ഇസ്രയേല്‍ ചാര സോഫ്റ്റ്വെയര്‍ 'പെഗാസസ്' വീണ്ടും വാര്‍ത്തയില്‍; വലിയ വാര്‍ത്ത വരുന്നതായി അഭ്യൂഹം?

Web Desk   | Asianet News
Published : Jul 18, 2021, 02:46 PM ISTUpdated : Jul 18, 2021, 11:24 PM IST
ഇസ്രയേല്‍ ചാര സോഫ്റ്റ്വെയര്‍ 'പെഗാസസ്' വീണ്ടും വാര്‍ത്തയില്‍; വലിയ വാര്‍ത്ത വരുന്നതായി അഭ്യൂഹം?

Synopsis

പെഗാസസിനെ ഉപയോഗിച്ച് ഇന്ത്യയിലെ വിവിധ തലങ്ങളിലുള്ള ഭരണ,രാഷ്ട്രീയ നേതാക്കളുടെ ഉദ്യോഗസ്ഥരുടെ, മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ ചോര്‍ത്തുന്നുവെന്നാണ് സുബ്രഹ്മണ്യ സ്വാമിയുടെ ട്വീറ്റ് പറയുന്നത്. 

ദില്ലി: ഇസ്രയേല്‍ കമ്പനി പെഗാസസ് വീണ്ടും വാര്‍ത്തകളിലേക്ക്. ആഗോളതലത്തില്‍ പ്രധാന വ്യക്തികളുടെ വിവരങ്ങള്‍  ഇസ്രയേല്‍ കമ്പനിയെ ഉപയോഗിച്ച് ചോര്‍ത്തുന്നു എന്നത് സംബന്ധിച്ച വലിയ വാര്‍ത്ത വരാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ബിജെപി നേതാവും രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി നടത്തിയ ട്വീറ്റ് ഇതിനകം വലിയ ചര്‍ച്ചയ്ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. 

പെഗാസസിനെ ഉപയോഗിച്ച് ഇന്ത്യയിലെ വിവിധ തലങ്ങളിലുള്ള ഭരണ,രാഷ്ട്രീയ നേതാക്കളുടെ ഉദ്യോഗസ്ഥരുടെ, മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ ചോര്‍ത്തുന്നുവെന്നാണ് സുബ്രഹ്മണ്യ സ്വാമിയുടെ ട്വീറ്റ് പറയുന്നത്. ഇതിനായി ഇസ്രയേല്‍ സ്ഥാപനത്തിന്‍റെ 'പെഗാസസ് ചാര സോഫ്റ്റ്വെയര്‍' വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നുവെന്നും. കേന്ദ്രമന്ത്രിമാര്‍ അടക്കം ഈ ലിസ്റ്റില്‍ ഉണ്ടാകാം എന്ന സാധ്യതയാണ് ട്വീറ്റ് പറയുന്നത്.

എന്താണ്  പെഗാസസ്?

2019 ലാണ് പെഗാസസ് എന്ന പേര് വലിയ ചര്‍ച്ചയാകുന്നത്. അന്ന് വാട്ട്സ്ആപ്പില്‍ വലിയ സുരക്ഷ വീഴ്ച ഉണ്ടായി. 2019 മെയ് മാസത്തിലാണ് ഈ വാര്‍ത്ത പുറത്തുവന്നത്. വാട്ട്സ് ആപ്പ് വോയിസ് കോള്‍ സംവിധാനത്തിലെ സുരക്ഷാ പിഴവിലൂടെ ഫോണുകളില്‍ നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് സാധിച്ചുവെന്നായിരുന്നു കണ്ടെത്തല്‍. ഇതിലൂടെ നിരവധിപ്പേരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നായിരുന്നു വാര്‍ത്ത. തുടര്‍ന്ന് തങ്ങളുടെ 1.5 ബില്യണ്‍ ഉപഭോക്താക്കള്‍ക്ക് ആപ്പ് അപ്ഡേറ്റ് ചെയ്യാൻ വാട്ട്സ്ആപ്പ് നി‌ർദ്ദേശം നൽകിയിട്ടുണ്ട്. 

അന്ന് തന്നെ ഈ സൈബര്‍ ആക്രമണത്തിന് പിന്നിൽ സ‌ർക്കാരുകൾക്കായി സൈബ‌‌ർ ചാരപ്പണി ചെയ്യുന്ന കമ്പനിയുടെ സാന്നിധ്യം വാട്ട്സ്ആപ്പ് സ്ഥിരീകരിച്ചിരുന്നു.  ഇസ്രയേൽ അധിഷ്ഠിതമായ എൻഎസ്ഒ എന്ന സൈബ‍ർ ഇന്‍റലിജൻസ് സ്ഥാപനമാണ് ഇതിന് പിന്നിലെന്നായിരുന്നു റിപ്പോ‌ർട്ട്.

