ജീവനുള്ള പാറ്റയുടെ പുറത്ത് ഇത്തിരിക്കുഞ്ഞന്‍ എഐ ഉപകരണം; നിരീക്ഷണത്തിനും ചാരപ്രവൃത്തിക്കും ഒരു ജര്‍മന്‍ മോഡല്‍

Published : Jul 28, 2025, 02:43 PM ISTUpdated : Jul 28, 2025, 02:47 PM IST
How-to-get-rid-of-cockroach

Synopsis

നിരീക്ഷണത്തിനും ചാരപ്രവൃത്തിക്കും എഐ ഉപകരണം ഘടിപ്പിച്ച ജീവനുള്ള പാറ്റകള്‍, സാങ്കേതികവിദ്യ വികസിപ്പിച്ച് ജര്‍മന്‍ സ്റ്റാര്‍ട്ടപ്പായ SWARAM Biotactics

കാസ്സെൽ: നിരീക്ഷണങ്ങള്‍ക്കായി ജീവനുള്ള പാറ്റകളെ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് ജര്‍മന്‍ ടെക് സ്റ്റാര്‍ട്ടപ്പായ SWARAM Biotactics. ജര്‍മനിയിലെ കാസ്സെലിലുള്ള ഈ കമ്പനി പാറ്റകളുടെ മുതുകില്‍ ഘടിപ്പിക്കുന്ന ഭാരം കുറഞ്ഞ എഐ ഉപകരണം വഴിയാണ് വിവിധ നിരീക്ഷണങ്ങള്‍ നടത്താനാവുക എന്ന് തെളിയിച്ചിരിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണങ്ങള്‍ക്കും ചാരപ്രവൃത്തിക്കും വരെ ഇത്തരത്തില്‍ ജീവനുള്ള പാറ്റകളെ ഈ ഉപകരണം ഘടിപ്പിച്ച് ഉപയോഗിക്കാനാകും.

മഡഗാസ്‌കര്‍ ഹിസ്സിംഗ് പാറ്റകളുടെ പുറത്താണ് SWARAM Biotactics ഈ അള്‍ട്രാ-ലൈറ്റ്‌വെയിറ്റ് ഉപകരണം ഘടിപ്പിച്ച് പരീക്ഷണം നടത്തുന്നത്. ഈ ഉപകരണം എഐ അധിഷ്‌ഠിതമായുള്ളവയാണ്. ഈ ബാക്‌പാക്കില്‍ തത്സമയ നിരീക്ഷണത്തിനുള്ള ഇത്തിരിക്കുഞ്ഞന്‍ ക്യാമറകളുണ്ടാകും. വാതകങ്ങളും റേഡിയേഷനും ചൂടും തിരിച്ചറിയാനുള്ള സെന്‍സറുകളാണ് മറ്റൊരു ഘടകം. പാറ്റയുടെ ചലനം നിയന്ത്രിക്കാന്‍ പ്രാണിയുടെ നാഡീവ്യവസ്ഥയിലേക്ക് സിഗ്നലുകള്‍ നല്‍കാനുള്ള ന്യൂറല്‍ സ്റ്റിമുലേറ്ററുകളാണ് ഈ ഉപകരണത്തിലെ മറ്റൊരു ഫീച്ചര്‍. ഓപ്പറേറ്റര്‍ക്ക് നിയന്ത്രിക്കാനുള്ള വയര്‍ലസ് കമ്മ്യൂണിക്കേഷന്‍ സംവിധാനവും പാറ്റകളില്‍ ഘടിപ്പിക്കുന്ന ചെറിയ ഉപകരണത്തില്‍ ഉള്‍പ്പെടുന്നു.

എന്തുകൊണ്ട് പാറ്റ?

പാറ്റകള്‍ വളരെ ചെറുതും അതിജീവനശേഷിയുള്ളതും ഇടുങ്ങിയതും സങ്കീർണ്ണവുമായ സ്ഥലങ്ങളില്‍ക്കൂടി അനായാസം സഞ്ചരിക്കാൻ കഴിവുള്ളവയുമാണ്. മൂന്ന് ഗ്രാം വരെ ഭാരം വഹിക്കാനുമാകും. നിലവില്‍ നിരീക്ഷണങ്ങള്‍ക്കായി വ്യാപകമായി ഉപയോഗിക്കുന്ന ഡ്രോണ്‍ സംവിധാനങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലങ്ങളുണ്ട്. ഉദാഹരണത്തിന് ഭിത്തികള്‍, ഗുഹകളോ മുറികളോ ഒക്കെപ്പോലെ മറഞ്ഞിരിക്കുന്ന ഇടങ്ങളിലെല്ലാം പാറ്റയെ നിരീക്ഷണത്തിനായി ഉപയോഗിക്കാനാകും. യുദ്ധമേഖലകളിലും, ദുരന്തമേഖലകളിലും ബന്ദികളെ മോചിപ്പിക്കുന്നതിനുമെല്ലാം ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനാകുമെന്ന് രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിരോധവിദഗ്‌ധരുടെ പ്രീതി ഇതിനകം ഈ ഉപകരണം പിടിച്ചുപറ്റിക്കഴിഞ്ഞു.

സൈന്യങ്ങളുടെ നിരീക്ഷണത്തിനുള്ള ഉപയോഗത്തിനാണ് ഈ സാങ്കേതികവിദ്യ SWARAM Biotactics പ്രധാനമായും ലക്ഷ്യമിടുന്നതെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും പ്രയോജനപ്പെടുത്താനും ലക്ഷ്യമിടുന്നു. തകര്‍ന്നുകിടക്കുന്ന ഒരു കെട്ടിടത്തിന്‍റെ അവശിഷ്‌ടങ്ങള്‍ക്കിടയിലൂടെ നുഴഞ്ഞുകയറി പാറ്റകള്‍ക്ക് അതില്‍ അകപ്പെട്ടവരെ കുറിച്ച് വിവരം പുറത്തെത്തിക്കാനാകും. ഉടന്‍ തന്നെ എഐ അടിസ്ഥാനത്തിലുള്ള ഉപകരണം ഘടിപ്പിച്ച പാറ്റകള്‍ വിവിധ മേഖലകളില്‍ ഉപയോഗിക്കുന്നത് നമുക്ക് കാണാനായേക്കും. റോബോട്ടിക്സ് മേഖലയില്‍ പുതിയൊരു സാധ്യതയുടെ തുടക്കമാണ് ജര്‍മനിയില്‍ നിന്നുള്ള ഈ വാര്‍ത്ത കാണിക്കുന്നത്. അടുത്തിടെ 13 മില്യണ്‍ യൂറോയുടെ സാമ്പത്തിക സഹായം ഗവേഷണത്തിനായി SWARAM Biotactics-ന് ലഭിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

നാല് കാലുകള്‍, പടികള്‍ മുതല്‍ എവിടവും കയറിയിറങ്ങും; അതിശയ റോബോട്ടിക് കസേരയുമായി ടൊയോട്ട
അടുത്ത ജെനറേഷൻ ടാബ്‌ലെറ്റ് അവതരിപ്പിക്കാൻ ഒപ്പോ; പാഡ് 5 എത്തുക ഒക്ടോബറിൽ