ലോകത്തിലെ പ്രമുഖ എഐ കമ്പനികൾക്ക് കനത്ത വെല്ലുവിളി ഉയർത്തി, 22 വയസ്സുള്ള രണ്ട് യുവാക്കളുടെ എഐ മോഡൽ വിസ്‌മയം തീർക്കുന്നു. സാപ്പിയന്റ് ഇന്റലിജൻസ് എന്ന കമ്പനിയുടെ സഹസ്ഥാപകരായ വില്യം ചെൻ, ഗുവാൻ വാങ് എന്നീ സുഹൃത്തുക്കളാണ് ടെക് ലോകത്ത് തരംഗമാകുന്നത്.
ലോകത്ത് അതിവേഗം വളരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ രണ്ട് ജെൻ സി വിദ്യാർത്ഥികൾ തരംഗം സൃഷ്ടിക്കുകയാണ്. മൈക്രോസോഫ്റ്റും ഗൂഗിളും ഭരിക്കുന്ന എഐ ലോകത്തിന് വെല്ലുവിളിയുമായി എത്തിയ ഈ 22-കാരെ തേടി എത്തിയതാകട്ടെ ടെക് ലോകത്തെ പ്രമുഖൻ ഇലോൺ മസ്‌ക് തന്നെ. എന്നാൽ, മസ്‌കിന്റെ xAI കമ്പനിയുടെ മൾട്ടി മില്യൺ ഡോളർ വാഗ്‌ദാനം പോലും നിരസിച്ച് മുന്നോട്ട് പോവുകയായിരുന്നു വില്യം ചെൻ, ഗുവാൻ വാങ് എന്നീ രണ്ട് സുഹൃത്തുക്കൾ. പ്രമുഖ എഐ കമ്പനികൾക്ക് കനത്ത വെല്ലുവിളി ഉയർത്തികൊണ്ടണ് ഈ രണ്ട് യുവാക്കളുടെ എഐ മോഡൽ വിസ്‌മയം തീർക്കുന്നത്. ഇവരുടെ സ്വന്തം സ്ഥാപനമായ 'സാപ്പിയന്റ് ഇന്റലിജൻസ്' പുറത്തിറക്കിയ പുതിയ എഐ മോഡലാണ് ഇപ്പോൾ ടെക് ലോകത്തെ ചർച്ച വിഷയം.
സുഹൃത്തുക്കളുടെ 'മെഗാ' ദൗത്യം
മിഷിഗണിലെ ഹൈസ്‌കൂളിൽ വെച്ച് തുടങ്ങിയ ഇവരുടെ സൗഹൃദത്തിന് പിന്നിൽ വലിയൊരു ലക്ഷ്യമുണ്ടായിരുന്നു. മനുഷ്യരേക്കാൾ ബുദ്ധിയുള്ള ഒരു എഐ സംവിധാനം നിർമ്മിക്കുക. "നമ്മൾ ഇത് കണ്ടെത്തിയില്ലെങ്കിൽ മറ്റാരെങ്കിലും കണ്ടെത്തും. അത് ആദ്യം ഞങ്ങളാവണം," എന്നതായിരുന്നു വില്യം ചെന്നിന്‍റെ നിലപാട്. ചൈനയിലെ പ്രമുഖ സിങ്ഹുവ യൂണിവേഴ്‌സിറ്റിയിൽ പഠനം തുടരുന്നതിനിടയിലാണ് ഇവർ എഐ ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. നിലവിലുള്ള 'ലാർജ് ലാംഗ്വേജ് മോഡലുകളുടെ' (LLM) പരിമിതികൾ മറികടക്കാൻ ഒരു പുതിയ ശൈലി ആവശ്യമാണെന്ന് ഇവർ തിരിച്ചറിഞ്ഞു.
