Asianet News MalayalamAsianet News Malayalam

'വാര്‍ത്തയ്ക്ക് പണം നല്‍കണം' ; ​​വാർത്തയെടുത്താൽ ടെക് ഭീമന്മാര്‍ പണം നൽകണമെന്ന് കേന്ദ്രസർക്കാർ

സ്വതന്ത്ര വാർത്തകളും പ്രസിദ്ധീകരണ ഔട്ട്‌ലെറ്റുകളും സൃഷ്ടിക്കുന്ന വാർത്ത/വിവരങ്ങൾ ഉപയോഗിക്കുന്നതിന് ആഗോള ഇന്റർനെറ്റ് ഭീമൻമാർ പണം നൽകുന്നത് സംബന്ധിച്ച വിവരങ്ങൾ സർക്കാരിന്റെ  ഔദ്യോഗിക പ്രസ്താവനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

Government wants Big Tech to pay news outlets for content
Author
New Delhi, First Published Jul 17, 2022, 8:03 AM IST

ദില്ലി: വാർത്ത ഉള്ളടക്കങ്ങൾക്ക് ഇനി മുതൽ ഗൂഗിൾ, മെറ്റാ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയുടെ ഉടമ), മൈക്രോസോഫ്റ്റ്, ആപ്പിൾ, ട്വിറ്റർ, ആമസോൺ എന്നിവർ മാധ്യമ സ്ഥാപനങ്ങള്‍ക്ക് പ്രതിഫലം നല്‍കണമെന്ന് കേന്ദ്രസർക്കാർ.

ഇന്ത്യയിലെ നിലവിലുള്ള ഐടി നിയമങ്ങൾ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി ഇത് സംഭവിക്കുമെന്ന് ഐടി, ഇലക്ട്രോണിക്സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഓസ്ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, സ്‌പെയിന്‍ , കാനഡ എന്നിവിടങ്ങളിൽ ഈ നിയമം നിലവിലുണ്ട്. ഓസ്‌ട്രേലിയ അവതരിപ്പിച്ച നിയമത്തിന് സമാനമായ നിയമമായിരുന്നു കാനഡയുടെ ഓണ്‍ലൈന്‍ ന്യൂസ് ആക്റ്റും. 

 ഇന്ത്യൻ മീഡിയ കമ്പനികളെ പിടിച്ചു നിർത്താന്‍ ടെക് ഭീമന്മാര്‍ നിലവിൽ ഉപയോഗിക്കുന്നത് ഡിജിറ്റൽ പരസ്യങ്ങളുടെ വിപണി ശക്തിയാണ്. പുതിയ നിയമങ്ങളുടെ പശ്ചാത്തലത്തിൽ ഗൗരവമായി പരിശോധിക്കേണ്ട ഒരു പ്രശ്നമാണിത്. സ്വതന്ത്ര വാർത്തകളും പ്രസിദ്ധീകരണ ഔട്ട്‌ലെറ്റുകളും സൃഷ്ടിക്കുന്ന വാർത്ത/വിവരങ്ങൾ ഉപയോഗിക്കുന്നതിന് ആഗോള ഇന്റർനെറ്റ് ഭീമൻമാർ പണം നൽകുന്നത് സംബന്ധിച്ച വിവരങ്ങൾ സർക്കാരിന്റെ  ഔദ്യോഗിക പ്രസ്താവനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ആഗോള ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഇന്റർനെറ്റിന്റെയും സ്‌മാർട്ട്‌ഫോണുകളുടെയും ഉപയോ​ഗത്തിൽ നിന്ന് വളരെയധികം നേട്ടമുണ്ടാക്കിയിട്ടുണ്ട്. കൂടാതെ പരസ്യ വരുമാനവും കാഴ്ചക്കാരുടെ എണ്ണവും (പ്രിന്റും വീഡിയോയും) വർധിപ്പിക്കാനും കഴിഞ്ഞു. പത്രങ്ങളും ഡിജിറ്റൽ വാർത്താ പ്രസാധകരും പറയുന്നത് പ്രകാരം ഈ വളർച്ചയ്ക്ക് ആക്കം കൂട്ടിയത്, മറ്റ് ഘടകങ്ങൾക്കൊപ്പം, അവർ സൃഷ്ടിച്ചതും പണം നൽകിയതുമായ ഉള്ളടക്കങ്ങളാണ്.

