
സ്ത്രീകളുമായി ബന്ധപ്പെട്ട് ഇന്നും പ്രസക്തമായി തുടരുന്ന വിഷയങ്ങളെ കുറിച്ച് പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ബിന്ദു രാധാകൃഷ്ണന് ഗ്രാമര്‍ തെറ്റ് പറ്റിയെന്ന് ചൂണ്ടിക്കാട്ടി വലിയ രീതിയിലുള്ള പരിഹാസങ്ങളും വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നതിന് പിന്നാലെ മന്ത്രിക്ക് പിന്തുണയുമായി വലിയൊരു വിഭാഗവും രംഗത്ത്. നിരവധി സ്ത്രീകളാണ് മന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത്.
സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പരിപാടിയില്‍ ഇംഗ്ലീഷിലായിരുന്നു പാനല്‍ ചര്‍ച്ച. അവതാരകയുടെ ഇംഗ്ലീഷിലുള്ള ചോദ്യത്തിന് ഇംഗ്ലീഷില്‍ തന്നെ മറുപടി പറയുന്നതിനിടെ മന്ത്രിക്ക് ഗ്രാമര്‍ തെറ്റ് പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം പേര്‍ ട്രോളുമായി രംഗത്തെത്തിയത്. ചിലര്‍ ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ക്ക് തന്നെയാണ് മുതിര്‍ന്നത്. എന്നാല്‍ പലരുടെയും പരിഹാസം അതിര് കടക്കുന്നതായിരുന്നു.
'Wherever i go, I take my house in my head' എന്ന, മന്ത്രിയുടെ വാചകമാണ് ഏറെയും പരിഹസിക്കപ്പെട്ടത്. സ്ത്രീകള്‍ എവിടെ പോകുമ്പോഴും അവര്‍ക്ക് വീട് തലയില്‍ കൊണ്ടുനടക്കേണ്ട അവസ്ഥയാണെന്ന അര്‍ത്ഥത്തിലാണ് മന്ത്രി സംസാരിച്ചത്. വേദിയിലുണ്ടായിരുന്ന പാനലിന് ഇക്കാര്യം വ്യക്തമാണെന്നത് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയിലൂടെ മനസിലാക്കാൻ സാധിക്കും.
ഇതേ നിരീക്ഷണമാണ് മന്ത്രിക്ക് പിന്തുണ പ്രഖ്യാപിക്കുന്നവരും പങ്കുവയ്ക്കുന്നത്. സംസാരിക്കുമ്പോള്‍ ഗ്രാമര്‍ പ്രശ്നങ്ങളുണ്ടാകുന്നത് ചില സന്ദര്‍ഭങ്ങളില്‍ സംഭവിക്കരുതാത്തത് തന്നെയെങ്കിലും, ഇത്തരമൊരു വേദിയില്‍ സംസാരിക്കുമ്പോള്‍ വിഷയത്തിന്‍റെ പ്രസക്തി, ആശയം- അര്‍ത്ഥം എന്നിങ്ങനെയുള്ള തലങ്ങള്‍ മാത്രം നോക്കിയാല്‍ മതിയെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്ന് മാത്രമല്ല, മന്ത്രി സംസാരിച്ച ഗൗരവമുള്ള വിഷയത്തെ മനസിലാക്കാതെയും അതിനെ അഭിസംബോധന ചെയ്യാതെയും അതിലെ ഗ്രാമര്‍ തെറ്റുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന മനോഭാവം അംഗീകരിക്കാനാകില്ലെന്നും മന്ത്രിക്ക് പിന്തുണ അറിയിക്കുന്നവര്‍ പറയുന്നു.
ഏറെ ആത്മാര്‍ത്ഥമായാണ് തന്‍റെ ആശയങ്ങള്‍ മന്ത്രി അവതരിപ്പിച്ചതെന്നും അതിന് തീര്‍ച്ചയായും കയ്യടിയാണ് അര്‍ഹിക്കുന്നതെന്നും സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പല ആക്ടിവിസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പരസ്യമായി അഭിപ്രായപ്പെടുന്നു.
മന്ത്രി ബിന്ദു സംസാരിക്കുന്ന വീഡിയോ കാണാം...
Also Read:- കുഞ്ഞിനെ പാര്‍ലമെന്‍റിനകത്ത് വച്ച് മുലയൂട്ടി സഭാംഗം; മറ്റ് അംഗങ്ങളുടെ പ്രതികരണം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-