ഓപ്പൺചാറ്റ്, മസ്‌കിന്റെ ശ്രദ്ധയിൽ
ഇവരുടെ ആദ്യത്തെ വിജയമായിരുന്നു ഓപ്പൺചാറ്റ് എന്ന ചെറിയ എൽഎൽഎം മോഡൽ. ഉയർന്ന നിലവാരമുള്ള സംഭാഷണങ്ങളിൽ പരിശീലനം നൽകിയ ഈ മോഡൽ, സ്വയം മെച്ചപ്പെടുത്താൻ കഴിവുള്ള രീതിയിലാണ് രൂപകൽപ്പന ചെയ്‌തത്. ഈ മോഡൽ അക്കാദമിക് ലോകത്ത് വലിയ ശ്രദ്ധ നേടിയതോടെയാണ് ഇലോൺ മസ്‌കിന്റെ xAI ഇവരെ സമീപിക്കുന്നത്. എങ്കിലും, തങ്ങളുടെ സ്വപ്‌നം മറ്റാർക്കും കൈമാറാൻ തയ്യാറാകാതെ, മസ്‌കിന്റെ വലിയ ഓഫർ അവർ നിരസിച്ചു. ആ തീരുമാനം ഇവർക്ക് പുതിയൊരു വഴി തുറന്നു, അത് 'ഹയറാർക്കിക്കൽ റീസണിംഗ് മോഡൽ' (HRM) എന്ന വിപ്ലവകരമായ മോഡലിന്റെ പിറവിക്ക് കാരണമായി.
ഓപ്പൺഎഐയെ കടത്തിവെട്ടി എച്ച്ആർഎം
സാപ്പിയന്റ് ഇന്റലിജൻസിന്റെ ഈ 'ഹയറാർക്കിക്കൽ റീസണിംഗ് മോഡൽ' (എച്ച്ആർഎം), അബ്സ്ട്രാക്റ്റ് റീസണിംഗ് അളക്കുന്ന ടെസ്റ്റുകളിൽ വമ്പൻമാരായ ഓപ്പൺഎഐ, ആന്ത്രോപിക്, ഡീപ്‌സീക്ക് എന്നിവയുടെ സിസ്റ്റങ്ങളെ കടത്തിവെട്ടി. വെറും 27 മില്യൺ പാരാമീറ്ററുകൾ മാത്രമുള്ള ഒരു പ്രോട്ടോടൈപ്പ് ഉപയോഗിച്ചാണ് സുഡോകു പസിലുകൾ, മെയ്‌സ് സോൾവിംഗ്, ARC-AGI ബെഞ്ച്മാർക്ക് പോലുള്ള സങ്കീർണ്ണ ടാസ്ക്കുകൾ ഇവരുടെ മോഡൽ വിജയകരമായി പൂർത്തിയാക്കിയത്. ട്രഡീഷണൽ എഐ മോഡലുകൾ അടുത്ത വാക്ക് ഊഹിച്ച് പറയുമ്പോൾ,എച്ച്ആർഎം- ൽ ഉപയോഗിക്കുന്നത് മനുഷ്യന്റെ ചിന്തകളെ അനുകരിക്കുന്ന ദ്വിമുഖ ആവർത്തന ഘടനയാണ്.
അതുകൊണ്ട് തന്നെ, "ഇതൊരു ഊഹമല്ല, കൃത്യമായ ചിന്തയാണ്," എന്ന് വില്യം ചെൻ പറയുന്നു.
സാധാരണ എൽഎൽഎം-കളെ അപേക്ഷിച്ച് എച്ച്ആർഎം തെറ്റായ വിവരങ്ങൾ നൽകാനുള്ള സാധ്യതയും കുറവാണ്. കാലാവസ്ഥാ പ്രവചനം, ട്രേഡിംഗ്, മെഡിക്കൽ മോണിറ്ററിംഗ് തുടങ്ങിയ മേഖലകളിൽ ഈ മോഡൽ ഇതിനകം തന്നെ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. സ്വപ്നങ്ങളെ പിന്തുടരാൻ കോടികളുടെ ഓഫർ വേണ്ടെന്ന് വെച്ച ഈ യുവ സംരംഭകർ, വൈകാതെ തന്നെ സാപ്പിയന്റ് ഇന്റലിജൻസിന്റെ യുഎസ് ഓഫീസ് തുറക്കാനുള്ള ഒരുക്കത്തിലാണ്.

