സ്പേസ് എക്സിന് 45 ലക്ഷം കോടി വരുമാനമോ? 2028ലേക്കുള്ള ഇലോൺ മസ്‍കിന്‍റെ വമ്പൻ പ്ലാൻ പുറത്ത്!

Published : Aug 12, 2026, 07:25 AM IST
Elon Musk, SpaceX, Elon Musk, SpaceX 2028, SpaceX $500 billion, Elon Musk AI, SpaceX AI, xAI, Grok, Starlink, Starship, AI computing, SpaceX revenue, SpaceX news, Elon Musk news, SpaceX future, SpaceX India, സ്പേസ് എക്സ്, ഇലോൺ മസ്ക്, സ്പേസ് എക്സ് വാർത്ത, ഇലോൺ മസ്ക് വാർത്ത, സ്പേസ് എക്സ് എഐ, എഐ ബിസിനസ്, സ്പേസ് എക്സ് 2028, 500 ബില്യൺ ഡോളർ, സ്റ്റാർഷിപ്പ്, സ്റ്റാർലിങ്ക്, ഗ്രോക്, ടെക് വാർത്ത

Synopsis

ഇലോൺ മസ്‍കിന്റെ പ്രവചനമനുസരിച്ച്, സ്പേസ് എക്സ് 2028ഓടെ 500 ബില്യൺ ഡോളർ വാർഷിക വരുമാനം നേടാൻ സാധ്യതയുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്തേക്കുള്ള കമ്പനിയുടെ ശക്തമായ ചുവടുവെപ്പാണ് ഈ വളർച്ചയ്ക്ക് പിന്നിൽ. എക്സ് എഐ ഏറ്റെടുക്കൽ, ടെറാഫാബ് നിർമ്മാണം, ചന്ദ്രനിൽ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാനുള്ള പദ്ധതികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

റോക്കറ്റ് വിക്ഷേപണ രംഗത്ത് ലോകത്തെ തന്നെ അമ്പരപ്പിച്ച സ്പേസ് എക്സ് ഇനി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് രംഗത്തും വൻ ശക്തിയായി മാറാനൊരുങ്ങുന്നു. 2028ഓടെ കമ്പനിക്ക് 500 ബില്യൺ ഡോളർ വരെ വാർഷിക വരുമാനം നേടാൻ കഴിയുമെന്നാണ് സ്ഥാപകനും സിഇഒയുമായ ഇലോൺ മസ്‍കിന്റെ പ്രവചനം. ഫാൽക്കൺ 9, ഫാൽക്കൺ ഹെവി റോക്കറ്റുകളുടെ വിക്ഷേപണവും തിരിച്ചിറക്കലും, ഡ്രാഗൺ ബഹിരാകാശ പേടകം വഴി ബഹിരാകാശ സഞ്ചാരികളെ അയക്കുന്നതുമാണ് സ്പേസ് എക്സിന്റെ പ്രധാന പ്രവർത്തനങ്ങൾ. എന്നാൽ എഐയിലേക്കുള്ള കമ്പനിയുടെ മാറ്റം ഇപ്പോൾ അതിവേഗം പുരോഗമിക്കുകയാണെന്നാണ് മസ്‍ക് വ്യക്തമാക്കിയത്.

എഐ വരുമാനം ഉടൻ ഒന്നാമതെത്തും

ഓഗസ്റ്റ് 11ന് ജീവനക്കാർക്കായി നടത്തിയ പ്രസംഗത്തിൽ സ്പേസ് എക്സിന്റെ എഐ വരുമാനം സെപ്റ്റംബറോടെ കമ്പനിയുടെ മറ്റ് എല്ലാ വരുമാന സ്രോതസുകളെയും മറികടക്കുമെന്ന് മസ്‍ക് പറഞ്ഞു. ഈ വർഷത്തെ നാലാം പാദത്തിൽ എഐയിൽ നിന്നുള്ള വരുമാനം സ്പേസ് എക്സിന്റെ മറ്റ് ബിസിനസുകളേക്കാൾ വലിയ തോതിൽ ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ കമ്പനിയുടെ ഭാവിയിൽ എഐയ്ക്ക് നിർണായക സ്ഥാനമാണ് ലഭിക്കുകയെന്നും മസ്‍ക് പറഞ്ഞു.

