ജിയോ വരിക്കാർക്ക് മുന്നറിയിപ്പ്, ഇൻകമിങ് കോളുകൾ നിലച്ചേക്കാം

Published : Nov 18, 2026, 03:04 PM IST
Reliance Jio Launches ₹10,000 Prepaid Plan

Synopsis

റീചാർജ് കാലാവധി അവസാനിച്ചാൽ ഇൻകമിങ് കോളുകൾ നിലച്ചേക്കാമെന്ന മുന്നറിയിപ്പുമായി റിലയൻസ് ജിയോ. നിശ്ചിത സമയത്തിനുള്ളിൽ റീചാർജ് ചെയ്തില്ലെങ്കിൽ സേവനം തടസ്സപ്പെടുമെന്നാണ് സന്ദേശം. ഇത് ഉപയോക്താക്കൾക്കിടയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.

റീചാർജ് പ്ലാനിന്റെ കാലാവധി അവസാനിച്ചാൽ ഇൻകമിങ് കോളുകളും എപ്പോൾ വേണമെങ്കിലും നിലച്ചേക്കാമെന്ന മുന്നറിയിപ്പുമായി റിലയൻസ് ജിയോ. നിശ്ചിത സമയത്തിനുള്ളിൽ റീചാർജ് പുതുക്കിയില്ലെങ്കിൽ ഇൻകമിങ് കോളുകൾ ലഭിക്കുന്നത് തടസ്സപ്പെടുമെന്നാണ് ചില ഉപയോക്താക്കൾക്ക് ലഭിച്ച സന്ദേശത്തിലുള്ളത്. ഇതോടെ ജിയോ വരിക്കാർക്കിടയിൽ ആശങ്കയും ചർച്ചകളും ശക്തമായി.

ഇൻകമിങ് കോളുകൾ എപ്പോൾ വേണമെങ്കിലും നിലച്ചേക്കാം

ജിയോയുടെ പേരിൽ ലഭിച്ചെന്ന് പറയപ്പെടുന്ന മുന്നറിയിപ്പ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ നിരവധി ഉപയോക്താക്കൾ സമൂഹമാധ്യമങ്ങളിലും ഓൺലൈൻ ഫോറങ്ങളിലും പങ്കുവെച്ചിട്ടുണ്ട്. എക്സ് ഉപയോക്താവായ അഭിഷേക് യാദവ് പങ്കുവെച്ച സന്ദേശത്തിന്റെ സ്ക്രീൻഷോട്ടാണ് ഇപ്പോൾ ചർച്ചയാകുന്നത്.

'നിങ്ങളുടെ ജിയോ റീചാർജ് പ്ലാനിന്റെ കാലാവധി അവസാനിച്ചു. ഇൻകമിങ് കോളുകൾ എപ്പോൾ വേണമെങ്കിലും നിലച്ചേക്കാം. ബന്ധം നിലനിർത്താൻ ഉടൻ റീചാർജ് ചെയ്യുക' എന്നാണ് സന്ദേശത്തിലുള്ളത്. എന്നാൽ, റീചാർജ് കാലാവധി അവസാനിച്ചാൽ എത്ര സമയത്തിനുള്ളിൽ ഇൻകമിങ് കോളുകൾ തടയുമെന്ന കാര്യത്തിൽ സന്ദേശത്തിൽ വ്യക്തതയില്ല. ഇൻകമിങ് കോളുകൾ മാത്രമാണോ അതോ സന്ദേശങ്ങൾ ലഭിക്കുന്നതിനും നിയന്ത്രണമുണ്ടാകുമോ എന്ന കാര്യത്തിലും ഉപയോക്താക്കൾക്ക് ആശങ്കയുണ്ട്.

ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നത് എന്ത്?

