Latest Videos

'പെഗാസസ് ' വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ശരിക്കും ഭയക്കണം.!

By Web TeamFirst Published May 16, 2019, 4:25 PM IST
Highlights

ഈ സൈബർ യുഗത്തിൽ ഊണിലും ഉറക്കത്തിലും നമ്മുടെ സന്തത സഹചാരിയായ സെൽഫോൺ എന്ന ആ ചെറിയ ഗാഡ്ജറ്റ് നിങ്ങളെ സർക്കാരുകൾക്കും, മയക്കുമരുന്ന് മാഫിയകൾക്കും, ഭീകരവാദ സംഘങ്ങൾക്കുമൊക്കെ ഒറ്റുകൊടുക്കുന്ന ഒരു ചാരനായി മരുന്ന്. ഏറ്റവും രസകരമായ കാര്യമെന്തെന്നോ..? 

നിങ്ങൾക്ക്  വാട്ട്സാപ്പിൽ ഒരു സന്ദേശം വരുന്നു. നിങ്ങൾ ഇടപെടുന്ന സാമൂഹിക സാഹചര്യത്തിൽ ഒട്ടും സംശയാസ്പദമല്ലാത്ത ഒരു വിഷയമാണ് ആ മെസേജിൽ. മെസേജിന്‍റെ ഒടുക്കം, നിങ്ങളോട് ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട്. വിഷയത്തിന്റെ രസം കൊണ്ട് നിങ്ങൾ അറിയാതെ ആ ലിങ്കിൽ കേറി ക്ലിക്ക് ചെയ്തു പോവുന്നു. കഴിഞ്ഞു..! അതോടെ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം, ഈ ലോകത്തിന്റെ ഏതോ ഒരു കോണിൽ ഒരു കമ്പ്യൂട്ടറുമായി ഇരിക്കുന്ന ഒരു അപരിചിതന്റെ കയ്യിലായി. 

ഈ സൈബർ യുഗത്തിൽ ഊണിലും ഉറക്കത്തിലും നമ്മുടെ സന്തത സഹചാരിയായ സെൽഫോൺ എന്ന ആ ചെറിയ ഗാഡ്ജറ്റ് നിങ്ങളെ സർക്കാരുകൾക്കും, മയക്കുമരുന്ന് മാഫിയകൾക്കും, ഭീകരവാദ സംഘങ്ങൾക്കുമൊക്കെ ഒറ്റുകൊടുക്കുന്ന ഒരു ചാരനായി മരുന്ന്. ഏറ്റവും രസകരമായ കാര്യമെന്തെന്നോ..? നിങ്ങളുടെ കയ്യിൽ, പോക്കറ്റിൽ, കിടക്കയിൽ ഒക്കെയായി വിശ്രമിക്കുന്ന ഈ കുഞ്ഞു യന്ത്രം ഇതൊക്കെ ചെയ്യുന്നുണ്ടെന്ന് നിങ്ങൾ അറിയുകപോലുമില്ല.  

'പെഗാസസ് 'എന്ന വാക്കിന്റെ അർത്ഥം 'പറക്കുന്ന കുതിര' എന്നാണ്. ആ പേരിൽ ഒരു സ്പൈ വെയർ ടെക്‌നോളജി കൂടിയുണ്ട്. അതുണ്ടാക്കുന്നത് ' NSO ഗ്രൂപ്പ് ' എന്ന ഒരു ഇസ്രായേലി കമ്പനിയാണ്. 2016-ൽ മെക്സിക്കോയിൽ പല  പ്രവർത്തകരുടെയും സെൽഫോണുകളിലേക്ക് ഒരു ടെക്സ്റ്റ് മെസേജ് വഴി ഹാക്ക് ചെയ്തു കേറി അവരുടെ പ്രവർത്തനങ്ങൾക്ക് മേലെ സർക്കാറിന്റെ ചാരക്കണ്ണുകൾ സ്ഥാപിച്ചത് ഈ മാൽവെയർ ഉപയോഗിച്ചാണ്. 