പെഗാസസ് എന്ന എൻസ്ഓയുടെ ചാര സോഫ്റ്റ്വയറാണ് ഇതിനായി ഉപയോഗിക്കപ്പെട്ടതെന്നാണ് കണ്ടെത്തൽ നടത്തിയത്. ആക്രമിക്കപ്പെട്ട ഫോണിന്‍റെ ക്യാമറയുടെയും മൈക്രോഫോണിന്‍റെയും അടക്കം നിയന്ത്രണം ഏറ്റെടുക്കാൻ സഹായിക്കുന്ന സോഫ്റ്റ് വയറാണ് പെഗാസസ്.

അന്ന് ചോര്‍ത്തിയത്

2019 ലെ പെഗാസസിന്‍റെ വാട്ട്സ്ആപ്പ് ആക്രമണത്തിന്‍റെ  ഇരകളില്‍ ഭൂരിപക്ഷവും സൈനികരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു എന്നാണ് വിവരം. 20 രാജ്യങ്ങളിലെ സൈനികരുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അമേരിക്കയുമായി അടുപ്പമുള്ള രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുടെയും സൈനികരുടെയും വാട്സാപ്പ് വിവരങ്ങളാണ് ചോര്‍ത്തിയിരിക്കുന്നത്.  

20 രാജ്യങ്ങളില്‍ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് ചോര്‍ന്നത്. ചാര ഗ്രൂപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് വാട്ട്സ്ആപ്പ്  യുഎസ് ഫെഡറല്‍ കോടതിയെ സമീപിച്ചതോടെയാണ് വിവരം ചോര്‍ത്തല്‍ അന്ന് ശരിക്കും പുറത്തുവന്നത്. അന്ന് സംഭവം വിവാദമായതിന് പിന്നാലെ  പെഗാസസ് ആക്രമണത്തിൽ ഇന്ത്യക്കാരുടെ ഫോണുകളും ചോർത്തപ്പെട്ടുവെന്ന് വെളിപ്പെടുത്തലുമായി ചില വാര്‍ത്തകള്‍ വന്നു.

പിന്നാലെ വാട്സാപ്പിനോട് കേന്ദ്രസർക്കാർ വിശദീകരണം തേടി. തുടര്‍ന്ന് 2019  നവംബറില്‍ മറുപടി നല്‍കിയ വാട്ട്സ്ആപ്പ്, വിവരങ്ങൾ ചോർന്നതിൽ കേന്ദ്ര സർക്കാരിനോട്  ഖേദം പ്രകടിപ്പിച്ചു. സുരക്ഷ കാര്യങ്ങളിൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെയിരിക്കാൻ നടപടി സ്വീകരിക്കുമെന്നും വാട്സാപ്പ് വിശദീകരണം നൽകി. എന്നാല്‍ കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാക്കള്‍ അന്ന് രംഗത്ത് എത്തിയത് വാര്‍ത്തയായിരുന്നു

പെഗാസസ് ഉടമകള്‍ പറയുന്നതും, കേസും

അംഗീകൃത സ‌ർക്കാ‌ർ ഏജൻസികൾക്ക് മാത്രമേ സോഫ്റ്റ് വയ‌ർ വിൽക്കാറുള്ളൂവെന്നും ഭീകരവാദവും കുറ്റകൃത്യങ്ങളും തടയാനാണ് പെഗാസസ് തയ്യാറാക്കിയതെന്നുമാണ് ഇസ്രയേല്‍ കമ്പനിയായ എൻഎസ്ഒ പറയുന്നത്.  കമ്പനി സ്വയം പെഗാസസ് ഹാക്കിങ്ങിനായി ഉപയോഗിക്കാറില്ലെന്നും എൻഎസ്ഒ വ്യക്തമാക്കിയിരുന്നു.

അന്ന് ഈ സംഭവത്തോടെ എൻസ്ഒക്കെതിരെ ആഗോളതലത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.  ആംനെസ്റ്റി ഇന്‍റർനാഷണൽ ഇവര്‍ക്കെതിരെ രംഗത്തെത്തി ഇത്തരം ആക്രമണങ്ങൾക്ക് മുൻപും വിധേയരായിട്ടുണ്ടെന്ന് അവകാശപ്പെട്ട മനുഷ്യാവകാശ സംഘടന ഇത്തരം സോഫ്റ്റ് വെയറുകൾ മാധ്യമപ്രവ‌ർത്തക‌ർക്കും മനുഷ്യാവകാശപ്രവ‌ർത്തക‌ർക്കുമെതിരെ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് പരാതിപ്പെട്ടു. എൻഎസ്ഓയുടെ ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആംനെസ്റ്റി ഇന്റ‌ർനാഷണൽ ടെൽ അവീവിൽ കോടതിയെ സമീപിച്ചിട്ടുണ്ടായിരുന്നു, ആ കേസ് പുരോഗമിക്കുന്നു എന്നാണ് വിവരം.

PREV
click me!

Recommended Stories

'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ
കുറ്റക്കാർ 'ആപ്പിളെ'ന്ന് കോടതി, ആശ്വാസത്തിൽ ആപ്പിൾ, വഴി തെളിയുന്നത് വൻ കമ്മീഷന്