേസ്ബുക്ക് നമ്മുക്കിഷ്ടപ്പെടുന്ന പോസ്റ്റുകൾ കാണിച്ച് തരുന്നത്? കുത്തിട്ടത് കൊണ്ട് പ്രത്യേകിച്ചൊരു കാര്യവുമില്ല എന്നതാണ് വാസ്തവം. ഒരു കുത്തിട്ടത് കൊണ്ട് ആ പോസ്റ്റിട്ടയാളുടെ പോസ്റ്റുകൾ നിങ്ങലുടെ ഫീഡിൽ കൂടുതൽ പ്രത്യക്ഷപ്പെടാൻ പോകുന്നില്ല. കുത്തിട്ടവരെല്ലാം നാളെ നിങ്ങളിടുന്ന മറ്റൊരു പോസ്റ്റ് കാണണമെന്നുമില്ല. 

ഫേസ്ബുക്ക് ആൽഗോരിതത്തെ പഴിചാരിയാണ് കുത്ത് പോസ്റ്റുകൾ വീണ്ടും രംഗപ്രവേശം ചെയ്യുന്നത്. ഒരു കാര്യം എങ്ങനെ ചെയ്യണമെന്ന നിർദ്ദേശം മാത്രമാണ് അൽഗോരിതം. അതായത് ഏതൊക്കെ പോസ്റ്റ് ആളുകൾ കാണണം എങ്ങനെയുള്ള പോസ്റ്റുകൾ ഒളിച്ചുവയ്ക്കണം എന്നൊക്കെ ഫേസ്ബുക്ക് ഒരിടത്ത് എഴുതി വച്ചിട്ടുണ്ട് അതിന്‍റെ അടിസ്ഥാനത്തിലാണ് സംവിധാനം പ്രവർത്തിക്കുന്നത്. ഈ അൽഗോരിതം പലവട്ടം കാലാനുസൃതമായ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. നിലവിലെ അൽഗോരിതം അനുസരിച്ച് ഒരു പോസ്റ്റ് നിങ്ങളെ കാണിക്കും മുമ്പ് ഫേസ്ബുക്ക് ചോദിക്കുന്ന സ്വയം ചില ചോദ്യങ്ങളുണ്ട്.

ഈ പോസ്റ്റിട്ടത് സുഹൃത്തോ സ്ഥിരം നിങ്ങൾ ഫോളോ ചെയ്യുന്ന പേജോ ആണോ? എപ്പോഴാണ് പോസ്റ്റിട്ടത്, എവിടെ നിന്നാണ് പോസ്റ്റിട്ടിരിക്കുന്നത്, നിങ്ങൾ എവിടെയാണ്., നിങ്ങൾ ഫേസ്ബുക്ക് തുറക്കുന്ന സമയമേതാണ്? നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷന് എത്ര വേഗമുണ്ട് എന്നതൊക്കെ അതിൽ ചിലതാണ്. നിങ്ങൾ കൂടുതൽ ഇടപെടുന്ന ആളുകളുടെ പോസ്റ്റുകളാണ് കൂടുതലായി നിങ്ങളിലേക്കെത്തുക. സ്ഥിരം ചാറ്റ് ചെയ്യുന്ന, സ്ഥിരം ലൈക്ക് അടിക്കുന്ന, സ്ഥിരം കമന്‍റ് ചെയ്യുന്ന ഒരു സുഹൃത്തുണ്ടെങ്കിൽ ആ പോസ്റ്റുകൾ സ്വാഭാവികമായും നിങ്ങളിലേക്ക് കൂടുതലെത്തും. അതിനുമപ്പുറം ചില പ്രവചന രീതികളും ഫേസ്ബുക്കിന്‍റെതായുണ്ട്.

മുമ്പ് പ്രതികരിച്ച പോസ്റ്റുകളുടെ സ്വഭാവം വച്ച് ഒരു പോസ്റ്റ് നിങ്ങൾക്ക് ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന് അൽഗോരിതം തീരുമാനിക്കും. താൽപര്യമില്ലാത്ത കാര്യം നിങ്ങളെ കാണിക്കാൻ ഫേസ്ബുക്കിനും ഒരു താൽപര്യവുമില്ല. ഒരു കുറിപ്പാണ് പോസ്റ്റ് ചെയ്തതെങ്കിൽ അതിന്‍റെ നീളവും അതിലെ ഉള്ളടക്കവും വച്ചായിരിക്കും പ്രവചനം. നീണ്ട പോസ്റ്റുകൾ വായിച്ചുപോലും നോക്കാത്തയാളാണെങ്കിൽ അത്തരം പോസ്റ്റുകൾ നിങ്ങളിലേക്കെത്തിക്കാൻ ഫേസ്ബുക്കും ശ്രമിക്കില്ല. സിനിമ കാണാൻ ഇഷ്ടമുണ്ടെന്ന് മനസിലായാൽ സിനിമ പോസ്റ്റുകൾ നിറയുന്നതും, ടെക് ഇഷ്ടപ്പെടുന്നവർക്ക് ആ പോസ്റ്റുകൾ കൂടുതലെത്തുന്നതും ഇങ്ങനെയൊക്കെയാണ്. ലൈക്കടിക്കാനും കമന്റടിക്കാനും മുഴുവൻ വായിക്കാനും എത്രത്തോളം സാധ്യതയുണ്ടെന്ന് അളക്കാൻ ഫേസ്ബുക്കിന് നിങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ട്. അത് കൊണ്ട് കുത്തിട്ടൊന്നും ഫേസ്ബുക്കിനെ പറ്റിക്കാനാവില്ല.

ആളുകളെ ആകർഷിക്കാൻ വേണ്ടിയിടുന്ന സ്പാം പോസ്റ്റുകളെ തിരിച്ചറിയാനും വ്യാജ വിവരങ്ങളെയും മനപ്പൂർവ്വം തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകളെ ഇകഴ്ത്താനും കഴിവുള്ളതാണ് നിലവിലെ അൽഗോരിതമെന്നാണ് അവകാശ വാദം. ഇതിനെതിരെ ഒരു കുന്ന് ആക്ഷേപവമുണ്ട്. രാഷ്ട്രീയ താൽപര്യമനുസരിച്ച് തെറ്റായ വിവരങ്ങൾ വരെ ഉപയോക്താവിലേക്കെത്തിക്കാൻ ഫേസ്ബുക്ക് മനപ്പൂർവ്വം ശ്രമം നടത്തുന്നതിനെ പറ്റി ലോകവ്യാപകമായി പരാതിയുമുണ്ട്. അൽഗോരിതം പറയുന്ന അത്ര സ്മാർട്ടല്ലാത്തത് കൊണ്ട് കൂടിയാണല്ലോ എഫ്ബി ടിക്ടോക്കിന് മുമ്പിൽ വിയർക്കുന്നതും.

click me!