കാനഡയിൽ സ്ഥിരതാമസമാക്കിയിരുന്ന സൗദി സ്വദേശിയായ ജമാൽ ഖസ്‌ഷോഗിയെ നിരീക്ഷിക്കാനും ഇതേ സോഫ്റ്റ് വെയർ ടെക്‌നോളജി തന്നെയാണ് ഉപയോഗിക്കപ്പെട്ടത്. ഇസ്രായേലി ചാര സംഘടനയായ 'മൊസ്സാദ്' അവരുടെ പല ചാരപ്രവർത്തനങ്ങൾക്കും ആശ്രയിക്കുന്നത്  ഈ 'പെഗാസസി'നെയാണ്. വെറും ഒരു ടെക്സ്റ്റ് മെസേജ് വഴി എങ്ങനെയാണ് ഈ സോഫ്റ്റ് വെയർ നമ്മുടെ സെൽഫോണിലെ രഹസ്യസ്വഭാവമുള്ള ഡാറ്റയത്രയും സ്വന്തമാക്കുന്നത്..? നമ്മളറിയാതെ നമ്മളുടെ ഫോണിന്റെ നിയന്ത്രണമേറ്റെടുക്കുന്നത്..? നമ്മളുടെ ഓരോ ചലനവും നിരീക്ഷിക്കുന്നത്..?

അഹമ്മദ് മൻസൂർ യുഎഇയിലെ ഒരു മനുഷ്യാവകാശ പ്രവർത്തകനാണ്.  അയാൾക്ക് ഒരു ദിവസം അപരിചിതമായ ഒരു നമ്പറിൽ നിന്നും ഒരു വാട്ട്സ് ആപ്പ് സന്ദേശം വരുന്നു. രാജ്യത്തു നടക്കുന്ന പോലീസ് ടോർച്ചറിനെപ്പറ്റി വിവരങ്ങൾ തരാം എന്നായിരുന്നു വാഗ്ദാനം. സാമ്പിളായി ഒരു വീഡിയോ മെസ്സേജിൽ ഉണ്ടെന്നും അത് കാണാൻ ഇതാ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക എന്നുമായിരുന്നു അതിൽ പറഞ്ഞിരുന്നത്.  മൻസൂർ വളരെ അപകടകരമായ ഒരു തൊഴിലിലാണ് ഏർപ്പെട്ടിരുന്നത്. മനുഷ്യാവകാശ പ്രവർത്തകർ സാധാരണ ഗതിയിൽ പല രാജ്യങ്ങളിലും ഗവണ്മെന്റുകളുടെ കണ്ണിലെ കരടാണ്. അവർ മാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തിൽ കൊണ്ടുനിർത്തുന്ന അപ്രിയ സത്യങ്ങൾ പലപ്പോഴും അവർക്ക് അരോചകമാണ്. അതുകൊണ്ടുതന്നെ ഈ 
മനുഷ്യാവകാശപ്രവർത്തകർക്കെതിരെ നിയമത്തിലെ എന്തെങ്കിലുമൊക്കെ വ്യവസ്ഥകൾ ഉപയോഗപ്പെടുത്തി കേസെടുത്ത് അവർക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്താനും, പരമാവധി ശിക്ഷ നൽകാനും ഒക്കെ അവർ ശ്രമിക്കും. അതിന് വേണ്ടുന്നത് ചെറിയ എന്തെങ്കിലുമൊക്കെ തെളിവുകളാണ്. ആ തെളിവുകളും തേടിയാണ് അവർ ഈ മനുഷ്യാവകാശ പ്രവർത്തകരുടെയും മറ്റും സെൽഫോണുകൾ ഹാക്ക് ചെയ്യാൻ ഇറങ്ങിപ്പുറപ്പെടുന്നത്. ഈ ആവശ്യത്തിനായി മറ്റു പല ഗവണ്മെന്റുകളെപ്പോലെ യുഎഇ ഗവണ്മെന്റും പെഗാസസ് എന്ന അതിശക്തമായ സർവൈലൻസ് മാൽവെയർ പണം കൊടുത്ത് സ്വന്തമാക്കിയിട്ടുണ്ട്. അതിൽ നിന്നും പുറപ്പെട്ട സന്ദേശമായിരുന്നു മൻസൂറിന്റെ വാട്ട്സാപ്പിൽ വന്നത്. അയാൾ ആ ട്രാപ്പിൽ വീണുപോയി. ആ ലിങ്കിൽ ക്ലിക്ക് ചെയ്ത മാത്രയിൽ അയാൾ പോലുമറിയാതെ അയാളുടെ സെൽഫോൺ സർക്കാരിന്റെ പൂർണ്ണ നിരീക്ഷണത്തിലായി. അധികം താമസിയാതെ അയാൾക്കെതിരെ സർക്കാരിന് ഒരു കാരണം വീണുകിട്ടി. പൊതുജനമധ്യത്തിൽ സർക്കാരിനേപ്പറ്റി അവമതിപ്പോടെ സംസാരിച്ചു എന്ന കുറ്റത്തിന് അയാളെ പൊലീസ് അറസ്റ്റുചെയ്തു. കോടതി ആ കുറ്റം ശരിവെച്ച് മൻസൂറിനെ പത്തുവർഷത്തെ കഠിനതടവിന് ശിക്ഷിച്ചു. എല്ലാറ്റിനും വഴിവെച്ചത് പെഗാസസ് എന്ന ആ സ്പൈവെയറിൽ നിന്നും പുറപ്പെട്ട ഒരു വാട്ട്സാപ്പ് സന്ദേശമാണ്. അത് ഒരു ട്രാപ്പ് ആയിരുന്നു. ആരെയും വീഴ്ത്താൻ പോന്നൊരു ട്രാപ്പ്..

