വിജയ് നായര്‍ക്ക് കിട്ടിയത്; പുതിയ യൂട്യൂബേര്‍സ് നല്‍കുന്ന പാഠങ്ങള്‍ ഇതാണ്.!

By Web TeamFirst Published Sep 27, 2020, 5:08 PM IST
Highlights

വിജയ് പി നായരുടെ കേസില്‍ ഇപ്പോള്‍ പ്രധാനമായും ഉയര്‍ന്നിരിക്കുന്ന ആരോപണം സ്ത്രീവിരുദ്ധവും സാമൂഹിക വിരുദ്ധവുമായ കാര്യങ്ങള്‍ അപവാദം പറയും പോലെ പറയുന്നു എന്നതാണ് ആരോപിക്കുന്നത്. 

ഒരു യൂട്യൂബ് വ്ലോഗറും അയാള്‍ക്കെതിരെ നടത്തിയ സ്ത്രീകളുടെ പ്രതിഷേധവുമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ചെറിയ കാലയളവില്‍ അതിവേഗം വളര്‍ച്ചയുണ്ടാക്കിയ മേഖലയാണ് വ്ലോഗിംഗ്. ഏത് വിഷയത്തിലും വീഡിയോ ഉണ്ടാക്കാം എന്നതും, അത് അതിവേഗം പ്രദര്‍ശിപ്പിക്കാനും അതില്‍ നിന്നും വരുമാനം നേടാന്‍ യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോം ഉണ്ടെന്നതുമാണ് വ്ലോഗിംഗിന്‍റെ സാധ്യതകള്‍ വിശാലമാക്കിയത്. കൊവിഡ് കാലത്തെ ലോക്ക് ഡൌണ്‍ യൂട്യൂബിലടക്കം വീഡിയോ നിര്‍മ്മാണം വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്.

എന്നാല്‍ ഇപ്പോള്‍ നിലവില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്ന ഡോ. വിജയ് പി നായരുടെ യൂട്യൂബ് ചാനലും അതിലെ വീഡിയോകളുമാണ്. വിവാദമായ യൂട്യൂബ് ചാനലിന്‍റെ പേര് വിട്രിക്സ് സീൻ  എന്നാണ്. ചാനല്‍ സംബന്ധിച്ച വിവരണങ്ങള്‍ പ്രകാരം തീർത്തും വിനോദത്തിനും, ഏവർക്കും സിനിമാ മേഖലയിൽ ഒരു അവസരത്തിനായുള്ള വിവരങ്ങൾ നൽകാനുമാണ് ചാനലെന്നാണ് അവകാശവാദം. ഇതു ഈ ലോക്ക്ഡൌണ്‍ കാലത്ത് പിറന്നതാണെന്ന് വ്യക്തം യൂട്യൂബില്‍ ഈ ചാനല്‍ നിലവില്‍ വന്നത് ഏപ്രില്‍ 27 2020നാണ്. ഏറ്റവും പുതുതായി വിവാദത്തിന് ശേഷം നോക്കുമ്പോള്‍ ചാനലിന് കാഴ്ചക്കാര്‍ 19 ലക്ഷത്തോളം വരും. വിവാദത്തിന് ശേഷം ഈ ചാനലില്‍ എന്ത് എന്ന് എത്തിനോക്കാന്‍ വന്ന കാഴ്ചക്കാര്‍ ആയിരിക്കാം ഇതില്‍ കൂടുതല്‍.

എന്നാൽ തീർത്തും സ്ത്രീവിരുദ്ധവും സാമൂഹിക വിരുദ്ധവുമായ കാര്യങ്ങളാണ് ചാനലിലൂടെ പുറത്തുവിടുന്നതെന്നാണ് വീഡിയോകളിൽ നിന്ന് വ്യക്തമാക്കുന്നത്.  സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ തീർത്തും അശ്ലീല പദങ്ങൾ ഉപയോഗിച്ചായിരുന്നു സംഭവത്തിന് ആസ്പദമായ വീഡിയോയിൽ ഇയാൾ പരാമർശിക്കുന്നത്. 

പല അപവാദങ്ങളും യാതൊരു അടിസ്ഥാനത്തിനവുമില്ലാതെ വീഡിയോയിൽ ആരോപിക്കുന്നുണ്ട്.അശ്ലീലം നിറഞ്ഞ തലക്കെട്ടുകളുമായി എത്തി, തന്റെ യൂട്യൂബ് വ്യൂവേഴ്സ് ആവശ്യപ്പെട്ടതനുസരിച്ച് ചെയ്യുന്ന വീഡിയോകളാണെന്ന് പറഞ്ഞാണ് പല വീഡിയോകളും വിജയ് ചെയ്തിരിക്കുന്നത്. നിരവധി പേർ വിമർശനവുമായി എത്തിയതോടെ ഇയാൾ ചാനലിന്‍റെ കമന്‍റ്  ഓപ്ഷൻ എടുത്തുകളഞ്ഞിരുന്നു. പല വീഡിയോകളുടേയും  തലക്കെട്ടുകൾ ഇയാളുടെ ലൈംഗിക വൈകൃതത്തെ സൂചിപ്പിക്കുന്നതാണെന്നാണ് ഇയാള്‍ക്കെതിരെ പ്രതിഷേധം നടത്തിയവര്‍ തന്നെ പറയുന്നത്.

