ഗര്‍ഭപാത്രമില്ലാത്ത സ്ത്രീകളുടെ നാട്!; കേട്ടാല്‍ നടുങ്ങുന്ന കഥ...

By Web TeamFirst Published Apr 9, 2019, 11:42 PM IST
Highlights

ജന്മനാ ഗര്‍ഭപാത്രമില്ലാതെ ജനിക്കുന്നവരല്ല ഇവര്‍. ജോലിക്ക് വേണ്ടി, ഉപജീവനത്തിന് വേണ്ടി ഗര്‍ഭപാത്രം നീക്കം ചെയ്തവര്‍. മറ്റ് മാര്‍ഗങ്ങളേതും മുന്നിലില്ലാതിരിക്കുമ്പോള്‍ മനസില്ലാമനസോടെ ഈ ക്രൂരതയ്ക്ക് വേണ്ടി സ്വയം പാകപ്പെടുത്തുന്നവര്‍

ഗര്‍ഭപാത്രമില്ലാത്ത സ്ത്രീകളുടെ നാടോ? കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു സംഭവം അല്ലേ? അതെ സത്യമാണ്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ കരിമ്പ് തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളെക്കുറിച്ചാണ് പറയുന്നത്. 

ജന്മനാ ഗര്‍ഭപാത്രമില്ലാതെ ജനിക്കുന്നവരല്ല ഇവര്‍. ജോലിക്ക് വേണ്ടി, ഉപജീവനത്തിന് വേണ്ടി ഗര്‍ഭപാത്രം നീക്കം ചെയ്തവര്‍. മറ്റ് മാര്‍ഗങ്ങളേതും മുന്നിലില്ലാതിരിക്കുമ്പോള്‍ മനസില്ലാമനസോടെ ഈ ക്രൂരതയ്ക്ക് വേണ്ടി സ്വയം പാകപ്പെടുത്തുന്നവര്‍. 

മഹാരാഷ്ട്രയിലെ വരള്‍ച്ചാബാധിത പ്രദേശങ്ങളില്‍ പെടുന്നയിടമാണ് ബീഡ്. കരിമ്പിന്‍ തോട്ടങ്ങളും, അതിനെ ചുറ്റിപ്പറ്റിയുള്ള ജോലികളുമാണ് ഇവിടെ പ്രധാന ഉപജീവനമാര്‍ഗം. 

തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന ഭാര്യയും ഭര്‍ത്താവുമടക്കമുള്ള കുടുംബത്തെ ഒരു 'യൂണിറ്റ്' ആയാണ് കോണ്‍ട്രാക്ടര്‍മാര്‍ കണക്കാക്കുന്നത്. ഇതില്‍ ഭാര്യയും ഭര്‍ത്താവും ചെയ്യുന്ന ജോലിക്ക് കൃത്യമായി കണക്കുണ്ട്. ദിവസം മുഴുവന്‍ ജോലി ചെയ്താലേ ന്യായമായ കൂലിയെങ്കിലും കിട്ടൂ. എന്തെങ്കിലും കുറവുണ്ടായാല്‍ വരുമാനത്തില്‍ വലിയ നഷ്ടമാണ് ഇവര്‍ നേരിടേണ്ടി വരിക. 

അസുഖമായാല്‍ പോലും ഇത്തിരി നേരം വിശ്രമിക്കാനാവില്ല. അങ്ങനെ ഒഴിവുസമയം കണ്ടെത്തിയാല്‍ ഇവര്‍ അതത് കോണ്‍ട്രാക്ടര്‍മാര്‍ക്ക് 500 രൂപ ഫൈന്‍ നല്‍കണം. ഇതിനിടെ സ്ത്രീകളുടെ ആര്‍ത്തവമോ, അതിനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളോ ആര് പരിഗണിക്കുന്നു!

ആര്‍ത്തവമുള്ള സ്ത്രീകളെ തൊഴിലിന് എടുക്കാന്‍ തന്നെ ഇവിടെ കോണ്‍ട്രാക്ടര്‍മാര്‍ തയ്യാറല്ല. ആര്‍ത്തവമുള്ള സ്ത്രീക്കാണെങ്കില്‍ മാസത്തില്‍ ഒന്നോ രണ്ടോ ദിവസത്തെ അവധിയോ, ദിവസത്തിനിടയിലെ വിശ്രമസമയമോ ഒക്കെ വേണ്ടിവരും. ആ നഷ്ടം പേറാന്‍ ആരും തയ്യാറല്ല. 

അതിനാല്‍ വിവാഹം കഴിഞ്ഞ് ഒന്നോ രണ്ടോ കുട്ടിയാകുമ്പോള്‍ തന്നെ ഗര്‍ഭപാത്രം നീക്കം ചെയ്യും. വളരെ ചുരുക്കം സ്ത്രീകളേ ഇവിടെ ഗര്‍ഭപാത്രം നീക്കം ചെയ്യാത്തവരായിട്ടുള്ളൂവെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. ആരും നിര്‍ബന്ധിക്കുന്നതല്ല, അവര്‍ സ്വയം തെരഞ്ഞെടുക്കുന്ന വഴിയാണെന്നാണ് കോണ്‍ട്രാക്ടര്‍മാരുടെ വാദം. എന്നാല്‍ ഇതല്ലാതെ മറ്റെന്താണ് തങ്ങള്‍ക്ക് ചെയ്യാനാവുകയെന്നാണ് ഇവിടെയുള്ള നിര്‍ധനരായ കുടുംബങ്ങളിലെ സ്ത്രീകള്‍ ചോദിക്കുന്നത്. 

ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതോടെ മിക്കവാറും ആര്‍ത്തവപ്രശ്‌നങ്ങള്‍ ഒഴിവാകും. എന്നാല്‍ ഹോര്‍മോണ്‍ ബാലന്‍സില്‍ വരുന്ന കടുത്ത വ്യതിയാനങ്ങള്‍ ഗുരുതരമായ ശാരീരിക- മാനസിക പ്രയാസങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. ഇവിടത്തുകാരെ സംബന്ധിച്ച് ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ അത്രമാത്രം ജീവിതത്തിന്റെ ഭാഗമായി ഇന്ന് മാറിയിരിക്കുന്നു. ഉപജീവനത്തിന് മറ്റെന്തെങ്കിലും ബദല്‍ സാധ്യതകളുമായി സര്‍ക്കാര്‍ ഉള്‍പ്പെടുന്ന അധികാരകേന്ദ്രങ്ങള്‍ മുന്നോട്ടുവന്നെങ്കില്‍ മാത്രമേ ഇനിയെങ്കിലും ഈ ക്രൂരമായ ജീവിതപരിസ്ഥിതിയില്‍ നിന്ന് ഈ നാട് മുക്തമാവൂ.

click me!