പുതിയ ആപ്പുമായി ടിക്ടോക്ക് രംഗത്ത് വരുന്നു; പണി കിട്ടാന്‍ പോകുന്നത് ഈ ആപ്പുകള്‍ക്കോ?

By Web TeamFirst Published Aug 2, 2022, 1:04 AM IST
Highlights

ടിക്ടോക്കിന്‍റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ് യുഎസ് പേറ്റന്റിനൊപ്പം മെയ് മാസത്തിൽ ടിക്ടോക്ക് മ്യൂസിക്കിന്‍റെ ട്രേഡ് ലോഗോയ്ക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിരോധനം ഉണ്ടെങ്കിലും ആഗോളതലത്തില്‍ വന്‍ തരംഗമാണ് ടിക്ടോക്ക്. അനവധി കഴിവുകളെ കണ്ടെത്തിയ സെലബ്രൈറ്റിയാക്കിയ ആപ്പാണ് ടിക്ടോക്ക്. പല ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് അവരുടെ കഴിവുകൾ എളുപ്പത്തിൽ പങ്കിടാൻ കഴിയുന്ന ഒരു വൈറൽ ട്രെൻഡ് സെറ്റിംഗ് പ്ലാറ്റ്ഫോം എന്ന നിലയില്‍ ടിക്ടോക്ക് വന്‍ വളര്‍ച്ചയാണ് നേടുന്നത്.

ആഗോള തലത്തിലെ മേധാവിത്വവും വൈറൽ വീഡിയോ ട്രെൻഡ്‌സെറ്ററിനും ശേഷം, ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോം എന്ന നിലയില്‍ നിന്നും ഇനിയൊരു ഒരു മ്യൂസിക് സ്ട്രീമിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കാനൊരുങ്ങുകയാണ് ടിക്ടോക്ക്. ഇത്തരം ഒരു ആപ്പിനായി പേറ്റന്‍റ് ടിക്ടോക്ക് എടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ടിക് ടോക്ക് ഇത്തരം ഒരു പ്ലാറ്റ്ഫോം ടെസ്റ്റിംഗ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

ടിക്ടോക്കിന്‍റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ് യുഎസ് പേറ്റന്റിനൊപ്പം മെയ് മാസത്തിൽ ടിക്ടോക്ക് മ്യൂസിക്കിന്‍റെ ട്രേഡ് ലോഗോയ്ക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഈ സേവനം ഉപയോക്താക്കളെ സംഗീതം വാങ്ങാനും പങ്കിടാനും പ്ലേ ചെയ്യാനും ഡൗൺലോഡ് ചെയ്യാനും സഹായിക്കും എന്നാണ് പേറ്റന്‍റ് വിവരങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. 

പ്ലേലിസ്റ്റുകൾ സൃഷ്‌ടിക്കാനും പങ്കിടാനും മ്യൂസിക്ക് റെക്കമെന്‍റേഷനും, അല്ലെങ്കില്‍ സംഗീത സംബന്ധിയായ ചര്‍ച്ചയ്ക്കും ഇത് ഉപകരിക്കും. ഓഡിയോയും വീഡിയോയും തത്സമയ സ്ട്രീം ചെയ്യാനും ഇതില്‍സംവിധാനം ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ട്. 2021 നവംബറിൽ ഓസ്‌ട്രേലിയയിൽ ടിക്ടോക്ക് മ്യൂസിക്ക് (TikTok Music) എന്ന ട്രേഡ് ലോഗോ ബൈറ്റ്‌ഡാൻസ് ഫയൽ ചെയ്‌തതായി റിപ്പോർട്ടുണ്ട്.

2020-ൽ 'റെസ്സോ' എന്ന പേരിൽ ഒരു മ്യൂസിക് സ്ട്രീമിംഗ് ആപ്പ് ബൈറ്റ്ഡാൻസ് പുറത്തിറക്കിയിരുന്നു. ഇന്ത്യ, ഇന്തോനേഷ്യ, ബ്രസീൽ എന്നിവിടങ്ങളിലാണ് ആപ്പ് ലോഞ്ച് ചെയ്തത്. പുതിയ പ്ലേലിസ്റ്റുകൾ സൃഷ്‌ടിക്കാനും ആപ്പിന്‍റെ കമ്മ്യൂണിറ്റിയുമായി ഇടപഴകാനും സോഷ്യൽ മീഡിയയിൽ പാട്ടുകൾ പങ്കിടാനുമുള്ള കഴിവ് പോലെയുള്ള  ടിക്ടോക്ക് മ്യൂസിക്ക് പേറ്റന്‍റ് ഫയലിംഗിൽ വിവരിച്ചിരിക്കുന്ന സമാന സവിശേഷതകളാണ് ഈ ആപ്പില്‍ ഉണ്ടായിരുന്നു.

നിലവിലുള്ള ഉപയോക്താക്കളെ റെസ്സോയിലേക്ക് കൊണ്ടുവരാൻ ബൈറ്റ്ഡാൻസ് ടിക് ടോക്ക് പ്ലാറ്റ്‌ഫോം ഉപയോഗിച്ചു. ദി വെർജ് പറയുന്നതനുസരിച്ച്, ടിക്‌ടോക്ക് ആപ്പ് (ബ്രസീൽ) റെസ്സോയിലേക്ക് ഉപയോക്താക്കളെ റീഡയറക്ട് ചെയ്യുന്ന ബട്ടണ്‍ ഉണ്ടാക്കിയിരുന്നു. അവർ കേൾക്കുന്നതോ താൽപ്പര്യമുള്ളതോ ആയ ഒരു പാട്ടിന്റെ പൂർണ്ണ പതിപ്പ് കേൾക്കാൻ ഉപയോക്താവിന് ഇത് അവസരം ഒരുക്കി.

എന്നാല്‍ ടിക്ടോക്ക് മ്യൂസിക്ക്  റെസ്സോ പോലെ ഒരു ആപ്പാണോ എന്നത് ഇപ്പോഴും വ്യക്തമല്ല. അതിനാല്‍ ടിക്ടോക്ക് മ്യൂസിക്കിന്‍റെ സ്വഭാവം ഇപ്പോള്‍ പ്രവചിക്കാന്‍ സാധിക്കില്ല. സോഷ്യൽ മീഡിയ സൈറ്റുകളുടെ സ്വഭാവം തന്നെ മാറ്റിയത് ടിക്ടോക്ക് ഒരു ട്രെന്‍റായി പടര്‍ന്നതാണ്. അതിനാല്‍ തന്നെ ഇപ്പോള്‍ ആപ്പിള്‍ മ്യൂസിക്ക്, സ്പോട്ടിഫൈ അടക്കം ആധിപത്യം പുലര്‍ത്തുന്ന മ്യൂസിക് സ്ട്രീമിംഗ് രംഗത്ത് വലിയൊരു 'ഗെയിം ചെയിഞ്ചറായി' ടിക്ടോക്ക് മ്യൂസിക്ക് മാറിയേക്കാം എന്നാണ് ടെക് രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

ടിക് ടോക്കിലെ ചലഞ്ച്, ഒൻപതുകാരി മരണപ്പെട്ടു, ടിക് ടോക്കിനെതിരെ കേസ് കൊടുത്ത് മാതാപിതാക്കൾ

'വാര്‍ത്തയ്ക്ക് പണം നല്‍കണം' ; ​​വാർത്തയെടുത്താൽ ടെക് ഭീമന്മാര്‍ പണം നൽകണമെന്ന് കേന്ദ്രസർക്കാർ

click me!