ആദ്യ സമ്പൂര്‍ണ ഡിജിറ്റൽ സംസ്ഥാനമാകാനൊരുങ്ങി കേരളം; ജനുവരിയോടെ നേട്ടം കൈവരിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്

By Web TeamFirst Published Aug 5, 2023, 10:23 PM IST
Highlights

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കേരളത്തിന് ഈ നേട്ടം ദുഷ്‌ക്കരമാകില്ല.

പാലക്കാട്: ജനുവരിയോടെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമായി കേരളം മാറുമെന്ന് തദ്ദേശസ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര വൈജ്ഞാനികോത്സവം 'ഫ്രീഡം ഫെസ്റ്റ് 2023' ന്റെ ഭാഗമായി 'ഇ-ഗവേണന്‍സ് പ്രശ്‌നങ്ങളും പരിഹാരവും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കേരളത്തിന് ഈ നേട്ടം ദുഷ്‌ക്കരമാകില്ല. ഡിജിറ്റല്‍ സാക്ഷരതാ യജ്ഞത്തില്‍ പ്രധാന വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കേണ്ടത് വിദ്യാര്‍ത്ഥികളാണ്.  നവംബര്‍ ഒന്നോടെ ഇതിന്റെ ആദ്യഘട്ട പ്രവര്‍ത്തനം ആരംഭിക്കും. ഇന്ത്യയില്‍ ഏറ്റവും ഫ്രലപ്രദമായി ഡിജിറ്റല്‍ വിദ്യാഭ്യാസം നടപ്പാക്കിയത് കേരളത്തിലാണ്. തദ്ദേശ സ്ഥാപനങ്ങളില്‍ സേവനങ്ങള്‍ ഓണ്‍ലൈനായി. കെ-ഫോണ്‍ ആരംഭിച്ചു. ഇന്റര്‍നെറ്റ് അടിസ്ഥാന പൗരാവകാശമായി പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായ പരിപാടിയില്‍ ഐ.ടി കേരള മിഷന്‍ ഡയറക്ടര്‍ അനുകുമാരി ആശയം അവതരിപ്പിച്ചു. ലിറ്റില്‍ കൈറ്റ്‌സിന്റെ നേതൃത്വത്തില്‍ ആര്‍ഡിനോ, ഹയര്‍സെക്കന്‍ഡറി ഫിസിക്‌സ് പരീക്ഷണങ്ങള്‍ എളുപ്പമാക്കുന്ന എക്‌സ്പ് ഐസ് എന്നീ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുള്ള പ്രദര്‍ശനങ്ങളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡിറിയുടെ അക്വ ഫോണിക്‌സ് പ്രദര്‍ശനവും ഉണ്ടായിരുന്നു. 

പരിപാടിയില്‍ യുവപ്രതിഭ മത്സരത്തിലെയും ക്വിസ് മത്സരത്തിലെയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. അസിസ്റ്റന്റ് കലക്ടര്‍ ഒ.വി ആല്‍ഫ്രഡ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി മനോജ്കുമാര്‍, വൈ.ഐ.പി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. സുരേഷ്, കെ.എസ്. ഐ.ടി.എം ആന്‍ഡ് ഡി.ഇ.സി.ജി ജില്ലാ പ്രൊജക്ട് മാനേജര്‍ ടി. തനൂജ്, ഡി.എ.കെ.എഫ് ജില്ലാ പ്രസിഡന്റ് പ്രസാദ് മാത്യു, കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അജിതാ വിശ്വനാഥ്, പാലക്കാട് പോളിടെക്‌നിക് കോളെജ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് തലവന്‍ ഡോ. എം പ്രദീപ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Read also: തിരുവനന്തപുരത്ത് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് പെൺകുട്ടി മരിച്ചു; അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!