വിന്‍ഡോസ് 10 ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്; പുതിയ ഇന്‍റര്‍നെറ്റ് പ്രശ്നം

By Web TeamFirst Published Jul 19, 2020, 9:05 AM IST
Highlights

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മെയ് മാസത്തിലെ അപ്ഡേറ്റ് സ്വീകരിച്ച ചില വിന്‍ഡോസ് 10, 2014 പതിപ്പ് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഇന്‍റര്‍നെറ്റ് കണക്ഷനില്‍ ചില പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്

ന്യൂയോര്‍ക്ക്: വിന്‍ഡോസ് 10 കഴിഞ്ഞ മെയ് മാസത്തിലാണ് ചില ബഗ്ഗുകള്‍ക്ക് പരിഹാരമായി ഒരു അപ്ഡേഷന്‍ നല്‍കിയത്. എന്നാല്‍ ഈ അപ്ഡേഷന്‍ എടുത്തവര്‍ക്ക് പുതിയ പ്രശ്നം സോഫ്റ്റ്വെയറില്‍ ഉണ്ടായിരിക്കുകയാണ്. ഇതുവരെ പരിഹരിക്കപ്പെടാത്ത ഈ വിഷയം ഒടുവില്‍ മൈക്രോസോഫ്റ്റ് തന്നെ സമ്മതിച്ചുവെന്നാണ് പുതിയ വാര്‍ത്ത.

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മെയ് മാസത്തിലെ അപ്ഡേറ്റ് സ്വീകരിച്ച ചില വിന്‍ഡോസ് 10, 2014 പതിപ്പ് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഇന്‍റര്‍നെറ്റ് കണക്ഷനില്‍ ചില പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. വയര്‍ലെസ് ഇന്‍റര്‍നെറ്റ് നെറ്റ്വര്‍ക്കുമായി ലാപ്ടോപ്പ് കണക്ട് ചെയ്യുമ്പോള്‍ അപ്രതീക്ഷിതമായി ലാപ് റീബൂട്ട് ചെയ്യുന്നു എന്നാണ് ചിലര്‍ ഉന്നയിക്കുന്ന പ്രശ്നം. 

ഇതിന് ശേഷവും ലാപ്ടോപ്പില്‍ “No Internet Access” എന്ന സന്ദേശം കാണിക്കുന്നുവെന്നും പരാതി ഉയരുന്നുണ്ട്. ഈ മുന്നറിയിപ്പ് കാണിക്കുമെങ്കിലും ലാപ്പിലെ ബ്രൌസര്‍ ഉപയോഗിക്കാനും മറ്റും ഉപയോക്താവിന് സാധിക്കും. പക്ഷെ കോര്‍ട്ടാന, മൈക്രോസോഫ്റ്റ് ഫീഡ്ബാക്ക് ഹബ്ബ്, മൈക്രോസോഫ്റ്റ് സ്റ്റോര്‍, സ്പോട്ടിഫൈ തുടങ്ങിയ ആപ്പുകള്‍ ഒന്നും പ്രവര്‍ത്തിക്കില്ല എന്നും പരാതിയുണ്ട്.

വിന്‍ഡോസിലെ ഈ പ്രശ്നം നിലനില്‍ക്കുന്നുണ്ടെന്നും, തങ്ങള്‍ക്ക് ലഭിച്ച പരാതി പ്രകാരം സിസ്റ്റം റൂട്ടറില്‍ കണക്ട് ചെയ്യുമ്പോള്‍ ഇന്‍റര്‍നെറ്റ് ലഭ്യമല്ലെന്ന് കാണിക്കുകയും, എന്നാല്‍ ബ്രൌസര്‍ വഴി നെറ്റ് എടുക്കാന്‍ സാധിക്കുകയും ചെയ്യുന്നതാണ് പ്രശ്നമെന്നും മൈക്രോസോഫ്റ്റ് അറിയിക്കുന്നു. സംഭവം അന്വേഷണ ഘട്ടത്തിലാണെന്നും പുതിയ അപ്ഡേറ്റില്‍ പ്രശ്ന പരിഹാരം ഉണ്ടാകുമെന്നും കമ്പനി അറിയിക്കുന്നു.

click me!