തമിഴ്നാട്ടിലെ ഒരു യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജിയിൽ ഡോക്ടറേറ്റ് ഉണ്ടെന്ന് അവകാശപ്പെടുന്ന വിജയ് വെള്ളയണി സ്വദേശിയാണ് ഡോ. വിജയ് പി നായര്‍. ഇത്തരം ഒരു സംഭവത്തിലേക്ക് നീങ്ങിയത് ചാനലിന്‍റെ കണ്ടന്‍റ് തന്നെയാണ് കാരണമെന്ന് വ്യക്തം. അപ്പോള്‍ ഈ സംഭവത്തില്‍ നിന്നും വളര്‍ന്നുവരുന്ന യൂട്യൂബര്‍മാര്‍ പഠിക്കേണ്ട പാഠം എന്താണ്. 

നിയമത്തിന്‍റെ വഴി..

വിജയ് പി നായരുടെ കേസില്‍ ഇപ്പോള്‍ പ്രധാനമായും ഉയര്‍ന്നിരിക്കുന്ന ആരോപണം സ്ത്രീവിരുദ്ധവും സാമൂഹിക വിരുദ്ധവുമായ കാര്യങ്ങള്‍ അപവാദം പറയും പോലെ പറയുന്നു എന്നതാണ് ആരോപിക്കുന്നത്. അതിനാല്‍ തന്നെ ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷ നിയമത്തിന്‍റെ 345 വകുപ്പ് പ്രകാരം സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനും, ഐപിസി 509 സ്ത്രീകള്‍‍ക്കെതിരെ വാക്കാലോ, ആംഗ്യത്താലോ ഏത് രീതിയിലോ അവരുടെ മാന്യതയും സ്വകാര്യതയും കളങ്കപ്പെടുത്തുന്ന രീതിയിലുള്ള നടപടി പ്രകാരമൊക്കെ കേസ് വരാം. 

പിന്നാലെ കേരള പൊലീസ് ആക്ടിന്‍റെ 120 ഒ പോലുള്ള വകുപ്പും ചേര്‍ക്കാം. അതേ സമയം വര്‍ഗ്ഗീയത വളര്‍‍ത്തുന്നത് പോലുള്ള ആക്ഷേപങ്ങള്‍ക്ക് വകുപ്പുകളുടെ കാഠിന്യം കൂടും എന്നാണ നിയമ വിദഗ്ധര്‍ പറയുന്നത്. എങ്കിലും ഐടി ആക്ടിലും മറ്റും ശക്തമായ വകുപ്പുകളുടെ അഭാവം ഇത്തരം നിയന്ത്രണമില്ലാത്ത യൂട്യൂബ് ചാനലുകളെ നിയന്ത്രിക്കാന്‍ ഇല്ലെന്ന പോരായ്മയും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ ആനുഭവത്തില്‍ നിന്നും പുതിയ വ്ലോഗര്‍മാര്‍ പഠിക്കേണ്ടത്...

1. യൂട്യൂബിന്‍റെ നിയമങ്ങളും കര്‍ശ്ശനമാണ് അതിനാല്‍ ആ നിബന്ധനകള്‍ കൃത്യമായി പാലിക്കേണ്ടിയിരിക്കുന്നു.

2. നിങ്ങള്‍ ഏത് വിഷയത്തിലാണോ വിദഗ്ധന്‍, അല്ലെങ്കില്‍ നിങ്ങള്‍ക്ക് അഭിരുചിയുള്ളത് ഏത് വിഷയത്തില്‍ അതില്‍ മാത്രം വീഡിയോകള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. കേട്ടറിവുകള്‍, അറിയാത്ത മേഖലകള്‍ നല്ലതല്ല

3. വീഡിയോകള്‍ അവതരിപ്പിക്കും മുന്‍‍പ് നല്ല തയ്യാറെടുപ്പ് അത്യവശ്യമാണ്, അത് വീഡിയോയുടെ ഗുണനിലവാരത്തെയും വര്‍ദ്ധിപ്പിക്കും.

4. ജനപ്രിയമെന്ന് കരുതുന്ന വിഷയങ്ങള്‍ തിരഞ്ഞെടുത്ത് ആളുകളെ ഉണ്ടാക്കുന്നത് ആദ്യഘട്ടത്തില്‍ കാഴ്ചക്കാരെ ഉണ്ടാക്കുമെങ്കിലും അത് ചാനലിന്‍റെ നിലവാരത്തെ ബാധിക്കും, അത് ഭാവിയിലേക്ക് വരുമാന ഘട്ടത്തില്‍ എത്തുമ്പോള്‍ പ്രതിസന്ധി സൃഷ്ടിക്കും.

5. പണമുണ്ടാക്കാൻ വേണ്ടി മാത്രമായി വ്ലോഗിങ്ങിനെ കാണേണ്ടതില്ല.
 

click me!