ക്ലോഡ് ഉപയോഗിച്ചെന്ന് ഇനി തിരിച്ചറിയാം; ടെക്സ്റ്റിൽ അദൃശ്യ എഐ വാട്ടർമാർക്കുമായി ആന്ത്രോപിക്

Published : Aug 17, 2026, 11:05 AM IST
Invisible Watermark

Synopsis

എഐ നിർമ്മിത ഉള്ളടക്കങ്ങൾ തിരിച്ചറിയുന്നതിനായി ടെക്ക് ഭീമനായ ആന്ത്രോപിക്, തങ്ങളുടെ ക്ലോഡ് എഐ വഴി തയ്യാറാക്കുന്ന ടെക്സ്റ്റുകളിലും ഫയലുകളിലും അദൃശ്യമായ വാട്ടർമാർക്ക് ഉൾപ്പെടുത്തുന്ന പുതിയ സംവിധാനം അവതരിപ്പിച്ചു. ഈ വാട്ടർമാർക്ക് ഉള്ളടക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കാതെ, യൂറോപ്യൻ യൂണിയന്റെ എഐ നിയമം പോലുള്ള മാനദണ്ഡങ്ങൾ പാലിക്കാൻ സഹായിക്കുന്നു.

ന്റർനെറ്റിൽ എഐ ഉപയോഗിച്ച് തയ്യാറാക്കുന്ന ഉള്ളടക്കങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മനുഷ്യൻ തയ്യാറാക്കിയതും കൃത്രിമബുദ്ധി ഉപയോഗിച്ച് സൃഷ്‍ടിച്ചതും തിരിച്ചറിയുക കൂടുതൽ ബുദ്ധിമുട്ടാകുകയാണ്. ഈ സാഹചര്യത്തിൽ ക്ലോഡ് വഴി തയ്യാറാക്കുന്ന ഉള്ളടക്കങ്ങളിൽ അദൃശ്യ വാട്ടർമാർക്ക് ഉൾപ്പെടുത്തുന്ന സംവിധാനം അവതരിപ്പിക്കുമെന്ന് ടെക്ക് ഭീമനായ ആന്ത്രോപിക് അറിയിച്ചു.

ടെക്സ്റ്റ് മാത്രമല്ല, ക്ലോഡ് ഉപയോഗിച്ച് സൃഷ്ടിക്കുകയോ പരിഷ്‍കരിക്കുകയോ ചെയ്യുന്ന ഫയലുകളിലും ഇതുമായി ബന്ധപ്പെട്ട തിരിച്ചറിയൽ സംവിധാനം ഉണ്ടാകും. വാട്ടർമാർക്ക് എങ്ങനെയാണ് പ്രവർത്തിക്കുന്നത്, അതിന് എന്തൊക്കെ പരിമിതികളുണ്ട്, ക്ലോഡിന്റെ പ്രവർത്തനത്തെ ഇത് ബാധിക്കുമോ തുടങ്ങിയ കാര്യങ്ങളും കമ്പനി വിശദീകരിച്ചിട്ടുണ്ട്.

എന്താണ് അദൃശ്യ വാട്ടർമാർക്ക്?

ക്ലോഡ് ഒരു വാചകം തയ്യാറാക്കുമ്പോൾ ഒരേ സ്ഥാനത്ത് ഉപയോഗിക്കാവുന്ന ഒന്നിലധികം വാക്കുകളിൽനിന്ന് ഒന്നിനെ തിരഞ്ഞെടുക്കേണ്ടിവരാറുണ്ട്. ഉദാഹരണത്തിന്, ‘ഇന്നത്തെ കാലാവസ്ഥ തണുപ്പും...’ എന്ന വാചകത്തിന് പിന്നാലെ ‘മേഘാവൃതവും’ അല്ലെങ്കിൽ സമാനമായ മറ്റൊരു വാക്കും ഉപയോഗിക്കാം. ഇത്തരത്തിലുള്ള ചെറിയ വാക്ക് തിരഞ്ഞെടുപ്പുകളെയാണ് ആന്ത്രോപിക് വാട്ടർമാർക്കിനായി ഉപയോഗിക്കുന്നത്. ക്ലോഡ് പൂർണമായും ക്രമരഹിതമായി വാക്കുകൾ തിരഞ്ഞെടുക്കുന്നതിനുപകരം, മുമ്പ് വന്ന വാക്കുകളും രഹസ്യ കീയും അടിസ്ഥാനമാക്കി ചില തിരഞ്ഞെടുപ്പുകൾ നടത്തും. ഇതിലൂടെ വായനക്കാരന് നേരിട്ട് കാണാൻ കഴിയാത്ത ഒരു പ്രത്യേക മാതൃക ടെക്സ്റ്റിൽ രൂപപ്പെടും. എന്നാൽ ആവശ്യമായ തിരിച്ചറിയൽ കീ ഉപയോഗിക്കുന്നവർക്ക് ഈ മാതൃക പരിശോധിച്ച് ഉള്ളടക്കം ക്ലോഡ് സൃഷ്‍ടിച്ചതാകാനുള്ള സാധ്യത കണക്കാക്കാൻ കഴിയും.