എക്സ് എഐ ഏറ്റെടുത്തതിന് പിന്നാലെ

ഈ വർഷം ആദ്യം മസ്‍ക് 2023ൽ സ്ഥാപിച്ച എക്സ് എഐ എന്ന സ്റ്റാർട്ടപ്പിനെ സ്പേസ് എക്സ് ഏറ്റെടുത്തിരുന്നു. ഗ്രോക് എന്ന എഐ ചാറ്റ്ബോട്ടിന്റെ നിർമാതാക്കളായ എക്സ് എഐ ടെന്നസിയിലെ കൊളോസസ് എന്ന ശക്തമായ സൂപ്പർകമ്പ്യൂട്ടർ ശൃംഖലയും പ്രവർത്തിപ്പിക്കുന്നുണ്ട്. എക്സ് എഐ ഏറ്റെടുത്തതോടെ സ്പേസ് എക്സിന്റെ എഐ രംഗത്തെ ഇടപെടൽ കൂടുതൽ ശക്തമായി.

10 ജിഗാവാട്ട് എഐ കംപ്യൂട്ടിങ്

അടുത്ത വർഷം അവസാനത്തോടെ 10 ജിഗാവാട്ട് എഐ കംപ്യൂട്ടിങ് ശേഷി പ്രവർത്തനക്ഷമമാക്കുകയാണ് സ്പേസ് എക്സിന്റെ ലക്ഷ്യമെന്ന് മസ്‍ക് പറഞ്ഞു. നിലവിൽ കമ്പനിക്ക് ഏകദേശം 1.4 ജിഗാവാട്ട് ശേഷിയാണുള്ളത്. ടെക് കമ്പനികൾക്കും എഐ ലാബുകൾക്കും ഈ കംപ്യൂട്ടിങ് ശേഷി സ്പേസ് എക്സ് നൽകുന്നുണ്ട്. ഒരു വാട്ടിന് 30 മുതൽ 50 ഡോളർ വരെ മൂല്യം ലഭിക്കുമെന്നാണ് മസ്‍കിന്റെ കണക്കുകൂട്ടൽ. 10 ജിഗാവാട്ട് എഐ ശേഷി അടുത്ത വർഷം അവസാനത്തോടെ പ്രവർത്തനക്ഷമമായാൽ പ്രതിവർഷം 300 മുതൽ 500 ബില്യൺ ഡോളർ വരെ വരുമാനം നേടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

എഐ ബിസിനസിന് പിന്നാലെ ടെറാഫാബ്

എഐ രംഗത്തെ വിപുലീകരണത്തിന്റെ ഭാഗമായി ടെക്സസിൽ ടെറാഫാബ് എന്ന പേരിൽ വലിയൊരു വ്യവസായ സമുച്ചയം നിർമിക്കാനുള്ള പദ്ധതിയും സ്പേസ് എക്സ് പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ്‍ലയുമായി ചേർന്നുള്ള സംയുക്ത പദ്ധതിയായിരിക്കും ഇത്. വിവിധ ആവശ്യങ്ങൾക്കുള്ള അത്യാധുനിക സെമികണ്ടക്ടർ ചിപ്പുകൾ നിർമിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സ്റ്റാർമൈൻഡ് ഉപഗ്രഹങ്ങളും ലക്ഷ്യം

സ്പേസ് എക്സിന്റെ എഐ പദ്ധതികളിലെ മറ്റൊരു പ്രധാന ഘടകമാണ് സ്റ്റാർമൈൻഡ്. വരും വർഷങ്ങളിൽ 1 മില്യൺ സ്റ്റാർമൈൻഡ് എഐ ഉപഗ്രഹങ്ങൾ താഴ്ന്ന ഭ്രമണപഥത്തിൽ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. വികസനത്തിലിരിക്കുന്ന പൂർണമായും പുനരുപയോഗിക്കാവുന്ന സ്റ്റാർഷിപ്പ് റോക്കറ്റ് ഉപയോഗിച്ചായിരിക്കും ഉപഗ്രഹങ്ങൾ വിക്ഷേപിക്കുക.

