ഇന്ത്യയില്‍, ജോലി ചെയ്യുന്ന സ്ത്രീകളുടെ അവസ്ഥ ഇതാണ്; 44 % പേര്‍ക്കും ഒരേ അസുഖം...

By Web TeamFirst Published Jan 14, 2020, 5:46 PM IST
Highlights

പുനെയിലെ 'ദൃഷ്ടി സ്ത്രീ അധ്യായന്‍ പ്രബോധന്‍ കേന്ദ്ര' എന്ന സ്ഥാപനം നടത്തിയ, രണ്ട് വര്‍ഷം നീണ്ട പഠനത്തിന്റെ റിപ്പോര്‍ട്ടാണിത്. രാജ്യത്ത് ഏതാണ്ട് 45 ശതമാനം സ്ത്രീകള്‍ വിവിധ മേഖലയിലായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതില്‍ പത്ത് ശതമാനം പേര്‍ തൊഴിലിടത്തില്‍ ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയരാകുന്നുണ്ടെന്നും റിപ്പോര്‍ട്ട് പ്രാഥമികമായി ചൂണ്ടിക്കാട്ടുന്നു

ഇന്ത്യയില്‍, ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് സമീപകാലങ്ങളിലുണ്ടായിട്ടുള്ളത്. എന്നാല്‍ തൊഴില്‍മേഖലകളില്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും അതുപോലെ വര്‍ധിക്കുകയാണ് എന്നാണ് പലപ്പോഴും നമുക്ക് മനസിലാക്കാനാകുന്നത്. ഈ വിലയിരുത്തലിനെ സാധൂകരിക്കും വിധത്തിലുള്ള ഒരു റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്.

പുനെയിലെ 'ദൃഷ്ടി സ്ത്രീ അധ്യായന്‍ പ്രബോധന്‍ കേന്ദ്ര' എന്ന സ്ഥാപനം നടത്തിയ, രണ്ട് വര്‍ഷം നീണ്ട പഠനത്തിന്റെ റിപ്പോര്‍ട്ടാണിത്. രാജ്യത്ത് ഏതാണ്ട് 45 ശതമാനം സ്ത്രീകള്‍ വിവിധ മേഖലയിലായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതില്‍ പത്ത് ശതമാനം പേര്‍ തൊഴിലിടത്തില്‍ ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയരാകുന്നുണ്ടെന്നും റിപ്പോര്‍ട്ട് പ്രാഥമികമായി ചൂണ്ടിക്കാട്ടുന്നു.

ജോലി ചെയ്യുന്നവരില്‍, മുപ്പത്തിയെട്ട് ശതമാനത്തോളം സ്ത്രീകള്‍ക്ക് വിവിധ ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അതില്‍ത്തന്നെ 44 ശതമാനം പേരും ഒരേ അസുഖം നേരിടുന്നവരാണ്. വാതരോഗമാണ് ഇവര്‍ ഒരുപോലെ നേരിടുന്ന അസുഖം. ശാരീരികമായി ഒട്ടും ആരോഗ്യകരമല്ലാത്തസാഹചര്യത്തിലാണ് ഈ 44 ശതമാനം പേരും ജോലി ചെയ്യുന്നത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

തൊഴിലിടത്തിലേക്ക് കുട്ടികളെ കൊണ്ടുപോകേണ്ടിവരുന്ന സ്ത്രീകള്‍ക്ക് അവിടെ അവരെ സുരക്ഷിതമായി ഇരുത്താന്‍ ഇടമില്ല, നല്ല ഭക്ഷണം ലഭിക്കുന്ന കാന്റീനില്ല, സുരക്ഷിത ഗതാഗതസൗകര്യമില്ല, വിശ്രമമുറിയില്ല, ടോയ്‌ലറ്റില്ല- എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ നേരിടുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ആകെ ഇന്ത്യയിലെ സ്ത്രീകളുടെ വര്‍ത്തമാനകാല സാഹചര്യം മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പഠനം നടത്തിയതെന്ന് പ്രോജക്ട് ഡയറക്ടര്‍ മനീഷ കൊത്തേക്കര്‍ പറഞ്ഞു. കശ്മീരിന്റെ അതിര്‍ത്തിജില്ലകളിലെ സ്ത്രീകളെ വരെ പഠനത്തില്‍ പങ്കാളികളാക്കാന്‍ സാധിച്ചുവെന്നും മനീഷ അറിയിച്ചു.

സ്ത്രീകളുടെ ശാരീരികാവസ്ഥയ്‌ക്കൊപ്പം തന്നെ അവരുടെ മാനസികാരോഗ്യത്തേയും അഭിസംബോധന ചെയ്യുന്നതായിരുന്നു പഠനം. കശ്മീരിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ നിന്ന് പഠനത്തില്‍ പങ്കാളികളായ സ്ത്രീകളില്‍ 78 ശതമാനവും കടുത്ത അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടെന്നും പശ്ചിമബംഗാളിലെ 39 ശതമാനം സ്ത്രീകളും വര്‍ഗീയപ്രശ്‌നങ്ങള്‍ മൂലം അരക്ഷിതാവസ്ഥ നേരിടുന്നുവെന്നും പഠനം രേഖപ്പെടുത്തുന്നു.

click me!