ഇത്തരത്തിൽ ഫോണുകളെ ഹാക്ക് ചെയ്തു കൊണ്ട് നടത്തുന്ന ചാരപ്രവർത്തനങ്ങളുടെ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ കേസായിരുന്നു മൻസൂറിന്റേത്. കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ പെഗാസസ് എന്ന ഈ സ്പൈ വെയർ ഇതുപോലെ എത്രയോ മനുഷ്യാവകാശ പ്രവർത്തകരുടെ, അഭിഭാഷകരുടെ, പത്രപ്രവർത്തകരുടെ, രാഷ്ട്രീയ നേതാക്കളുടെ സെൽഫോണുകളെ ലക്ഷ്യമിട്ട് ടെക്സ്റ്റ്, വാട്ട്സ്ആപ്പ് സന്ദേഹസങ്ങൾ അയച്ചുവിട്ടു. പലതിലും പലരും വീണു. അങ്ങനെ സർക്കാർ നിരീക്ഷണത്തിലായ പലരുമിന്ന് പല കുറ്റങ്ങളും ചുമത്തപ്പെട്ട് ഇരുമ്പഴികൾക്കുള്ളിലാണ്. ഹതഭാഗ്യരായ ചിലരെങ്കിലും കൊലചെയ്യപ്പെട്ട് മണ്ണിനടിയിലും. എങ്ങനെയാണ് ഇതൊക്കെ സാധ്യമാവുന്നത്...?

 

