
കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിർണായക നീക്കവുമായി ഇൻസ്റ്റഗ്രാം. പ്രായം തെറ്റായി രേഖപ്പെടുത്തി അക്കൗണ്ട് ഉപയോഗിക്കുന്ന കൗമാരക്കാരെ കണ്ടെത്താൻ നിർമിതബുദ്ധി (എഐ) സംവിധാനം ആഗോളതലത്തിൽ നടപ്പാക്കാനൊരുങ്ങുകയാണ് ഇൻസ്റ്റഗ്രാമിന്‍റെ മാതൃകമ്പനിയായ മെറ്റ.
എഐയുടെ സഹായത്തോടെ പ്രായം തിരിച്ചറിയുകയും കൗമാരക്കാരുടെ അക്കൗണ്ടുകൾ കൂടുതൽ നിയന്ത്രണങ്ങളുള്ള 'ടീൻ അക്കൗണ്ടുകളിലേക്ക്' മാറ്റുകയുമാണ് ലക്ഷ്യം. അക്കൗണ്ട് ആരംഭിക്കുമ്പോൾ പല കൗമാരക്കാരും കർശന നിയന്ത്രണങ്ങൾ ഒഴിവാക്കാൻ വ്യാജ ജനനത്തീയതിയാണ് നൽകുന്നത്. ഇത്തരത്തിൽ പ്രായപൂർത്തിയായവരാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അക്കൗണ്ട് ഉപയോഗിക്കുന്നവർ കൗമാരക്കാരാണോ എന്ന് പുതിയ എഐ സംവിധാനം പരിശോധിക്കും.
ഉപയോക്താവിന്റെ പ്രായം കണക്കാക്കാൻ അവരുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലെ വിവിധ വിവരങ്ങളാണ് മെറ്റയുടെ എഐ പരിശോധിക്കുന്നത്. പോസ്റ്റുകൾ, കമന്റുകൾ, ബയോ, ചിത്രങ്ങൾക്കൊപ്പമുള്ള കുറിപ്പുകൾ എന്നിവ വിശകലനം ചെയ്യും. സ്‍കൂൾ ക്ലാസ്, ജന്മദിന ആഘോഷങ്ങൾ തുടങ്ങിയ പരാമർശങ്ങളും പ്രായം തിരിച്ചറിയാനുള്ള സൂചനകളായി ഉപയോഗിക്കും. ഫോട്ടോകളിലെയും വീഡിയോകളിലെയും ദൃശ്യസൂചനകളും പരിശോധിക്കും. ഒരാളുടെ ഉയരം, അസ്ഥികളുടെ ഘടന തുടങ്ങിയ ശാരീരിക സവിശേഷതകൾ വിശകലനം ചെയ്തും പ്രായം കണക്കാക്കാനാണ് നീക്കം.
കൗമാരക്കാരുടേതാണെന്ന് സംശയിക്കുന്ന അക്കൗണ്ടുകൾ കൂടുതൽ സുരക്ഷാ നിയന്ത്രണങ്ങളുള്ള ടീൻ അക്കൗണ്ടുകളിലേക്ക് മാറ്റും. ഇത്തരം അക്കൗണ്ടുകൾ സ്വതവേ സ്വകാര്യമായിരിക്കും. ഉപദ്രവകരമായ കമന്റുകൾ സ്വമേധയാ മറയ്ക്കുകയും ചെയ്യും. ഉപയോക്താവ് നേരത്തെ പിന്തുടരുന്നവരിൽ നിന്നോ ബന്ധമുള്ളവരിൽ നിന്നോ മാത്രമേ നേരിട്ടുള്ള സന്ദേശങ്ങൾ സ്വീകരിക്കാൻ കഴിയൂ. ദിവസേന 60 മിനിറ്റ് ഇൻസ്റ്റഗ്രാം ഉപയോഗിച്ചുകഴിഞ്ഞാൽ ആപ്പ് ക്ലോസ് ചെയ്യാനുള്ള റിമൈൻഡറും ലഭിക്കും. രാത്രി 10 മണി മുതൽ രാവിലെ ഏഴുമണി വരെ അറിയിപ്പുകൾ നിശബ്ദമാക്കും. 16 വയസിന് താഴെയുള്ളവർക്ക് രക്ഷിതാക്കളുടെ അനുമതിയില്ലാതെ ഈ നിയന്ത്രണങ്ങൾ ഒഴിവാക്കാനാകില്ല.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിയമനടപടികൾക്ക് പിന്നാലെയാണ് മെറ്റയുടെ പുതിയ നീക്കം. കൗമാരക്കാരുടെ മാനസികാരോഗ്യത്തെയും സുരക്ഷയെയും കമ്പനിയുടെ പ്ലാറ്റ്‌ഫോമുകൾ പ്രതികൂലമായി ബാധിക്കുന്നുവെന്ന ആരോപണത്തെത്തുടർന്ന് 52 ഇരുകക്ഷി അറ്റോർണി ജനറൽമാർ നൽകിയ പരാതികളുമായി ബന്ധപ്പെട്ടാണ് നടപടി.
ഓഗസ്റ്റിൽ അമേരിക്കയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളുമായും പ്രദേശങ്ങളുമായും മെറ്റ ഒത്തുതീർപ്പിലെത്തിയിരുന്നു. 18 ബില്യൺ ഡോളർ വരെ മൂല്യമുള്ള കരാറുകളാണ് ഇതിന്റെ ഭാഗമായി ഉണ്ടായത്. 13 വയസിന് താഴെയുള്ള കുട്ടികളുടെ അക്കൗണ്ടുകൾ കണ്ടെത്തുന്നതിനും മുതിർന്ന കൗമാരക്കാരെ പ്രായത്തിന് അനുയോജ്യമായ സുരക്ഷിത സംവിധാനങ്ങളിലേക്ക് മാറ്റുന്നതിനും കൂടുതൽ സാങ്കേതികവിദ്യയിൽ നിക്ഷേപം നടത്തുമെന്ന് മെറ്റ അറിയിച്ചു. പുതിയ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കുന്നതിനായി അമേരിക്കയിലെ രക്ഷിതാക്കൾക്ക് ഇൻസ്റ്റഗ്രാം ഫീഡിൽ പ്രത്യേക വിഡിയോയും പ്രദർശിപ്പിക്കും.
ഇൻസ്റ്റഗ്രാമിൽ മാത്രം ഒതുങ്ങുന്നതല്ല പുതിയ സംവിധാനം. ഫേസ്ബുക്കിലും സമാനമായ എഐ പ്രായനിർണയ സാങ്കേതികവിദ്യ നടപ്പാക്കിവരികയാണെന്ന് മെറ്റ വ്യക്തമാക്കി. ഈ വർഷം അവസാനത്തോടെ ത്രെഡ്‍സിലും സമാനമായ സംവിധാനം ആഗോളതലത്തിൽ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.