ഫ്രീ കോള്‍ കാലം അവസാനിക്കുന്നു; ജിയോയ്ക്ക് പിന്നാലെ മറ്റു കമ്പനികളും

By Web TeamFirst Published Oct 10, 2019, 11:46 AM IST
Highlights

ഈടാക്കുന്ന പൈസക്ക് തുല്യമായി ഇന്‍റര്‍നെറ്റ് ഡാറ്റ നല്‍കുമെന്ന് ജിയോ വാഗ്ദാനം നല്‍കുന്നുണ്ട്. ജിയോ ഫോണുകളിലേക്കുള്ള കോളുകള്‍ക്ക് പണം ഈടാക്കില്ല.

മുംബൈ: കഴിഞ്ഞ ദിവസമാണ് ജിയോഇതര നെറ്റ്വര്‍ക്കുകളിലേക്ക് ജിയോയില്‍ നിന്നും ചെയ്യുന്ന ഫോണ്‍കോളുകള്‍ക്ക് ജിയോ ചാര്‍ജ് ഏര്‍പ്പെടുത്തും എന്ന് പ്രഖ്യാപിച്ചത്. 6 പൈസയാണ് ഒരു മിനുട്ടിന് ചാര്‍ജ്. രാജ്യത്ത് വോയിസ് കോളുകള്‍ ഫ്രീയാണ് എന്ന അവസ്ഥ ഇതോടെ അവസാനിക്കുകയാണ് എന്നാണ് ടെലികോം മേഖലയില്‍ നിന്നുള്ള വാര്‍ത്ത. 

അതേസമയം, ഈടാക്കുന്ന പൈസക്ക് തുല്യമായി ഇന്‍റര്‍നെറ്റ് ഡാറ്റ നല്‍കുമെന്ന് ജിയോ വാഗ്ദാനം നല്‍കുന്നുണ്ട്. ജിയോ ഫോണുകളിലേക്കുള്ള കോളുകള്‍ക്ക് പണം ഈടാക്കില്ല. ജിയോ ടു ജിയോ, ലാന്‍ഡ്‍ലൈന്‍, സോഷ്യല്‍ മീഡിയ ആപ്പ് ഉപയോഗിച്ചുള്ള കാളുകള്‍ എന്നിവക്ക് നിരക്ക് ബാധകമല്ല. 2020 ജനുവരി വരെ കാളുകള്‍ക്കുള്ള കുറഞ്ഞ നിരക്ക് ആറ് പൈസയായി ട്രായി കുറച്ചിരുന്നു. ഈ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ അവശേഷിക്കെയാണ് പണമിടാക്കാനുള്ള ജിയോയുടെ നീക്കം. തുടക്കം മുതല്‍ ജിയോ സൗജന്യമായിട്ടായിരുന്നു വോയിസ് കോളുകള്‍ അനുവദിച്ചത്.

എന്നാല്‍ ജിയോയുടെ വഴി പിന്തുടരാന്‍ ഒരുങ്ങുകയാണ് പ്രമുഖ ടെലികോം കമ്പനികള്‍ എന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍. ജിയോയുടെ കടന്നുവരവോടെ വന്‍ നഷ്ടം നേരിട്ട ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവ ഈ വഴിക്കുള്ള ആലോചനയിലാണ് എന്നാണ് വിപണിയിലെ വര്‍ത്തമാനം. ഓഫ്‌-നെറ്റ് ഔട്ട്‌ഗോയിങ് കോളുകൾക്ക് മറ്റു കമ്പനികളും നിരക്ക് ഈടാക്കാൻ ടെലികോം കമ്പനികള്‍ ഗൗരവമായി ആലോചിച്ച് വരുമ്പോഴാണ് ആ വഴി തുറന്ന് ജിയോയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്. 

ഇതോടെ വൈകാതെ തന്നെ രാജ്യത്തെ വിവിധ ടെലികോം കമ്പനികൾ നല്‍കുന്ന അൺലിമിറ്റഡ് ഫ്രീ കോൾ അവസാനിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്. ഓഫ്-നെറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾക്ക് പ്രത്യേകം ചാർജ് ചെയ്യുന്നതിലൂടെയോ അല്ലെങ്കിൽ ഇപ്പോള്‍ നല്‍കുന്ന പാക്കുകളുടെ ചാര്‍ജ് വര്‍ദ്ധനയിലൂടെയോ സാമ്പത്തിക ലാഭമാണ് എയര്‍ടെല്‍ ലക്ഷ്യം വയ്ക്കുന്നത്. 

അതേ സമയം ജിയോ പുതിയ ചാര്‍ജ് പ്രഖ്യാപിച്ചതോടെ എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയുടെ ഓഹരികൾ വ്യാഴാഴ്ച രാവിലെ യഥാക്രമം 3.65 ശതമാനവും 4.45 ശതമാനവും ഉയർന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികളും 2.43 ശതമാനം ഉയർന്നു. 
 

click me!