2015 -ൽ പെഗാസസ് എന്ന പേര് മെക്സിക്കോയിൽ നിന്നും ഉയർന്നു കേട്ട്. അന്നത്തെ രണ്ടു ഡസനിലധികം വരുന്ന ഇരകളിൽ മെക്സിക്കോയിലെ സുപ്രസിദ്ധ അന്വേഷണാത്മക പത്രപ്രവർത്തകയായ കാർമെൻ അരിസ്റ്റാഗിയും ഉണ്ടായിരുന്നു. അക്കൊല്ലമാണ് അവർ മെക്സിക്കൻ പ്രസിഡന്റ് എൻറിക്കെ പിൻയെൻയാറ്റൊ.  വിവാദാസ്പദമായ കുംഭകോണങ്ങളെക്കുറിച്ചുള്ള കാർമന്റെ സ്ഫോടനാത്മകമായ റിപ്പോർട്ടുകൾ വെളിച്ചം കണ്ടപ്പോൾ മുതൽ കാർമെൻ ഗവണ്മെന്റിന്റെ കണ്ണിലെ കരടായി. താമസിയാതെ തിരിച്ചടികൾ അവരെ തേടിയെത്തി. സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട് ആഴ്ചകൾ കഴിയുന്നതിനകം കാർമെന്റെയും കൗമാരക്കാരനായ മകന്റെയും സെൽഫോണുകളിലേക്ക് പല നിഗൂഢമായ ടെക്സ്റ്റ് മെസ്സേജുകളും വരാൻ തുടങ്ങി. ആ സന്ദേശങ്ങളിൽ ചിലപ്പോൾ മാല്വെയറുകൾ കാണുമെന്നും അതൊന്നും തുറക്കരുതെന്നും കാർമെനെ വിലക്കി. പക്ഷേ, അപ്പോഴേക്കും അവർ ഏതൊക്കെയോ ലിങ്കുകളിൽ ക്ലിക്ക് ചെയ്തു കഴിഞ്ഞിരുന്നു. ആ സെൽഫോൺ പൂർണ്ണമായും സർക്കാരിന്റെ നിയന്ത്രണത്തിൽ ആയിരുന്നു. ഒരു ജേർണലിസ്റ്റ് എന്ന നിലയിൽ സർക്കാരിന്റെ ഉള്ളിൽ കാർമെന് ഉണ്ടായിരുന്ന സകല രഹസ്യ സോഴ്‌സുകളുടെയും വിവരങ്ങൾ അതോടെ ചോർന്നു. 

ഇത്തരത്തിൽ മുപ്പതിലധികം വ്യക്തികളുടെ സെൽ ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടതായി മെക്സിക്കോ കേന്ദ്രമായി പ്രവർത്തിക്കുന്ന സൈബർ ആക്ടിവിസ്റ്റ് സംഘടനയായ 'ആർട്ടറി ഡി' പറയുന്നുണ്ട്. ഗവൺമെന്റ് അഞ്ഞൂറിൽ അധികം പേരുടെ ഫോണുകൾ ഹാക്ക് ചെയ്യാൻ വേണ്ടി പെഗാസസിന് പണം നല്കിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ മാൽ വെയർ ബാധിതരുടെ യഥാർത്ഥ സംഖ്യ ഇനിയും ഏറാമെന്നും അവർ പറയുന്നു. 