ഉള്ളടക്കത്തിന്റെ നിലവാരത്തെ ബാധിക്കില്ല

വാട്ടർമാർക്ക് ടെക്സ്റ്റിൽ ഒളിപ്പിച്ച അക്ഷരങ്ങളോ അധിക വാക്കുകളോ ചേർക്കുന്നില്ല എന്നാണ് ആന്ത്രോപിക് പറയുന്നത്. അതിനാൽ ക്ലോഡിന്റെ മറുപടിയുടെ അർഥം, നിലവാരം, വായനാസൗകര്യം എന്നിവയെ ഇത് ബാധിക്കില്ല. കൂടാതെ വാട്ടർമാർക്ക് ക്ലോഡ് ഉപയോഗിച്ച വ്യക്തിയെയോ സ്ഥാപനത്തെയോ പ്രത്യേക സംഭാഷണത്തെയോ തിരിച്ചറിയുന്ന വിവരങ്ങൾ ഉൾക്കൊള്ളുകയുമില്ല. ഇത് ഉപയോക്താവിനോട് ബന്ധിപ്പിക്കുന്നതിനുപകരം ക്ലോഡ് തയ്യാറാക്കിയ ഉള്ളടക്കത്തോടാണ് ചേർക്കുന്നത്.

വാട്ടർമാർക്കിനും ചില പരിമിതികളുണ്ട്

അതേസമയം ഒരു ഉള്ളടക്കത്തിൽ വാട്ടർമാർക്ക് കണ്ടെത്തി എന്നത് ക്ലോഡ് തന്നെയാണ് മുഴുവൻ ഉള്ളടക്കവും തയ്യാറാക്കിയതെന്ന് തെളിയിക്കില്ലെന്ന് ആന്ത്രോപിക് വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, നേരത്തെ തയ്യാറാക്കിയ ഒരു ടെക്സ്റ്റ് ക്ലോഡിനോട് തിരുത്തുകയോ വിവർത്തനം ചെയ്യുകയോ ചെറിയ മാറ്റങ്ങൾ വരുത്തുകയോ മാത്രമാണ് ആവശ്യപ്പെട്ടതെങ്കിൽ, തിരിച്ചറിയാൻ ആവശ്യമായത്ര പുതിയ വാക്കുകൾ ക്ലോഡ് സൃഷ്ടിച്ചിട്ടുണ്ടാകണമെന്നില്ല. ടെക്സ്റ്റ് വ്യാപകമായി പുനഃരചിച്ചാലും വാട്ടർമാർക്ക് ദുർബലമാകുകയോ പൂർണമായും ഇല്ലാതാകുകയോ ചെയ്യാം. ചെറിയ തിരുത്തലുകൾ വാട്ടർമാർക്ക് നിലനിർത്തിയേക്കാമെങ്കിലും എല്ലാ വാക്കുകളും മാറ്റിയാൽ തിരിച്ചറിയൽ ബുദ്ധിമുട്ടാകും.

കോഡിലും പരിമിതി

പ്രോഗ്രാമിങ് കോഡിലും ഇതേ പ്രശ്‍നം ഉണ്ട്. കോഡ് ശരിയായി പ്രവർത്തിക്കാൻ കൃത്യമായ വാക്കുകളും ചിഹ്നങ്ങളും ആവശ്യമായതിനാൽ അവ തിരഞ്ഞെടുക്കാനുള്ള അവസരങ്ങൾ കുറവാണ്. അതുകൊണ്ട് കോഡിൽ വാട്ടർമാർക്കിന്റെ സാന്നിധ്യം പൊതുവെ കുറവായിരിക്കുമെന്ന് ആന്ത്രോപിക് പറയുന്നു. എന്നാൽ കോഡിലെ അഭിപ്രായക്കുറിപ്പുകളിൽ വാട്ടർമാർക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്.

