'ദൈനംദിന ജോലികളിൽ എഐ ഉപയോഗിക്കണം, ഇല്ലെങ്കിൽ എതിരാളികൾ മുന്നേറും', ജീവനക്കാർക്കെല്ലാം ടെക് ഭീമൻ ഗൂഗിളിന്‍റെ മുന്നറിയിപ്പ്

Published : Aug 25, 2025, 12:04 AM IST
artificial intelligence

Synopsis

ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്താൻ നിരന്തരം എ ഐ ഉപയോഗിക്കാൻ കമ്പനി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്

ദൈനംദിന ജോലികളിൽ എ ഐ ഉപയോഗിക്കാൻ തങ്ങളുടെ ജീവനക്കാരോട് ആവശ്യപ്പെട്ട് ടെക് ഭീമനായ ഗൂഗിൾ. അല്ലെങ്കിൽ കടുത്തമത്സരത്തിൽ, കമ്പനി എതിരാളികളേക്കാൾ പിന്നോക്കം പോകുമെന്നാണ് മുന്നറിയിപ്പ്. അതിനാൽ ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്താൻ നിരന്തരം എ ഐ ഉപയോഗിക്കാൻ കമ്പനി ആവശ്യപ്പെട്ടതായി ബിസിനസ് ഇൻസൈഡറിനെ ഉദ്ദരിച്ച് ഇന്ത്യാ ടു ഡേ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന ഓൾ-ഹാൻഡ്‍സ് മീറ്റിംഗിൽ എതിരാളികൾ എ ഐയുമായി മുന്നോട്ട് പോകുകയാണെന്നും ശ്രദ്ധിച്ചില്ലെങ്കിൽ ഗൂഗിൾ പിന്നോട്ട് പോകേണ്ടിവരുമെന്ന് ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് സുന്ദർ പിച്ചൈ വ്യക്തമാക്കിയിരുന്നു. എ ഐ വഴി കാര്യക്ഷമത വർദ്ധിപ്പിക്കുന്നവർ മാത്രമേ മത്സരക്ഷമത നിലനിർത്തുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. കമ്പനി എ ഐ ഡിവൈസുകൾ പുറത്തിറക്കിയതിനുശേഷം എഞ്ചിനീയർമാരുടെ ആഴ്ചതോറുമുള്ള ഉൽപ്പാദനക്ഷമത സമയം ഇതിനകം 10 ശതമാനം വർദ്ധിച്ചതായി കാണിക്കുന്ന ഡാറ്റകളും സുന്ദർ പിച്ചൈ മീറ്റിംഗിൽ എടുത്തുകാണിച്ചിരുന്നു.

അതേസമയം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ ഉപയോഗം സംബന്ധിച്ച് മറ്റ് ടെക് സ്ഥാപനങ്ങളും സമാനമായ സന്ദേശങ്ങൾ ജീവനക്കാർക്ക് നൽകിത്തുടങ്ങിയിട്ടുണ്ട്. എ ഐ ഉപയോഗിക്കുന്നത് ഇനി ഓപ്ഷണൽ അല്ല എന്ന് ജൂണിൽ മൈക്രോസോഫ്റ്റ് തങ്ങളുടെ ജീവനക്കാരോട് പറഞ്ഞിരുന്നു. എ ഐയുടെ പ്രധാന്യത്തെക്കുറിച്ച് ആമസോൺ ചീഫ് എക്സിക്യൂട്ടീവ് ആൻഡി ജാസി ജീവനക്കാർക്ക് കത്തെഴുതി. എ ഐ ഏജന്റുമാർ കൂടുതൽ ജോലികൾ കൈകാര്യം ചെയ്യുന്നതിനാൽ കോർപ്പറേറ്റ് ജീവനക്കാരുടെ എണ്ണം കുറയുമെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കി.

മെറ്റയുടെ ചീഫ് ടെക്‌നോളജി ഓഫീസറും ഇതേ കാര്യം തന്നെയാണ് ആവർത്തിച്ചത്. എ ഐ ടൂളുകൾ നിങ്ങളെ മാറ്റിസ്ഥാപിക്കുന്നത് ഒഴിവാക്കാൻ കഴിയുന്നത്ര നന്നായി ജോലി ചെയ്യാൻ അദ്ദേഹം അടുത്തിടെ ജീവനക്കാരോട് പറഞ്ഞു. അതേസമയം ഡെവലപ്പർമാരോട് എ ഐ സ്വീകരിക്കാനോ അല്ലെങ്കിൽ കരിയർ ഉപേക്ഷിക്കാനോ ആണ് ഗിറ്റ്‍ഹബ്ബിന്‍റെ സി ഇ ഒ തോമസ് ഡോംകെയുടെ മുന്നറിയിപ്പ്. അടുത്ത രണ്ടോ അഞ്ചോ വർഷത്തിനുള്ളിൽ എല്ലാ കോഡുകളുടെയും 90 ശതമാനവും എ ഐ എഴുതുമെന്നാണ് ഡോംകെ വ്യക്തമാക്കുന്നത്.

ഗൂഗിളിൽ ഇൻ-ഹൗസ് എ ഐ ടൂളുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗിൽ എ ഐ ഉൾപ്പെടുത്താൻ കമ്പനി കഠിനമായി പരിശ്രമിക്കുകയാണെന്ന് ഗൂഗിളിന്റെ മുൻനിര ഉൽപ്പന്നങ്ങൾക്ക് അടിത്തറയിടുന്ന ടീമുകളെ നയിക്കുന്ന ബ്രയാൻ സലുസോ പറഞ്ഞു. 'AI Savvy Google' എന്ന ആന്തരിക സംരംഭവും Cider എന്ന കോഡിംഗ് അസിസ്റ്റന്റും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ടൂളുകൾ കോഴ്‌സുകൾ, ടൂൾകിറ്റുകൾ, പരിശീലന സെഷനുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഗൂഗിളിന്റെ ആന്തരിക എ ഐ ടൂളുകൾ ഇനിയും മെച്ചപ്പെടുമെന്നും താമസിയാതെ മിക്ക സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് ജോലികളുടെയും അവിഭാജ്യ ഘടകമായി അവ മാറുമെന്നും സലുസ്സോ ജീവനക്കാരോട് പറഞ്ഞു. അതേസമയം തങ്ങളുടെ എ ഐ കഴിവുകൾ ശക്തിപ്പെടുത്തുന്നതിനായി ഗൂഗിൾ തന്ത്രപരമായ നിയമനങ്ങൾ നടത്തുന്നുണ്ട്. ഈ മാസം ആദ്യം സ്റ്റാർട്ടപ്പായ വിൻഡ്‌സർഫിനെ ഗൂഗിൾ ഏറ്റെടുത്തു. 2.4 ബില്യൺ ഡോളറിന്റെ കരാറിൽ ആണ് ഈ ഏറ്റെടുക്കൽ.

 

PREV
Read more Articles on
click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