എന്നാൽ അത്ര കുറഞ്ഞ സംഖ്യയ്‌ക്കൊന്നും സ്വന്തമാക്കാവുന്ന ഒരു സ്പൈ വെയർ അല്ല പെഗാസസ്. മെക്സിക്കൻ ഗവണ്മെന്റ് തങ്ങളുടെ ആവശ്യങ്ങൾക്കായി പെഗാസസ് കമ്പനിയ്ക്ക് നൽകിയത് ഇരുപത് കോടിയിലധികം രൂപയാണ്. അതിശക്തമായ ഒരു നിരീക്ഷണ സോഫ്റ്റ് വെയറാണ് ഇത്. ഏതൊരു എൻക്രിപ്‌ഷനെയും തകർത്ത്, എൻക്രിപ്റ്റ് ചെയ്യപെടുന്നതിനു മുമ്പുള്ള ഡേറ്റ വരെ തപ്പിയെടുക്കാൻ ഇതിന് സാധിക്കും. നമുക്ക് നിത്യവും നമ്മുടെ വേണ്ടപ്പെട്ടവരിൽ നിന്നും വരുന്ന പല മെസ്സേജുകളെയും അനുകരിച്ചുകൊണ്ടായിരിക്കും വളരെ സ്വാഭാവികമെന്നു തോന്നും വിധം ഈ സ്പൈ വെയർ മെസ്സേജും  കടന്നുവരിക.അതോടൊപ്പം വരുന്ന ലിങ്കിൽ അറിയാതെ ക്ലിക് ചെയ്തു പോവുന്ന നിമിഷം നമ്മുടെ ഫോൺ നമ്മൾ ആ നിരീക്ഷണ സംവിധാനത്തിന് അടിയറ വെച്ച് കഴിഞ്ഞു. ഒരിക്കൽ നിങ്ങളുടെ ഫോണിന്റെ പൂർണ്ണനിയന്ത്രണം പെഗാസസിന്റെ കയ്യിൽ ആയിക്കഴിഞ്ഞാൽ, പിന്നെ നിങ്ങൾ പോലും അറിയാതെ അതിലൂടെ നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റ്, ചിത്രങ്ങൾ, വീഡിയോസ്, ചാറ്റുകൾ, ഓഡിയോ റെക്കോഡിങ്ങുകൾ ഒക്കെ കോപ്പി ചെയ്യപ്പെടും. അതിന് നിങ്ങൾ  അറിയുക പോലും ചെയ്യാതെ നിങ്ങളുടെ ഫോണിലെ മൈക്ക്, കാമറ തുടങ്ങിയവ പ്രവർത്തിപ്പിക്കാനാവും.  നിങ്ങൾ ടൈപ്പ് ചെയ്യുന്നതെല്ലാം കോപ്പി ചെയ്യപ്പെടും. നിങ്ങൾക്കു വരുന്ന ഫോൺകോളുകൾ ഒരു റിമോട്ട് സെർവറിൽ ഇരുന്ന് റെക്കോർഡ് ചെയ്യാനാവും. 

ഈ സോഫ്റ്റ് വെയർ വിൽക്കുന്ന NSO ഗ്രൂപ്പിന്റെ അവകാശവാദം, തങ്ങൾ വിവിധ രാഷ്ട്രങ്ങളിലെ സർക്കാരുകളുമായി നേരിട്ടുള്ള ഇടപാടുകൾ, അതും ഭീകരവാദത്തെയും മറ്റും ചെറുക്കാൻ ഉതകുന്ന സാങ്കേതിക സഹായങ്ങൾ മാത്രമാണ് ചെയ്യാറുള്ളതെന്നാണ്. തങ്ങളുടെ സാങ്കേതികസഹായത്താൽ ഇതിനകം നാളിലധികം വൻ ഭീകരാക്രമണങ്ങൾ പൊളിക്കാൻ സർക്കാരുകൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നും അവർ അവകാശപ്പെടുന്നു . 

