ലിങ്ക്ഡ്ഇന്നിലെ 70 കോടിപ്പേരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Jun 30, 2021, 9:14 PM IST
Highlights

ജൂണ്‍ 22നാണ് ഡാറ്റവില്‍ക്കാനുണ്ട് എന്ന പരസ്യം പ്രത്യക്ഷപ്പെട്ടത് എന്നാണ് പാശ്ചത്യ ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് ഉടമസ്ഥതയിലുള്ള പ്രഫഷണല്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് ലിങ്ക്ഡ്ഇനില്‍ വന്‍ വിവരചോര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ലിങ്ക്ഡ്ഇന്നിലെ 70 കോടിപ്പേരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നും ഇത് ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ് എന്നുമാണ് വിവരം. ഒരു ഹാക്കര്‍ ഫോറത്തില്‍ ഇത് സംബന്ധിച്ച പരസ്യം വന്നതോടെയാണ് വന്‍ സുരക്ഷ വീഴ്ച സംശയിക്കുന്ന സംഭവം പുറത്തായത്.

ജൂണ്‍ 22നാണ് ഡാറ്റവില്‍ക്കാനുണ്ട് എന്ന പരസ്യം പ്രത്യക്ഷപ്പെട്ടത് എന്നാണ് പാശ്ചത്യ ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരസ്യത്തിനോടൊപ്പം സാമ്പിളായി പത്ത് ലക്ഷം പേരുടെ വ്യക്തിവിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് റീസ്റ്റോര്‍ പ്രൈവസിയുടെ റിപ്പോര്‍ട്ട് പറയുന്നത്. 2020-21 കാലഘട്ടത്തിലെ വിവരങ്ങളാണ് ചോര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട്. 

ഉപയോക്താക്കളുടെ പേരുകള്‍, ഇ-മെയില്‍, ഫോണ്‍ നമ്പറുകള്‍, മേല്‍വിലാസം, ജിയോ ലൊക്കേഷനുകള്‍ എന്നിവ ചോര്‍ന്ന വിവരങ്ങളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അക്കൗണ്ട് പാസ്വേര്‍ഡുകള്‍ മുതലായവ ഇപ്പോള്‍ പരസ്യമാക്കിയ വിവരങ്ങളുടെ കൂട്ടത്തില്‍ ഇല്ലെന്നാണ് വിവരം. 

അതേ സമയം മൈക്രോസോഫ്റ്റ് ഉടമസ്ഥതയിലുള്ള ലിങ്ക്ഡ്ഇന്‍, ഇപ്പോള്‍ പുറത്തുവന്ന കാര്യങ്ങള്‍ പരിശോധിച്ചെന്നും. ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങളില്‍ തങ്ങളുടെ ഉപയോക്താക്കളുടെ നിര്‍ണ്ണായക വിവരങ്ങള്‍ ഒന്നുമില്ലെന്നും. ഇത് വിവിധ സൈറ്റുകളില്‍ പബ്ലിക്കായി ലഭിക്കുന്ന സ്ക്രാപ്പിംഗ് ഡാറ്റ മാത്രമാണെന്നും പ്രതികരിച്ചു. 

ഇത്തരത്തില്‍ ആണെങ്കില്‍ പോലും തങ്ങളുടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ എടുക്കുകയും അത് ദുരുപയോഗം ചെയ്യുന്നതും തെറ്റാണ്. ലിങ്കിഡ് ഇന്‍ സേവന നിബന്ധനകള്‍ക്ക് എതിരാണ് അത്. അതിനാല്‍ തന്നെ ഇത് തടയാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ കമ്പനി സ്വീകരിക്കും- ലിങ്ക്ഡ് ഇന്‍ വക്താവ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!