ക്ലോഡിന് സ്വന്തം ചിപ്പ്; ആന്ത്രോപിക്കിന്റെ പുതിയ നീക്കം

Published : Aug 06, 2026, 12:40 PM IST
Anthropic

Synopsis

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലായ ക്ലോഡിനായി സ്വന്തം ചിപ്പുകൾ വികസിപ്പിക്കാൻ ആന്ത്രോപിക് ഒരുങ്ങുന്നു. എൻവിഡിയ പോലുള്ള കമ്പനികളിലുള്ള ആശ്രിതത്വം കുറച്ച്, പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും ചെലവ് കുറയ്ക്കാനുമാണ് ഈ നീക്കം. ഇതിനായി ഒരു പ്രത്യേക സിലിക്കൺ സംഘത്തെ കമ്പനി രൂപീകരിക്കുന്നുണ്ട്.

ർട്ടിഫിഷ്യൽ ഇന്‍റലിജൻസ് രംഗത്തെ മത്സരം കടുക്കുന്നതിനിടെ, സ്വന്തം എഐ മോഡലായ ക്ലോഡ് പ്രവർത്തിപ്പിക്കാൻ പ്രത്യേക ചിപ്പുകൾ വികസിപ്പിക്കാനുള്ള നീക്കവുമായി ആന്ത്രോപിക്. ഇതിനായി സെമി കണ്ടക്റ്റർ രൂപകൽപനയിൽ വിദഗ്ധരായ എൻജിനീയർമാരെ ഉൾപ്പെടുത്തി പ്രത്യേക സിലിക്കൺ സംഘം രൂപീകരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഭാവിയിലെ ക്ലോഡ് പതിപ്പുകൾക്ക് കൂടുതൽ കാര്യക്ഷമതയും കുറഞ്ഞ പ്രവർത്തനച്ചെലവും ഉറപ്പാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

എൻവിഡിയയിലുള്ള ആശ്രിതത്വം കുറയ്ക്കാൻ ശ്രമം

വലിയതും കൂടുതൽ ശേഷിയുള്ളതുമായ എഐ മോഡലുകൾ വികസിപ്പിക്കാൻ കമ്പനികൾ തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. അതിനനുസരിച്ച് അത്യാധുനിക എ.ഐ. ചിപ്പുകളുടെ ആവശ്യകതയും കുത്തനെ ഉയരുകയാണ്. എന്നാൽ ഇത്തരം ചിപ്പുകളുടെ ലഭ്യത ഇപ്പോഴും പരിമിതമാണ്. എൻവിഡിയ പോലുള്ള കമ്പനികളാണ് ഈ മേഖലയിൽ ആധിപത്യം പുലർത്തുന്നത്. ഈ സാഹചര്യത്തിലാണ് തേർഡ് പാർട്ടി കമ്പനികളിലുള്ള ആശ്രിതത്വം കുറയ്ക്കാൻ ആന്ത്രോപിക് സ്വന്തം ചിപ്പുകൾ വികസിപ്പിക്കാൻ ഒരുങ്ങുന്നത്.

ക്ലോഡിനായി പ്രത്യേകം രൂപകൽപന ചെയ്യുന്ന ചിപ്പുകൾ

ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് പ്രകാരം, ക്ലോഡിനായി പ്രത്യേകം രൂപകൽപന ചെയ്യുന്ന എഐ ചിപ്പുകൾ വികസിപ്പിക്കുന്നതായിരിക്കും പുതിയ സിലിക്കൺ സംഘത്തിന്റെ പ്രധാന ചുമതല. സ്വന്തം എഐ മോഡലുകൾക്കനുസരിച്ച് ഹാർഡ്‌വെയർ രൂപകൽപന ചെയ്യുന്നതിലൂടെ പ്രവർത്തനക്ഷമത വർധിപ്പിക്കാനും കൂടുതൽ ശക്തമായ എഐ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ചെലവ് കുറയ്ക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.

സാംസങ്ങുമായി സഹകരിക്കുമോ?