'രാജ്യസുരക്ഷ' എന്നത് എല്ലാക്കാലത്തും തങ്ങളുടെ മനുഷ്യാവകാശ ധ്വംസനങ്ങൾക്കുള്ള മറയായി എല്ലാക്കാലത്തും ഗവൺമെന്റുകൾ എടുത്തു പ്രയോഗിക്കുന്ന ഒരു ആയുധമാണ്. ഇതിന്റെ മറവിലാണ് അവർ എന്നും തങ്ങളുടെ അഴിമതികളും, കൊലപാതകങ്ങളും, പീഡനങ്ങളും ഒക്കെ  പുറംലോകത്തെ അറിയിക്കുന്നതിൽ നിന്നും പത്രപ്രവർത്തകരെ തടയുന്നത്. മെക്സിക്കോയിൽ മയക്കുമരുന്ന് വ്യാപാരികളും ഗവണ്മെന്റും തമ്മിലുള്ള അന്തർധാര വളരെ സജീവമാണ്. അതിന്റെ ഉദാഹരണമാണ്, 2017-ൽ സിന്നലോവാ സ്റ്റേറ്റിൽ ഹാവിയർ വാൾഡെസ് എന്ന നിർഭയനായ പത്രപ്രവർത്തകൻ സ്വന്തം ബ്യൂറോയുടെ തൊട്ടടുത്ത ബ്ലോക്കിൽ വെച്ച് മാഫിയയുടെ വെടിയേറ്റു മരിച്ചു. ഹാവിയർ മരണപ്പെടുന്നതിന് ദിവസങ്ങൾക്കു മുമ്പ് അദ്ദേഹത്തിന്റെ ഭാര്യയുടെ സെൽഫോണിൽ 'bit.ly' എന്ന് രേഖപ്പെടുത്തിയ ഒരു ലിങ്കോടുകൂടിയ  ഒരു ടെക്സ്റ്റ് മെസ്സേജ് വന്നിരുന്നു. അദ്ദേഹത്തിന്റെ പല സഹപ്രവർത്തകർക്കും ഇതേ പോലത്തെ സന്ദേശങ്ങൾ അദ്ദേഹത്തിന്റെ കൊലയ്ക്കു ശേഷം വരികയുണ്ടായി. മെക്സിക്കോ പോലെ ഡ്രഗ് കാർട്ടലുകളും സർക്കാരും തമ്മിലുള്ള അതിർവരമ്പ് വളരെ നേരിയതായി നിലനിൽക്കുന്ന ഒരു രാജ്യത്ത്, സർക്കാരുകളുടെ കയ്യിൽ പെഗാസസ് പോലെ ശക്തമായ സർവൈലൻസ് സംവിധാനങ്ങൾ വരുമ്പോൾ അത് എങ്ങനെ  ദുരുപയോഗം ചെയ്യപ്പെടാം എന്നതിന്റെ ഉദാഹരണമാണ് ഹവിയറിന്റെ വധം. കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്കു മുമ്പ് ഇതുപോലെ ഹവിയറിനും സന്ദേശങ്ങൾ വന്നിട്ടുണ്ടാവാം. അറിയില്ല. കാരണം, കൊലപാതകികൾ ഹവിയറിന്റെ ഫോണും, ലാപ്പ്ടോപും അപഹരിച്ചുകൊണ്ടാണ് കടന്നു കളഞ്ഞത്. രണ്ടുപേരെ ഈ കേസിൽ അറസ്റ്റു ചെയ്യുകയുണ്ടായെങ്കിലും ഈ കൊലപാതകം ആസൂത്രണം ചെയ്ത മാസ്റ്റർ മൈൻഡ് അറസ്റ്റു ചെയ്യപ്പെടുകയോ നഷ്ടമായ ഫോണും ലാപ്ടോപ്പും തിരിച്ചു കിട്ടുകയോ ഉണ്ടായില്ല. 

 

'പെഗാസസ് ' എന്ന ഈ ഇസ്രായേലി സോഫ്റ്റ് വെയറിന്റെ ചാരക്കണ്ണുകളുടെ സാന്നിദ്ധ്യം ആദ്യമായി തിരിച്ചറിയുന്നത് കാനഡയിലെ ടൊറന്റോ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു പോരുന്ന സിറ്റിസൺസ് ലാബ് എന്ന ഒരു മനുഷ്യാവകാശ സംഘടനയുടെ ഗവേഷകരാണ്. ഇത്തരത്തിൽ പലർക്കും അയച്ചു കിട്ടിയ ടെക്സ്റ്റ് മെസ്സേജുകളിലെ ലിങ്കുകളെ പിന്തുടർന്ന് ചെന്ന അവർ ചെന്നെത്തിയത് NSO എന്ന ഇസ്രായേലി ഗ്രൂപ്പിന്റെ സർവറുകളിലാണ്.2016  മുതൽ പെഗാസസിന്റെ നിയമവിരുദ്ധ അധിനിവേശങ്ങളെപ്പറ്റി പഠിച്ചുപോരുന്ന സിറ്റിസൺസ് ലാബ് പറയുന്നത് ഇന്ത്യയടക്കം, 45  ലോക രാജ്യങ്ങൾ പെഗാസസിന്റെ ആക്രമണത്തിന് വിധേയമായിക്കഴിഞ്ഞിരിക്കുന്നു എന്നാണ്. ഏറ്റവും കൂടുതൽ മെക്സിക്കോയിൽ ആയിരുന്നു എന്ന് മാത്രം. 