സാധാരണയായി പ്രീപെയ്ഡ് റീചാർജ് പ്ലാനിന്റെ കാലാവധി അവസാനിച്ചാൽ ഔട്ട്ഗോയിങ് കോളുകളും സന്ദേശങ്ങൾ അയക്കുന്നതിനുള്ള സൗകര്യവും തടസ്സപ്പെടും. എന്നാൽ, ഇൻകമിങ് കോളുകളും സന്ദേശങ്ങളും കുറച്ചുകാലത്തേക്ക് ലഭിക്കാറുണ്ട്. യോയുടെ ഔദ്യോഗിക വെബ്സൈറ്റിലും റീചാർജ് കാലാവധി അവസാനിച്ച ഉടൻ ഇൻകമിങ് കോളുകൾ തടയുമെന്ന തരത്തിലുള്ള വ്യക്തമായ വിവരങ്ങളില്ല. കാലാവധി കഴിഞ്ഞാൽ എത്ര ദിവസം വരെ ഇൻകമിങ് കോളുകളും സന്ദേശങ്ങളും ലഭിക്കുമെന്ന കാര്യവും കമ്പനി വ്യക്തമാക്കിയിട്ടില്ല. വിഷയത്തിൽ റിലയൻസ് ജിയോയോട് ഇന്ത്യ ടുഡേ ടെക് വിശദീകരണം തേടിയിട്ടുണ്ട്. കമ്പനിയുടെ പ്രതികരണം ലഭിക്കുന്നതനുസരിച്ച് വാർത്ത പുതുക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

90 ദിവസം കഴിഞ്ഞാൽ സിം കാർഡ് നിർജ്ജീവമാകുമോ?

ട്രായ് വ്യവസ്ഥകൾ പ്രകാരം തുടർച്ചയായി 90 ദിവസം ഉപയോഗിക്കാത്ത പ്രീപെയ്ഡ് നമ്പറുകൾ നിർജ്ജീവമാക്കാൻ ടെലികോം കമ്പനികൾക്ക് വ്യവസ്ഥകളുണ്ട്. എന്നാൽ, അക്കൗണ്ടിലെ ബാലൻസ് അനുസരിച്ചായിരിക്കും തുടർനടപടികൾ. ബാലൻസ് 20 രൂപയിൽ താഴെയാണെങ്കിൽ എല്ലാ സേവനങ്ങളും നിർത്തിവെക്കും. നമ്പർ വീണ്ടും സജീവമാക്കുന്നതിനുള്ള ഫീസ് അടയ്ക്കാൻ ഉപയോക്താവിന് 15 ദിവസത്തെ സമയം അനുവദിക്കും. ഈ കാലയളവിനുള്ളിൽ ഫീസ് അടച്ചില്ലെങ്കിൽ നമ്പർ പൂർണമായും വിച്ഛേദിക്കാം. അതേസമയം, അക്കൗണ്ടിൽ 20 രൂപയിൽ കൂടുതൽ ബാലൻസുണ്ടെങ്കിൽ ഓട്ടോമാറ്റിക് നമ്പർ നിലനിർത്തൽ പദ്ധതി പ്രാബല്യത്തിൽ വരും. ഇതിന്റെ ഭാഗമായി 20 രൂപ അക്കൗണ്ടിൽനിന്ന് കുറയ്ക്കുകയും തുടർന്നുള്ള 30 ദിവസം കൂടി സേവനം നിലനിർത്തുകയും ചെയ്യും.

ട്രായ് നിയമം നിലവിൽ വന്നത് 2013ൽ

രാജ്യത്തെ എല്ലാ ടെലികോം കമ്പനികൾക്കും ബാധകമായ 90 ദിവസത്തെ നിർജ്ജീവ കാലയളവ് സംബന്ധിച്ച വ്യവസ്ഥ 2013 ഫെബ്രുവരി 21-ന് അവതരിപ്പിച്ച ടെലികോം ഉപഭോക്തൃ സംരക്ഷണ (ആറാം ഭേദഗതി) ചട്ടത്തിന്റെ ഭാഗമാണ്. 2013 മാർച്ച് 22 മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. അതേസമയം, ജിയോയുടെ പുതിയ മുന്നറിയിപ്പ് സന്ദേശം നിലവിലുള്ള ട്രായ് വ്യവസ്ഥകളുമായി എങ്ങനെ പൊരുത്തപ്പെടുന്നുവെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. കമ്പനിയുടെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നാൽ മാത്രമേ ഇൻകമിങ് കോളുകൾ തടയുന്ന സമയപരിധി സംബന്ധിച്ച ആശയക്കുഴപ്പത്തിന് പരിഹാരമാകൂ.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ കമ്പനികൾക്ക് ആശ്വാസം; ഓപ്പൺഎഐയുടെ പുതിയ നീക്കം അറിയാം
ആ തട്ടിപ്പ് ഇനി നടക്കില്ല; ഇൻസ്റ്റഗ്രാമിൽ കൗമാരക്കാരെ കണ്ടെത്താൻ എഐ