സ്വന്തം എഐ ചിപ്പുകൾ വികസിപ്പിക്കാനുള്ള സാധ്യത ആന്ത്രോപിക് നേരത്തേ തന്നെ പരിശോധിച്ചുവരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. അന്ന് പദ്ധതി പ്രാരംഭ ഘട്ടത്തിലായിരുന്നുവെന്നും പ്രത്യേക സംഘമോ അന്തിമ ചിപ്പ് രൂപകൽപനയോ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. റോയിട്ടേഴ്സിന്റെ റിപ്പോർട്ട് പ്രകാരം, ചിപ്പുകളുടെ നിർമാണത്തിനായി സാംസങ്ങുമായി സഹകരിക്കാനുള്ള സാധ്യതയും കമ്പനി പരിഗണിക്കുന്നുണ്ട്. എന്നാൽ ഇത്തരമൊരു പങ്കാളിത്തം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

നിലവിൽ ആശ്രയം ആമസോൺ, ഗൂഗിൾ, എൻവിഡിയ എന്നിവയിൽ

നിലവിൽ ക്ലോഡ് പ്രവർത്തിപ്പിക്കാൻ ആന്ത്രോപിക് ആമസോൺ, ഗൂഗിൾ, എൻവിഡിയ എന്നിവയുടെ ചിപ്പുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ സ്വന്തം ചിപ്പുകൾ വികസിപ്പിച്ചാലും ഈ കമ്പനികളുടെ ഹാർഡ്‌വെയർ പൂർണമായും ഒഴിവാക്കില്ലെന്നാണ് റിപ്പോർട്ട്. ആമസോൺ വെബ് സർവീസസ്, ഗൂഗിൾ, എൻവിഡിയ, എ.എം.ഡി. എന്നിവയുടെ സംവിധാനങ്ങൾക്കൊപ്പം സ്വന്തം ചിപ്പുകളും ഉപയോഗിക്കാനാണ് കമ്പനിയുടെ പദ്ധതി.

എഐ അടിസ്ഥാനസൗകര്യത്തിലും വൻ നിക്ഷേപം

എഐ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തുന്നതിനായി ആന്ത്രോപിക് ഇതിനോടകം തന്നെ വൻ നിക്ഷേപമാണ് നടത്തുന്നത്. ഈ വർഷം ഗൂഗിളുമായും ബ്രോഡ്കോമുമായും ദീർഘകാല പങ്കാളിത്തത്തിൽ പ്രവേശിച്ച കമ്പനി, ടി.പി.യു. സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. സ്വന്തം ചിപ്പുകൾ യാഥാർഥ്യമായാൽ പ്രവർത്തനക്ഷമത, ചെലവ്, കമ്പ്യൂട്ടിങ് ശേഷിയുടെ ലഭ്യത എന്നിവയിൽ കൂടുതൽ നിയന്ത്രണം നേടാനും ദീർഘകാലാടിസ്ഥാനത്തിൽ മറ്റ് കമ്പനികളിലുള്ള ആശ്രിതത്വം കുറയ്ക്കാനും ആന്ത്രോപിക്കിന് കഴിയുമെന്നാണ് വിലയിരുത്തൽ.

വികസനം എളുപ്പമല്ല

എന്നാൽ ലോകോത്തര എ.ഐ. ചിപ്പ് വികസിപ്പിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിന് വിദഗ്ധരായ ചിപ്പ് ഡിസൈനർമാർ, നിർമാണ പങ്കാളികൾ, വർഷങ്ങളോളം നീളുന്ന പരീക്ഷണങ്ങൾ എന്നിവ ആവശ്യമാണ്. അതുകൊണ്ടുതന്നെ നിലവിൽ പ്രത്യേക വിദഗ്ധസംഘം രൂപീകരിക്കുന്നതിലാണ് ആന്ത്രോപിക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഭാവിയിലെ ക്ലോഡ് പതിപ്പുകൾക്കായുള്ള ചിപ്പ് വികസനത്തിന്റെ ആദ്യഘട്ടമാണിതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

ഈ 'ഭീകരരൂപി' രക്ഷകനെന്ന് കമ്പനി, ഈ റോബോട്ട് രക്ഷിക്കാൻ വന്നാൽ പേടിച്ചുമരിക്കുമെന്ന് നെറ്റിസൺസ്!
ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ 2026 ഓഗസ്റ്റ് 7 മുതൽ; ഐഫോൺ, സ്‍മാർട്ട്ഫോൺ, ലാപ്ടോപ്പ് ഓഫറുകൾ പ്രതീക്ഷിക്കാം