 

പെഗാസസ് പോലുള്ള സോഫ്റ്റ് വെയറുകളുടെ ഏറ്റവും വലിയ ആകർഷണീയത അതുപയോഗിച്ചുകൊണ്ട് ഏതൊരു രാജ്യത്തുള്ളവരെയും ഏതൊരു രാജ്യത്തിരുന്നും നിരീക്ഷിക്കാം എന്നുള്ളതാണ്. ഇത് പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്, തങ്ങളുടെ രാഷ്ട്രീയ, പത്രപ്രവർത്തന, മനുഷ്യാവകാശ പ്രയത്നങ്ങളുടെ പേരിൽ സ്വന്തം രാജ്യത്ത് ജീവൻ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ് മറ്റുള്ള രാജ്യങ്ങളിൽ രാഷ്ട്രീയാഭയം തേടുന്നവരെ നിരീക്ഷിക്കാനാണ്. ഇവരുടെ ഫോണുകളെ ഹാക്ക് ചെയ്ത് വിവരങ്ങൾ ശേഖരിക്കുന്ന സർക്കാരുകൾ ആദ്യം ചെയ്യുക, സ്വന്തം രാജ്യങ്ങളിലിരുന്ന് ഇവർക്ക് വേണ്ടുനാണ് സഹായങ്ങൾ ചെയ്തുകൊടുക്കുന്ന രഹസ്യ സോഴ്‌സുകളെ പിടികൂടി  തുറുങ്കിലടച്ച് ടോർച്ചർ ചെയ്യുക എന്നതാണ്.  ഈ സോഫ്റ്റ് വെയർ സേവനങ്ങൾക്കായി 2017 -ൽ സൗദി ചെലവിട്ടത് മുപ്പതു കോടിയിലധികം രൂപയാണ്. ഇതുപയോഗിച്ച് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി സൗദി ഗവണ്മെന്റ് അറസ്റുചെയ്തിട്ടുള്ളത് നൂറിലധികം പേരെയാണ്.  എന്നാൽ NSO ഗ്രൂപ്പ്, തങ്ങളുടെ പെഗാസസ് സോഫ്റ്റ്‌വെയർ ഇത്തരത്തിൽ മനുഷ്യാവകാശ പ്രവർത്തകരെയും, ജേർണലിസ്റ്റുകളെയും ഇല്ലായ്മചെയ്യാൻ വേണ്ടി ഉപയോഗിക്കപ്പെടുന്നു എന്ന വിവരം പാടെ നിഷേധിക്കുകയാണ് ചെയ്തത്. തങ്ങളുടെ ക്ലയന്റുകൾ ഏതൊക്കെ എന്ന വിവരവും അവർ വെളിപ്പെടുത്താൻ തയ്യാറാകുന്നില്ല. 

 

തങ്ങളുടെ നിരീക്ഷണ സോഫ്റ്റ്‌വെയറുകൾ ഭീകരവാദികളെയും മയക്കുമരുന്നു മാഫിയകളെയും നിരീക്ഷിക്കാൻ വേണ്ടി മാത്രമാണ്, ഗവണ്മെന്റുകളുടെ ഏറ്റവും ഉന്നതമായ പ്രതിനിധികൾ വഴി മാത്രമാണ് ഉപയോഗപ്പെടുത്തുന്നത് എന്നാണ് പെഗാസസിന്റെ വാദം. എന്നാൽ, പല രാജ്യങ്ങളിലും, തീവ്രവാദം എന്ന വാക്കിനെ അഭിപ്രായ സ്വാതന്ത്ര്യം എന്ന വാക്കുമായി ബന്ധിപ്പിച്ചുകൊണ്ട് വായിക്കപ്പെടുന്നുണ്ട്.  അത് മനുഷ്യാവകാശ പ്രവർത്തനങ്ങളെയും അന്വേഷണാത്മക പത്രപ്രവർത്തനത്തെയും രാജ്യദ്രോഹത്തിന്റെ കുടക്കീഴിൽ കൊണ്ട് നിർത്തുന്നുണ്ട്. ജനാധിപത്യവിരുദ്ധമായ നിയമങ്ങൾ നിലവിലുള്ള പല രാജ്യങ്ങളിലും നവോത്ഥാനത്തിനായി 

