'ഞാൻ ഇപ്പോൾ ജീവിക്കുന്നത് ​ഗർഭപാത്രമില്ലാതെ, ആ രോ​ഗം എന്നെ വല്ലാതെ അലട്ടിയിരുന്നു'; അനൗഷ്ക രവിശങ്കർ

By Web TeamFirst Published Sep 2, 2019, 12:11 PM IST
Highlights

ഗർഭാശയത്തിലുണ്ടായിരുന്ന മുഴ ഓരോ ദിവസവും കഴിയുന്തോറും വലുതായി വന്നു. അവസാനം ആറു മാസം ഗർഭം ഉണ്ടെന്നു തോന്നുന്ന ഘട്ടത്തിലെത്തിയപ്പോൾ ആ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയായിരുന്നു.

ഞാൻ ഇപ്പോൾ ജീവിക്കുന്നത് ​ഗർഭപാത്രമില്ലാതെയാണ്. കഴിഞ്ഞ മാസം നടത്തിയ രണ്ടു ശസ്ത്രക്രിയകളിലൂടെയാണ് ഗർഭപാത്രം എനിക്ക് നഷ്ടമായതെന്ന് സിത്താർ മാന്ത്രികൻ പണ്ഡിറ്റ് രവിശങ്കറിന്റെ മകളും സംഗീതജ്ഞയുമായ അനൗഷ്ക രവിശങ്കർ പറയുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് അനൗഷ്ക ഇക്കാര്യം വെളിപ്പെടുത്തിയത്.

 ​ഗർഭാശയത്തിലുണ്ടായിരുന്ന മുഴ ഓരോ ദിവസവും കഴിയുന്തോറും വലുതായി വന്നു. അവസാനം ആറു മാസം ഗർഭം ഉണ്ടെന്നു തോന്നുന്ന ഘട്ടത്തിലെത്തിയപ്പോൾ ആ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയായിരുന്നു. മുഴകൾ നീക്കം ചെയ്യാനായി ആമാശയത്തിലും ഒരു ശസ്ത്രക്രിയ നടത്തി. മൊത്തം 13 മുഴകൾ ഉണ്ടായിരുന്നു. ഇതിലൊന്ന്  പേശികൾക്കിടയിലൂടെ വളർന്ന് വയറിലൂടെ ഉന്തി നിൽക്കുകയായിരുന്നുവെന്നും അനൗഷ്ക പറഞ്ഞു. 

ഹിസ്ട്രക്ടമി ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ പറഞ്ഞു. ​ഗർഭപാത്രം നീക്കം ചെയ്യാതെ മറ്റ് ഒരു വഴിയുമില്ലെന്നറിഞ്ഞപ്പോൾ ഞാൻ ശരിക്കും തളർന്നു പോയി. എന്റെ സ്ത്രീത്വം നഷ്ടപ്പെടുമോ, ഭാവിയിൽ കുട്ടികൾ ഉണ്ടാകില്ല എന്ന പേടി, ശസ്ത്രക്രിയ്ക്കിടയിൽ മരണപ്പെട്ടാൽ എന്റെ കുട്ടികൾ അമ്മ ഇല്ലാതെ ജീവിക്കേണ്ടി വരുന്ന അവസ്ഥ, ലൈംഗിക ജീവിതത്തിൽ ഇതുണ്ടാക്കുന്ന മാറ്റങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ എന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. 

എന്നാൽ ഇത് സാധാരണ കാര്യമാണെന്നും നിരവധി സ്ത്രീകൾ ഈ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നുണ്ടെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. ആദ്യമായിട്ട് മുഴ വരുന്നത് 26ാമത്തെ വയസിലാണെന്നും അത് നീക്കം ചെയ്തതിന് ശേഷമാണ് രണ്ട് ആൺകുട്ടികൾക്ക് ജന്മം നൽകിയതെന്നും  അനൗഷ്ക പറഞ്ഞു. 

ആദ്യത്തേത് സിസേറിയനായിരുന്നു. സിസേറിയൻ കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞ് തന്നെ മുറിവിൽ അണുബാധ ഉണ്ടാവുകയും ചെയ്തു. എല്ലാ ദിവസവും തുന്നിക്കെട്ടിയ മുറിവുമായി ആശുപത്രിയിൽ പോകുകയും നഴ്സ് മുറിവ് വൃത്തിയാക്കി വിടുകയായിരുന്നെന്നും അനൗഷ്ക പറഞ്ഞു. 

എന്താണ് ഹിസ്ട്രക്ടമി ശസ്ത്രക്രിയ...

ഗർഭപാത്രം പൂർണ്ണമായോ, ഭാഗികമായോ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് ഹിസ്ട്രക്ടമി. ഗർഭാശയത്തോടൊപ്പം ഗർഭാശയമുഖവും(cervix),അണ്ഡാശയവും, ഫലോപിയൻ ട്യൂബുകളും നീക്കം ചെയ്യപ്പെടാറുണ്ട്.

click me!