യൂറോപ്യൻ യൂണിയൻ നിയമമാണ് പ്രധാന കാരണം

യൂറോപ്യൻ യൂണിയന്റെ എഐ നിയമത്തിലെ 50-ാം അനുച്ഛേദം പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ സംവിധാനം നടപ്പാക്കുന്നതെന്ന് ആന്ത്രോപിക് വ്യക്തമാക്കി. എഐ ഉപയോഗിച്ച് സൃഷ്‍ടിച്ച ഉള്ളടക്കം തിരിച്ചറിയാൻ സഹായിക്കുന്ന സുതാര്യതാ മാനദണ്ഡങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അക്കാദമികവും സ്ഥാപനപരവുമായ വിശ്വാസ്യത സംരക്ഷിക്കുക, വിവരവ്യവസ്ഥയിലെ വിശ്വാസം നിലനിർത്തുക, വ്യാപകമായ തെറ്റായ വിവരപ്രചാരണം തടയുക തുടങ്ങിയവയാണ് ഇത്തരം സംവിധാനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. nനിലവിൽ ഈ സംവിധാനം ആഗോളതലത്തിൽ നടപ്പാക്കാനാണ് ആന്ത്രോപിക്കിന്റെ തീരുമാനം. പ്രദേശം അടിസ്ഥാനമാക്കി ഇത് നിയന്ത്രിക്കാൻ വിശ്വസനീയമായ മാർഗം നിലവിൽ ഇല്ലാത്തതിനാലാണ് ഈ സമീപനമെന്നും കമ്പനി വ്യക്തമാക്കി.

ചിത്രങ്ങൾക്കും പ്രത്യേക സംവിധാനം

ടെക്സ്റ്റിന് പുറമെ ചിത്രങ്ങൾ പോലുള്ള ഫയലുകൾക്കായി വ്യത്യസ്‍തമായ സാങ്കേതികവിദ്യയാണ് ക്ലോഡ് ഉപയോഗിക്കുക. പിന്തുണയ്ക്കുന്ന പിഎൻജി, ജെപിജി, എസ്‌വിജി തുടങ്ങിയ ഫയലുകളുടെ മെറ്റാഡാറ്റയിൽ ക്രിപ്റ്റോഗ്രാഫിക് രീതിയിൽ ഒപ്പിട്ട ഉത്ഭവ വിവരങ്ങൾ ഉൾപ്പെടുത്തും. ഒരു ഫയൽ സൃഷ്ടിക്കുന്നതിനോ പരിഷ്‍കരിക്കുന്നതിനോ ക്ലോഡിന് പങ്കുണ്ടായിരുന്നുവെന്ന് തിരിച്ചറിയാൻ ഈ വിവരങ്ങൾ സഹായിക്കും. എന്നാൽ ഫയലിന്റെ ഉള്ളടക്കത്തിൽ നേരിട്ട് മാറ്റം വരുത്തില്ല.

തിരിച്ചറിയൽ സൗകര്യം ഉടൻ

ഭാവിയിൽ വാട്ടർമാർക്ക് കണ്ടെത്തുന്നതിനുള്ള പ്രത്യേക എപിഐ പുറത്തിറക്കാനും ആന്ത്രോപിക് പദ്ധതിയിടുന്നുണ്ട്. ഇതിലൂടെ ഉപയോക്താക്കൾക്കും മറ്റ് സ്ഥാപനങ്ങൾക്കും ഒരു ടെക്സ്റ്റിൽ ക്ലോഡിന്റെ വാട്ടർമാർക്ക് ഉണ്ടാകാനുള്ള സാധ്യത പരിശോധിക്കാൻ സാധിക്കും. വാട്ടർമാർക്ക് ക്ലോഡിന്റെ വേഗതയെ കാര്യമായി ബാധിക്കില്ലെന്നും അധിക ടോക്കണുകൾ സൃഷ്‍ടിക്കാത്തതിനാൽ സേവനച്ചെലവിലും കാര്യമായ വർധന ഉണ്ടാകില്ലെന്നും ആന്ത്രോപിക് വ്യക്തമാക്കിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

സ്പേസ് എക്സിന് 45 ലക്ഷം കോടി വരുമാനമോ? 2028ലേക്കുള്ള ഇലോൺ മസ്‍കിന്‍റെ വമ്പൻ പ്ലാൻ പുറത്ത്!
“റീഫണ്ട് ആയോ?” ചോദിച്ചാൽ മതി; പേടിഎമ്മിൽ ക്ലോഡ് എഐ എത്തി