പരിശ്രമിക്കുന്നത് പോലും ഭീകരവാദമായി സർക്കാർ കാണുന്നുണ്ട്. അവരുടെ പ്രാഥമികമായാ മനുഷ്യാവകാശങ്ങളെ ലംഘിക്കുകയും, വ്യക്തികളുടെ സ്വകാര്യതയിലേക്ക് നിയമവിരുദ്ധമായി അതിക്രമിച്ചു കേറുകയുമാണ്  പെഗാസസ് പോലുള്ള സ്പൈ വെയറുകൾ ചെയ്തുപോരുന്നത്. 

മൊബൈൽ സർവൈലൻസ് ഇന്ന് 12  ബില്യൺ ഡോളർ, അതായത്  84, 000  കോടി രൂപ അറ്റാദായമുള്ള ഒരു വിപണിയാണ്. ഇത് അനുദിനം വികസിതമായിക്കൊണ്ടിരിക്കുന്ന ഒരു വിപണിയാണ്. സൈബർ സ്‌പേസിൽ നടക്കുന്ന യുദ്ധങ്ങൾ നമ്മുടെ കണ്ണുകൾക്ക് കാണാനായെന്നു വരില്ല. അതിനുപയോഗിക്കുന ആയുധങ്ങൾ വളരെ ആധുനികമാണ്. ഇക്കാലത്ത് അതൊക്കെയും  ആർക്കും എടുത്തുപയോഗിക്കാവുന്നത്ര സരളമായി വരുന്നു. ഇത്തരത്തിൽ അതിർത്തികളുടെ ബാധ്യതയില്ലാതെ, ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് അയാൾ പോലുമറിയാതെ കടന്നുകയറുന്ന നിരീക്ഷണകണ്ണുകളെ, കാതുകളെ നിയന്ത്രിക്കാൻ വേണ്ട അന്താരാഷ്‌ട്ര നിയമങ്ങൾ ഇപ്പോൾ നിലവിലില്ല. NSO ഗ്രൂപ്പ് പോലുള്ള കമ്പനികൾ, പെഗാസസ് പോലുള്ള നിരീക്ഷണ സ്പൈ വെയറുകൾ ഒക്കെയും കാശുവാരുന്നത് ആവശ്യമായ നിയന്ത്രണങ്ങളുടെ അസാന്നിധ്യത്തിലും, ഈ പ്രവൃത്തികളെ കൃത്യമായി ചൂണ്ടിക്കാണിച്ച് ശിക്ഷിക്കാനുള്ള നിയമങ്ങളുടെ അഭാവത്തിലുമാണ്.  നമ്മുടെ സമൂഹത്തിനും നീതിന്യായ വ്യവസ്ഥയ്ക്കും പാർലമെന്റിനും ഒന്നും ഇത്തരത്തിൽ ജനാധിപത്യവ്യവസ്ഥയുടെ അടിവേരിളക്കുന്ന, വ്യക്തികളുടെ സ്വകാര്യതയിലേക്ക് നിയമവിരുദ്ധമായി കടന്നു കേറുന്ന ഒരു അപകടത്തെപ്പറ്റി വേണ്ടത്ര ബോധ്യം ഇതുവരെയും വന്ന ലക്ഷണമില്ല.  സാങ്കേതിക വിദ്യയിലുണ്ടായ മുന്നേറ്റം നമ്മുടെ സ്വകാര്യതയുടെ പ്രതിരോധങ്ങളെ ക്ഷയിപ്പിക്കുന്നു. ഇതിനെതിരെയുള്ള പോരാട്ടങ്ങൾക്ക് തുടക്കമിടേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. 

വിവരങ്ങൾക്ക് കടപ്പാട് : അൽ ജസീറ 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!