
ഇന്ത്യൻ കമ്പനികൾക്ക് ആശ്വാസമായി നിർണായക പ്രഖ്യാപനവുമായി ഓപ്പൺഎഐ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സേവനങ്ങൾ ഉപയോഗിക്കുമ്പോൾ കമ്പനികളുടെ വിവരങ്ങൾ ഇനി ഇന്ത്യയിൽത്തന്നെ പ്രോസസ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് ഓപ്പൺഎഐ. ഇതോടെ ബിസിനസ് സ്ഥാപനങ്ങളുടെ സുപ്രധാന വിവരങ്ങളും എഐ പ്രവർത്തനങ്ങൾക്കായുള്ള കമ്പ്യൂട്ടിങ് പ്രക്രിയയും വിദേശ സെർവറുകളിലേക്ക് അയക്കാതെ രാജ്യത്തിനുള്ളിൽത്തന്നെ കൈകാര്യം ചെയ്യാൻ സാധിക്കും. ഇൻഫറൻസ് എന്നറിയപ്പെടുന്ന എഐ മോഡലിന്റെ കംപ്യൂട്ടിങ് പ്രവർത്തനങ്ങളും ഇനി ഇന്ത്യയിൽത്തന്നെ നടക്കും. സാമ്പത്തിക സേവന മേഖല, ബാങ്കിങ് തുടങ്ങി കർശനമായ വിവര സുരക്ഷാ ചട്ടങ്ങൾ പാലിക്കേണ്ട സ്ഥാപനങ്ങൾക്ക് പുതിയ സംവിധാനം ഏറെ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിലെ പല കമ്പനികളും ഇതുവരെ എഐ സാങ്കേതികവിദ്യ പൂർണതോതിൽ ഉപയോഗിക്കാൻ മടിച്ചിരുന്നു. ഉപഭോക്താക്കളുടെ വിവരങ്ങൾ രാജ്യത്തിനുള്ളിൽത്തന്നെ സൂക്ഷിക്കുകയും പ്രോസസ് ചെയ്യുകയും വേണമെന്ന നിബന്ധനകളാണ് ഇതിന് പ്രധാന കാരണം.
പുതിയ എപിഐ ഇൻഫറൻസ് റെസിഡൻസി സംവിധാനത്തിലൂടെ ഈ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് ഓപ്പൺഎഐയുടെ വിലയിരുത്തൽ. കമ്പനികൾ നൽകുന്ന വിവരങ്ങളും അവയുടെ അടിസ്ഥാനത്തിൽ എഐ മോഡൽ നടത്തുന്ന കംപ്യൂട്ടിങ് പ്രവർത്തനങ്ങളും ഇന്ത്യയിൽത്തന്നെ നടക്കും. ഇതോടെ വിവരങ്ങൾ രാജ്യത്തിന് പുറത്തേക്ക് പോകുമെന്ന ആശങ്കയില്ലാതെ എഐ സേവനങ്ങൾ ഉപയോഗിക്കാനാകും.