സോഷ്യൽ മീഡിയയുടെയും ടെക് പ്ലാറ്റ്‌ഫോമുകളുടെയും വളർച്ച കുറച്ച് ബിഗ് ടെക് കമ്പനികളുടെ വിപണി ശക്തി ഏകീകരിക്കുന്നതിൽ മാത്രമായി ഒതുങ്ങിയെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. ഇത്  യഥാർത്ഥ ഉള്ളടക്കം കണ്ടെത്തുന്നവരെ ദോഷകരമായി ബാധിക്കുന്നു. ഈ വിഷയം  നിയമനിർമ്മാണപരമായി നേരിടേണ്ടതുണ്ടെന്നും സഹമന്ത്രി രാജീവ് ചന്ദ്രശേഖർ  കൂട്ടിച്ചേർത്തു. 

ഡിജിറ്റല്‍ പരസ്യ വിതരണ മേഖലയിലുള്ള ആധിപത്യം ഗൂഗിളും ഫെയ്‌സ്ബുക്കും ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് മുൻപ് ഇന്ത്യയിലെ മാധ്യമ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഡിഎന്‍പിഎ  പരാതി നല്‍കിയിട്ടുണ്ട്. മാതൃഭൂമി, ഹിന്ദുസ്ഥാന്‍ ടൈംസ്, ദി ഇന്ത്യന്‍ എക്‌സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ, ഈനാട്, മലയാള മനോരമ ഉള്‍പ്പടെയുള്ള മാധ്യമസ്ഥാപനങ്ങളാണ് ഡിഎന്‍പിഎ അംഗങ്ങളായുള്ളത്.

ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റിയും (ഐഎൻഎസ്) ഇക്കാര്യം ഉന്നയിച്ച് രം​ഗത്ത് എത്തിയിട്ടുണ്ട്. ഗൂഗിളിനെതിരെ ഫെയർപ്ലേ വാച്ച് ഡോഗ് കോമ്പറ്റീഷൻ കമ്മീഷനെ (സിസിഐ)യും ഈ സംഘടനകൾ സമീപിച്ചിരുന്നു. വാര്‍ത്തകള്‍ നൽകുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്കും വായനക്കാര്‍ക്കും  നടുവിലുള്ളതാണ് ഗൂഗിളും ഫെയ്‌സ്ബുക്കും പോലുള്ള പ്ലാറ്റ്‌ഫോമുകള്‍.  വാര്‍ത്തകളില്‍നിന്ന് ലഭിക്കുന്ന പരസ്യ വരുമാനത്തില്‍ എത്ര പങ്ക് മാധ്യമസ്ഥാപനങ്ങള്‍ക്ക് കൊടുക്കാം എന്ന് നിശ്ചയിക്കുന്നതും ഗൂഗിളും ഫേസ്ബുക്കുമാണ്. 

വാര്‍ത്താ വെബ്‌സൈറ്റുകളിലേക്കുള്ള  50 ശതമാനത്തോളം  ട്രാഫിക്ക് ഗൂഗിളിലൂടെയാണ് എത്തുന്നത്. എന്നാൽ സെര്‍ച്ചിലൂടെ ഏത് തരത്തിലുള്ള വാര്‍ത്തകൾ ആളുകൾ കാണണം എന്ന് തീരുമാനിക്കുന്നത് ഗൂഗിളിന്റെ തന്നെ അല്‍ഗൊരിതമാണ്. മാധ്യമസ്ഥാപനങ്ങൾക്ക് വലിയ പങ്കാണ് ​ഗൂ​ഗിളിലേക്ക് ഉപയോക്താക്കളെ എത്തിക്കുന്നതിൽ ഉള്ളത് എങ്കിലും വരുമാനത്തിന്റെ ഏറിയ പങ്കും എത്തുന്നത് സെര്‍ച്ച് എഞ്ചിനുകൾക്കാണ്.

ടിക്ടോക്ക് യൂട്യൂബിനെ അട്ടിമറിച്ചു; കൂട്ടായി നിന്നത് 'കുട്ടി കാഴ്ചക്കാര്‍'; കണക്കുകള്‍ ഇങ്ങനെ.!

ആരോപണങ്ങൾക്കൊടുവിൽ ആദ്യ വാർഷിക മനുഷ്യാവകാശ റിപ്പോർട്ട് പുറത്തുവിട്ട് മെറ്റ

Follow Us:
Download App:
  • android
  • ios