ചന്ദ്രനിലും എഐ ഡാറ്റാ സെന്ററുകൾ

ദീർഘകാല പദ്ധതികൾ അതിലും വലുതാണ്. ചന്ദ്രനിൽ ഫാക്ടറികൾ സ്ഥാപിച്ച് ഭൂമിക്ക് പുറത്തുള്ള ഡാറ്റാ സെന്ററുകൾ നിർമിക്കാനാണ് സ്പേസ് എക്സ് ലക്ഷ്യമിടുന്നത്. ചന്ദ്രോപരിതലത്തിൽ നിന്ന് വൈദ്യുതകാന്തിക മാസ് ഡ്രൈവറുകൾ ഉപയോഗിച്ച് ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് വിക്ഷേപിക്കാനും കമ്പനി പദ്ധതിയിടുന്നു. ഉയർന്ന ശക്തിയുള്ള റെയിൽ ഗൺ പോലെയുള്ള സംവിധാനമായിരിക്കും ഇത്.

28.5 ട്രില്യൺ ഡോളറിന്റെ വിപണി

ഐപിഒയ്ക്ക് മുന്നോടിയായി സമർപ്പിച്ച രേഖകളിൽ സ്പേസ് എക്സ് ഭാവിയിൽ ലക്ഷ്യമിടുന്ന ആകെ വിപണി 28.5 ട്രില്യൺ ഡോളറാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതിൽ ഏകദേശം 23 ട്രില്യൺ ഡോളറും എഐ മേഖലയുമായി ബന്ധപ്പെട്ടതാണ്. താരതമ്യം ചെയ്യുമ്പോൾ, കഴിഞ്ഞ വർഷം അമേരിക്കയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനം ഏകദേശം 30.8 ട്രില്യൺ ഡോളറായിരുന്നു.

മനുഷ്യരാശിയെ മറ്റ് ഗ്രഹങ്ങളിലേക്ക് എത്തിക്കണം

പണത്തിനുവേണ്ടി മാത്രമല്ല എഐ രംഗത്തേക്ക് കടക്കുന്നതെന്നും മസ്‍ക് പറഞ്ഞു. മനുഷ്യരാശിയെ സഹായിക്കുകയും മറ്റ് ഗ്രഹങ്ങളിലേക്കും നക്ഷത്രവ്യവസ്ഥകളിലേക്കും എത്തിക്കാൻ സഹായിക്കുകയും ചെയ്യുന്ന എഐയാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്പേസ് എക്സിന്റെ എഐ ഹാർഡ്വെയറിനൊപ്പം എഐ സോഫ്റ്റ്വെയറും വിജയിക്കേണ്ടത് അത്യാവശ്യമാണെന്നും മസ്‍ക് പറഞ്ഞു. മനുഷ്യരാശിയുടെ താൽപര്യങ്ങൾ മുൻനിർത്തുന്ന എഐ സൃഷ്‍ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ജീവനക്കാർക്ക് യാത്ര

സ്പേസ് എക്സിലെ ജീവനക്കാർക്ക് ഭാവിയിൽ ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ യാത്ര ചെയ്യാനുള്ള അവസരം ലഭിക്കുമെന്നും മസ്‍ക് വാഗ്ദാനം ചെയ്തു. എഐ, റോബോട്ടിക്സ്, ബഹിരാകാശ പര്യവേക്ഷണം എന്നിവയെ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന കമ്പനിയായാണ് സ്പേസ് എക്സിന്റെ ഭാവി മസ്‍ക് വിഭാവനം ചെയ്യുന്നത്. പദ്ധതികൾ വിജയിച്ചാൽ ലോകത്തിലെ ഏറ്റവും വലിയ ടെക്, ബഹിരാകാശ കമ്പനികളിലൊന്നായി സ്പേസ് എക്സിന്റെ മൂല്യവും വരുമാനവും പുതിയ ഉയരങ്ങളിലെത്തിയേക്കും.

PREV
Read more Articles on
click me!

Recommended Stories

“റീഫണ്ട് ആയോ?” ചോദിച്ചാൽ മതി; പേടിഎമ്മിൽ ക്ലോഡ് എഐ എത്തി
നിങ്ങളുടെ ചിന്തകൾ വായിക്കാൻ അനുവദിച്ചാൽ പണം നൽകും; ടെലിപ്പതി യാഥാർഥ്യമാക്കാൻ എഐ സ്റ്റാർട്ടപ്പിന്റെ പുതിയ പരീക്ഷണം