ദില്ലി: ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതിൽ കേന്ദ്ര സർക്കാരിനോട് വാട്സാപ്പ് ഖേദം പ്രകടിപ്പിച്ചു. സുരക്ഷ കാര്യങ്ങളിൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെയിരിക്കാൻ നടപടി സ്വീകരിക്കുമെന്നും വാട്സാപ്പ് വിശദീകരണം നൽകി. 

ഇന്ത്യൻ കംമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ( CERT ) പുറപ്പെടുവിച്ച മുന്നറിയിപ്പിനുള്ള മറുപടിയായാണ് വാട്സാപ്പിന്‍റെ വിശദീകരണം. പെഗാസസ് എന്ന ഇസ്രയേൽ ചാര സോഫ്റ്റ്‍വെയർ വഴി വിവരങ്ങൾ ചോർത്തപ്പെട്ടുവെന്ന വിവരങ്ങൾക്ക് പിന്നാലെ  ഹാക്കര്‍മാര്‍ക്ക് ഉപയോക്താക്കളുടെ അക്കൗണ്ടുകളുടെ നിയന്ത്രണം സാധ്യമാകുന്ന പുതിയ മാല്‍വെയറുകളെക്കുറിച്ചായിരുന്നു സെർട്ടിന്‍റെ മുന്നറിയിപ്പ്. 

ആന്‍ഡ്രോയ്ഡിലും, ഐഒഎസിലും അടുത്തിടെ വന്ന വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്ത ഫോണുകളെയാണ് പ്രധാനമായും ഇത് ബാധിക്കുന്നത്. പലപ്പോഴും അജ്ഞാത നമ്പറില്‍ നിന്നും എത്തുന്ന എംപി4 ഫോര്‍മാറ്റില്‍ ഉള്ള വീ‍ഡിയോ ഫയല്‍ വഴിയാണ് ഈ മാല്‍വെയര്‍ ഫോണില്‍ എത്തുന്നത്. ഇതുവച്ച് നിങ്ങളുടെ ഫോണിന്‍റെ നിയന്ത്രണം കൈക്കലാക്കാം.

പ്രധാനമായും ആന്‍ഡ്രോയ്ഡ് 2.19.274 പതിപ്പ്. ഐഒഎസ് 2.19.100 പതിപ്പ്. ബിസിനസ് വാട്ട്സ്ആപ്പ് പതിപ്പ്  2.25.3, വിന്‍ഡോസ് ഫോണുകളിലെ 2.18.368 ശേഷമുള്ള പതിപ്പുകള്‍, ബിസിനസ് ആന്‍ഡ്രോയിഡ് പതിപ്പ്  2.19.104 എന്നിവയ്ക്കെല്ലാം പുതിയ മാല്‍വെയര്‍ ഭീഷണിയുണ്ടെന്നാണ് വാട്ട്സ്ആപ്പ് പറയുന്നത്. പലരും വാട്ട്സ്ആപ്പില്‍ മീഡിയ ഫയലുകള്‍ ഓട്ടോ ഡൗണ്‍ലോഡായി സെറ്റ് ചെയ്യാറാണ് പതിവ്. ഇത്തരക്കാര്‍ക്ക് വലിയ ഭീഷണിയാണ് പുതിയ മാല്‍വെയര്‍ ഉണ്ടാക്കുന്നത് എന്നാണ് മുന്നറിയിപ്പ്.