കേന്ദ്ര പദ്ധതി വിജയം കാണുന്നോ; ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ പോകുന്നത് 47,000 കോടി രൂപയുടെ ഐഫോണുകൾ

By Web TeamFirst Published Apr 30, 2022, 7:24 PM IST
Highlights

2022-ൽ ഇന്ത്യയില്‍ ആപ്പിള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന 10,000 കോടി രൂപയുടെ ഐഫോണുകളുടെ അഞ്ചിരട്ടിയാണ് ഇന്ത്യയില്‍ ആപ്പിള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. 

ദില്ലി: ഇന്ത്യയിൽ 47,000 കോടി രൂപയുടെ ഐഫോണുകൾ (Apple iphone) ഈ സാമ്പത്തിക വര്‍ഷം നിര്‍മ്മിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആപ്പിളിന്റെ കരാർ നിർമ്മാതാക്കളായ ഫോക്‌സ്‌കോണും (Foxconn) വിസ്‌ട്രോണും (Wistron) ഈ സാമ്പത്തിക വർഷം ഈ ലക്ഷ്യം നേടുമെന്നാണ് ബിജിആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2022-ൽ ഇന്ത്യയില്‍ ആപ്പിള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന 10,000 കോടി രൂപയുടെ ഐഫോണുകളുടെ അഞ്ചിരട്ടിയാണ് ഇന്ത്യയില്‍ ആപ്പിള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. കേന്ദ്രസര്‍ക്കാറിന്‍റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിയിലെ ഏറ്റവും വലിയ നേട്ടമാകും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിഎൽഐ പദ്ധതിയില്‍ ഓരോ കരാർ നിർമ്മാതാക്കളും 8,000 കോടി രൂപയുടെ സ്മാർട്ട്ഫോണുകൾ നിർമ്മിക്കണമെന്നാണ് കരാര്‍. ഇതിലും വലിയ ഉത്പാദനമാണ് റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രതീക്ഷിക്കുന്നത്.

ഈ വർഷം ആപ്പിൾ ഇന്ത്യയില്‍ അതിന്റെ എക്കാലത്തെയും ഉയർന്ന വിപണി വിഹിതമായ 5. 5 ശതമാനവുമായി ഏകദേശം 7 ദശലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയും ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നുണ്ട്. ഉയർന്ന പ്രാദേശിക ഉൽപ്പാദനവും ആകർഷകമായ വില ഓഫറുകളിലൂടെയും, കൂടിയ ഉത്പന്നങ്ങളും വഴി വിപണിയില്‍ ചലനം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് ആപ്പിള്‍ പ്രതീക്ഷിക്കുന്നത്.

ആപ്പിളിന്റെ ആഗോള വിൽപ്പനയുടെ 1. 5 ശതമാനത്തിൽ താഴെ മാത്രമാണ് ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നത്. പ്രാദേശികമായി നിർമ്മിച്ച ഐഫോണുകളുടെ 60 ശതമാനത്തിലധികം കയറ്റുമതി ചെയ്യുകയാണ്.

ചൈനയിൽ നിന്നും വിയറ്റ്‌നാമിൽ നിന്നുമുള്ള സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളെ ഇന്ത്യയിലേക്ക് ആകർഷിക്കാനുള്ള ശ്രമത്തിലാണ് സ്‌മാർട്ട്‌ഫോണുകൾക്കായുള്ള പിഎല്‍ഐ സ്‌കീം 2020-ൽ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്. ഫോണുകളുടെ 'അസംബ്ലി, ടെസ്റ്റിംഗ്, മാർക്കിംഗ്, പാക്കേജിംഗ് (എടിഎംപി)' എന്നിവയ്ക്ക് അഞ്ച് വർഷത്തിനുള്ളിൽ 4-6% ക്യാഷ്ബാക്ക് രൂപത്തിൽ മാർട്ട്‌ഫോൺ നിർമ്മാതാക്കള്‍ക്ക് ഇൻസെന്റീവുകൾ സര്‍ക്കാര്‍ ഇതിലൂടെ വാഗ്ദാനം ചെയ്യുന്നു.

2017 ൽ ഐഫോൺ എസ്ഇയുടെ നിർമ്മാണത്തോടെയാണ് ആപ്പിൾ ഇന്ത്യയിൽ ഐഫോണ്‍ നിര്‍മ്മാണം ആരംഭിച്ചത്. നിലവിൽ ഐഫോണുകൾ 11, 12, 13 എന്നിവയുൾപ്പെടെ നിരവധി മോഡലുകൾ രാജ്യത്ത് നിർമ്മിക്കുന്നുണ്ട്. ആപ്പിളിന്‍റെ മൂന്ന് നിർമ്മാതാക്കളിൽ പെഗാട്രോണിനും ഫോക്‌സ്‌കോണിനും തമിഴ്‌നാട്ടിൽ പ്ലാന്‍റുകളുണ്ട്. വിസ്‌ട്രോണിന് ബെംഗളൂരുവിൽ നിർമ്മാണ സൗകര്യമുണ്ട്.
 

click me!