ഓപ്പൺഎഐയുടെ ഇന്ത്യയിലെ എന്റർപ്രൈസ് വിഭാഗം മേധാവി നിതിൻ ബാവൻകുലെ പുതിയ സംവിധാനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. സുപ്രധാന ജോലികൾക്കായി എഐ പൂർണതോതിൽ വിന്യസിക്കാൻ ചില ഇന്ത്യൻ കമ്പനികൾക്ക് സാധിച്ചിരുന്നില്ല. വിവരങ്ങൾ രാജ്യത്തിനുള്ളിൽത്തന്നെ പ്രോസസ് ചെയ്യണമെന്ന ആവശ്യമായിരുന്നു പ്രധാന തടസ്സമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സംവിധാനം വഴി വിവരങ്ങൾ എവിടെ പ്രോസസ് ചെയ്യപ്പെടുന്നു എന്നതിൽ കമ്പനികൾക്ക് കൂടുതൽ നിയന്ത്രണം ലഭിക്കും. ഇന്ത്യൻ ഡെവലപ്പർമാർക്കും സ്റ്റാർട്ടപ്പുകൾക്കും സ്വന്തം ആവശ്യങ്ങൾക്കും വൻകിട സ്ഥാപനങ്ങളുടെ ആവശ്യങ്ങൾക്കുമായി പുതിയ എഐ അധിഷ്ഠിത സേവനങ്ങൾ വികസിപ്പിക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യഘട്ടത്തിൽ ജിപിടി-6 ലൂണ മോഡലിലാണ് ഇന്ത്യയിലെ പ്രാദേശിക എഐ പ്രോസസിങ് സൗകര്യം ലഭ്യമാകുക. ദൈർഘ്യമേറിയ രേഖകളുടെ സംഗ്രഹം തയ്യാറാക്കുക, മറുപടികൾ എഴുതുക, സ്ഥാപനങ്ങളുടെ ആഭ്യന്തര വിവരങ്ങൾ വിശകലനം ചെയ്യുക തുടങ്ങിയ ടെക്സ്റ്റ് അധിഷ്ഠിത ജോലികൾക്കായി കമ്പനികൾക്ക് ഈ സംവിധാനം ഉപയോഗിക്കാം.
ഓപ്പൺഎഐ പ്ലാറ്റ്ഫോമിൽ പുതിയ എപിഐ പ്രോജക്ട് സൃഷ്ടിച്ച് ഡാറ്റാ സംഭരണത്തിനും പ്രോസസിങ്ങിനും ഇന്ത്യയെ പ്രദേശമായി തിരഞ്ഞെടുക്കുകയാണ് വേണ്ടത്. തുടർന്ന് ഇന്ത്യയ്ക്കായി നൽകിയിട്ടുള്ള പ്രത്യേക റീജിയണൽ എൻഡ്‌പോയിന്റ് ഉപയോഗിക്കാം. നിലവിൽ റെസ്പോൺസസ്, ചാറ്റ് കംപ്ലീഷൻസ് എന്നീ എപിഐകൾ വഴി ജിപിടി-6 ലൂണയുടെ ഇൻപുട്ടും ഔട്ട്പുട്ടും ഈ സംവിധാനത്തിൽ പിന്തുണയ്ക്കുന്നുണ്ട്.
ഈ വർഷം നേരത്തെ പ്രഖ്യാപിച്ച 'ഓപ്പൺഎഐ ഫോർ ഇന്ത്യ' പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം. രാജ്യത്ത് എഐ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും വൻകിട സ്ഥാപനങ്ങൾക്കിടയിൽ എഐ ഉപയോഗം വ്യാപിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്ത്യയിൽത്തന്നെ എഐ ഡാറ്റാ പ്രോസസിങ് സാധ്യമാക്കുന്നതിനായി ടാറ്റ ഗ്രൂപ്പുമായി സഹകരിച്ച് രാജ്യത്ത് എഐ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാനുള്ള പദ്ധതിയും ഓപ്പൺഎഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആമസോൺ വെബ് സർവീസസിന്റെ ബെഡ്റോക്കിലും സമാനമായ പ്രാദേശിക ഡാറ്റാ റെസിഡൻസി സൗകര്യം കമ്പനി അടുത്തിടെ ലഭ്യമാക്കിയിരുന്നു. ഓപ്പൺഎഐയുടെ ആഗോള വിപുലീകരണ പദ്ധതിയിലും ഇന്ത്യയ്ക്ക് നിർണായക സ്ഥാനമാണുള്ളത്. ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്കൊപ്പം പ്രാദേശിക എഐ പ്രോസസിങ് സൗകര്യം ലഭ്യമാകുന്ന പ്രധാന വിപണികളിലൊന്നായി ഇന്ത്യയും മാറിയിരിക്കുകയാണ്.