
വിവാഹം കഴിച്ചാൽ മാത്രമേ ജീവിതം പൂർണമാകൂയെന്ന് ചിന്തിക്കുന്ന സ്ത്രീകളല്ല ഇന്നുള്ളത്. ആരുടെയും സഹായമില്ലാതെ തന്റേടത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇന്ന് കൂടുതൽ പെൺകുട്ടികളും. അവിവാഹിതയും, കുട്ടികളില്ലാത്തതുമായ സ്ത്രീകൾ വളരെ സന്തുഷ്ടരാണെന്ന് പഠനം.
അമേരിക്കൻ ടെെം സർവെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. വിവാഹിതരും അമ്മമാരുമായ സ്ത്രീകളെക്കാള്‍ ആരോഗ്യവും ആയുസും ഇവര്‍ക്കാണ് കൂടുതലെന്ന് ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലെ പ്രൊഫസറും 'ഹാപ്പി എവർ ആഫ്റ്റർ' എന്ന പുസ്തകത്തിന്റെ രചയിതാവുമായ പോൾ ഡോൾമാൻ പറയുന്നു.
ഇതില്‍ വിവാഹിതരും, അവിവാഹിതരും, വിവാഹമോചനം നേടിയവരും, പങ്കാളി മരിച്ചുപോയവരും തമ്മിലുള്ള വ്യത്യാസങ്ങള്‍- അവരുടെ സന്തോഷങ്ങള്‍, ദുഖങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിരുന്നു. വിവാഹത്തിന് ശേഷം സന്തോഷത്തിലാണോ എന്ന ചോദ്യത്തിന് വിവാഹിതരായവർ അവരുടെ പങ്കാളിയുടെ സാന്നിധ്യത്തിൽ ഈ ചോദ്യം ചോദിച്ചപ്പോൾ സന്തുഷ്ടരാണെന്ന് മിക്ക സത്രീകളും പറഞ്ഞതെന്ന് ഗവേഷകർ പറയുന്നു.
വിവാഹം ഏറ്റവും കൂടുതൽ പ്രയോജനപ്പെടുന്നത് സ്ത്രീകളെക്കാൾ പുരുഷന്മാരിലാണ്. വിവാഹത്തിന് മുമ്പാണ് മിക്ക സ്ത്രീകളും കൂടുതൽ സന്തോഷമുള്ളവരായിരിക്കുന്നതെന്ന് പോൾ ഡോൾമാൻ പറയുന്നു.
വിവാഹം കഴിഞ്ഞാൽ പുരുഷന്മാരുടെ സ്വഭാവത്തിനാണ് പ്രധാനമായി മാറ്റം വരുന്നതെന്നും പുരുഷന്‍ വിവാഹം കൊണ്ട് ആരോഗ്യപരമായും സാമൂഹികമായും സാമ്പത്തികമായും നേട്ടമുണ്ടാക്കുമ്പോള്‍ സ്ത്രീക്ക് അത്രയും സാധ്യമല്ലെന്നും പോൾ ഡോൾമാൻ പറഞ്ഞു. 75 ശതമാനം സ്ത്രീകളും വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് പഠനത്തിൽ പറയുന്നത്.